image

29 Aug 2022 7:30 AM GMT

Technology

കാർഷിക മേഖലയിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ;കേരളത്തിന് 200 അഗ്രിടെക് സ്റ്റാർട്ടപ്പുകൾ

James Paul

കാർഷിക മേഖലയിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ;കേരളത്തിന് 200 അഗ്രിടെക് സ്റ്റാർട്ടപ്പുകൾ
X

Summary

കൊച്ചി: കേരളത്തിൻറെ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ്. കോവിഡിന് ശേഷം കൃഷി അടിസ്ഥാനമാക്കിയ 200 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിലവിൽ വന്നത്. വരും വർഷങ്ങളിൽ അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ അഗ്രിടെക് കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിൻറെ സ്റ്റാർട്ടപ്പ് രംഗം ഒരു പരിവർത്തനത്തിന് വിധേയമാകുമെന്നാണ് ഐടി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ യുവാക്കൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്ന് കേരളാ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക പറഞ്ഞു. “ലോകമൊട്ടാകെ […]


കൊച്ചി: കേരളത്തിൻറെ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ്. കോവിഡിന് ശേഷം കൃഷി അടിസ്ഥാനമാക്കിയ 200 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിലവിൽ വന്നത്. വരും വർഷങ്ങളിൽ അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കൂടുതൽ അഗ്രിടെക് കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിൻറെ സ്റ്റാർട്ടപ്പ് രംഗം ഒരു പരിവർത്തനത്തിന് വിധേയമാകുമെന്നാണ് ഐടി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ യുവാക്കൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്ന് കേരളാ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക പറഞ്ഞു.

“ലോകമൊട്ടാകെ കോവിഡിന് ശേഷം ഭക്ഷ്യ, കാർഷിക വിപണികളിൽ ഒട്ടേറെ സംരംഭങ്ങൾ പുതിയതായി നിലവിൽ വന്നിട്ടുണ്ട്. കാർഷിക രംഗത്ത് നൂതന സംഭാവനകൾ നൽകിയ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലും ഇതിൻറെ പ്രതിഫലനമുണ്ടായി. സാങ്കേതിക വിഭ്യാഭ്യാസം നേടിയ കേരളത്തിലെ യുവ തലമുറ കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും കൂടുതൽ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. കൃഷിയെ ടെക്നോളജിയുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ അഗ്രിടെക് സംരംഭങ്ങളാണ് കേരളത്തിൽ അടുത്തകാലത്ത് നിലവിൽ വന്നത്. കൃഷിയും ഭക്ഷ്യ മേഖലകളിലെ ഗവേഷണവും അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളും ഇവയിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

നബാർഡിൻറെ പിൻതുണ

കാർഷിക വികസനത്തിൽ അത്യാധുനിക ഉൽപന്നങ്ങളും പരിഹാരങ്ങളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ കാർഷിക മേഖലയിൽ ഉറപ്പാക്കാൻ അഗ്രിടെക് സ്റ്റാർട്ടപ്പുകളും കർഷകരും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്‌യുഎം) നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റും (നബാർഡ്) ഇത്തരം സംരംഭങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി പ്രത്യക പദ്ധതികൾ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അനൂപ് പി അംബിക പറഞ്ഞു.

കേരളാ സ്റ്റാർട്ടപ്പ് മിഷനിലെ ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ഇൻകുബേഷൻ ഹെഡ് അശോക് കുര്യൻ പറയുന്നത് വിവിധ സംഘടനകൾ ഈ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും നിരവധി പ്രോഗ്രാമുകൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.

“അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് ഞങ്ങൾ ഒരു സപ്പോർട്ട് സിസ്റ്റം നൽകും. അടുത്തിടെ നിരവധി നിക്ഷേപകരുടെ പങ്കാളിത്തത്തോടെ ഞങ്ങൾ നബാർഡുമായി ചേർന്ന് ഒരു ഡെമോ ഡേ ഇവന്റ് നടത്തി. ഇതിന് മികച്ച പ്രതികരണം ലഭിച്ചു, കൂടാതെ നിരവധി സ്റ്റാർട്ടപ്പുകൾക്ക് ഇതിൻറെ പ്രയോജനം ലഭിച്ചു. സ്റ്റാർട്ടപ്പുകളിൽ ഐടിയും അനുബന്ധ സേവനങ്ങളും മാത്രമല്ല മറ്റു വ്യവസായങ്ങളും ഉൾപ്പെടുന്നു. അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു അഗ്രോ ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട് ”അദ്ദേഹം പറഞ്ഞു.

അഗ്രിടെക്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിച്ചതിനാൽ അഗ്രിടെക് ബിസിനസുകളിൽ ഗണ്യമായ നിക്ഷേപം ഉണ്ടായി. ഉൽപ്പാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുന്നതിനായി കാർഷിക മേഖലയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുക എന്ന ആശയത്തെയാണ് അഗ്രിടെക് സൂചിപ്പിക്കുന്നത്. കാർഷിക ഉൽപാദന പ്രക്രീയയിൽ ഉൾപ്പെടുന്ന സംരംഭങ്ങളും സമ്പ്രദായങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ ആശയത്തിൽ ഉൾപ്പെടുന്നു. അഗ്രിടെക്കിന് ഇന്ത്യൻ കാർഷിക മേഖലയെ നവീകരിക്കാനും ഈ മേഖലയിലെ നിരവധി പ്രശ്‌നങ്ങൾ പരിഹരം കാണാനുമുള്ള കഴിവുണ്ട്.

ഭക്ഷ്യ മേഖല വളർച്ചയുടെ ഘട്ടത്തിലാണ്. അതിനാൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ നിരവധി നിക്ഷേപകർ മുമ്പോട്ട് വരുന്നുണ്ടെന്നും അനൂപ് പി അംബിക പറഞ്ഞു.

സംസ്ഥാനത്തെ ഭൂരിഭാഗം അഗ്രിടെക് സ്റ്റാർട്ടപ്പുകളും വിപണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇ-കൊമേഴ്‌സ് ബിസിനസുകൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന ജൈവ പച്ചക്കറികളും പഴങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നുമുണ്ട്.