ഭൂരിപക്ഷവാദം ഇന്ത്യയെ തകര്‍ക്കും: രഘുറാം രാജന്‍

മുംബൈ: ഇന്ത്യയുടെ ഭാവിയ്ക്ക് ഭൂരിപക്ഷവാദം അത്യന്തം അപകടകരമാണെന്ന് സാമ്പത്തിക വിദഗ്ധനും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായ രഘുറാം രാജന്‍. ഭൂരിപക്ഷവാദത്തെ ഓരോ ഘട്ടത്തിലും ചെറുക്കണമെന്നും, വിമര്‍ശനങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കേണ്ടത് അതിനു കാരണമായ പ്രതിസന്ധികൾ പരിഹരിച്ചു കൊണ്ടാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "നമ്മുടെ ഭൂരിപക്ഷവാദം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അവയെല്ലാം ഇന്ത്യയ്ക്ക് പ്രതികൂലമാണ്. എല്ലാ സാമ്പത്തിക തത്വങ്ങള്‍ക്കും എതിരാണ്," രാജന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സമഗ്രമായ വളര്‍ച്ച ആവശ്യമാണ്. ജനസംഖ്യയിലെ ഏതെങ്കിലും വിഭാഗത്തെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിലൂടെ രാജ്യത്തിന് എല്ലാവരെയും […]

Update: 2022-05-15 01:11 GMT

മുംബൈ: ഇന്ത്യയുടെ ഭാവിയ്ക്ക് ഭൂരിപക്ഷവാദം അത്യന്തം അപകടകരമാണെന്ന് സാമ്പത്തിക വിദഗ്ധനും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായ രഘുറാം രാജന്‍. ഭൂരിപക്ഷവാദത്തെ ഓരോ ഘട്ടത്തിലും ചെറുക്കണമെന്നും, വിമര്‍ശനങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കേണ്ടത് അതിനു കാരണമായ പ്രതിസന്ധികൾ പരിഹരിച്ചു കൊണ്ടാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"നമ്മുടെ ഭൂരിപക്ഷവാദം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അവയെല്ലാം ഇന്ത്യയ്ക്ക് പ്രതികൂലമാണ്. എല്ലാ സാമ്പത്തിക തത്വങ്ങള്‍ക്കും എതിരാണ്," രാജന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സമഗ്രമായ വളര്‍ച്ച ആവശ്യമാണ്. ജനസംഖ്യയിലെ ഏതെങ്കിലും വിഭാഗത്തെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിലൂടെ രാജ്യത്തിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കൈവരിക്കാനാകില്ല, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

"ഭൂരിപക്ഷവാദം രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണ്. രാജ്യം അഭിമുഖീകരിക്കുന്ന ബാഹ്യ ഭീഷണികള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍," രാജന്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയ്ക്ക് ഇപ്പോള്‍ ശക്തമായ വളര്‍ച്ചയുണ്ടെന്നും എന്നാല്‍ വളര്‍ച്ചാ കണക്കുകളില്‍ രാജ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ പ്രൊഫസറാണ് രഘുറാം രാജന്‍.

"ഏതു വളര്‍ച്ചയും തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മോശം സാഹചര്യങ്ങളില്‍ നിന്നാണ് ഇപ്പോൾ ശക്തമായ വളര്‍ച്ചയുണ്ടായതെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ ഇന്ത്യ മോശം പ്രകടനമാണ് കാണിക്കുന്നത്," അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കയറ്റുമതി മികച്ചതായിരുന്നെങ്കിലും ഗംഭീരമെന്ന് പറയാനാകില്ലെന്നാണ് അദ്ദേഹത്തില്‍റെ പക്ഷം. ഇന്ത്യയിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്യങ്ങള്‍ വിശദമായി പഠിക്കുന്ന ഒരു സര്‍ക്കാരാണ് നമുക്കാവശ്യം. തൊഴിലില്ലായ്മയെ കുറിച്ചുള്ള കണക്കുകളായാലും, കോവിഡ് മരണങ്ങളെ കുറിച്ചുള്ള കണക്കുകളായാലും വിവരങ്ങൾ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. അവ പുറത്തുവിടാനും, അവയിൽ നിന്നു പഠിക്കാനും സര്‍ക്കാർ തയ്യാറാകണം, രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News