കേരളത്തിലെ അതിദാരിദ്ര്യം മാറിയോ?
കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയോ? ചില ചോദ്യങ്ങൾ
കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി എന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. സംസ്ഥാനത്ത് നിന്ന് 2025-ഓടെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയ്ക്ക് കീഴൽ കണ്ടെത്തിയ കുടുംബങ്ങൾ ദാരിദ്ര്യമുക്തി നേടി എന്നതായിരുന്നു അവകാശ വാദം. അതി ദരിദ്രരില്ലാത്ത കേരളം എന്ന പ്രത്യേക പദ്ധതിക്ക് കീഴിൽ 2021 ജൂലൈയിൽതന്നെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവെ ആരംഭിച്ചതായി സർക്കാർ പറയുന്നു. വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് അതിദരിദ്രരായ 64,006 കുടുംബങ്ങളെ കണ്ടെത്തുകയും അവർക്ക് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാന മാർഗം എന്നിവ ലഭ്യമാക്കി അതിദാര്യദ്ര്യത്തിൽ നിന്ന് മുക്തരാക്കി എന്നുമാണ് സർക്കാർ പറയുന്നത്.. .
എങ്കിലും, ഈ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, ചില നിർണ്ണായക ചോദ്യങ്ങൾ ഉയരുന്നുണ്ട്.സർവേയിലൂടെ കണ്ടെത്തിയ 64,006- കുടുംബങ്ങൾ മാത്രമേ കേരളത്തിൽ അതിദരിദ്രരായി ഉള്ളോ ? അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നത് പ്രതിപക്ഷം ആരോപിക്കുന്നത് പോലെ അപ്രായോഗികമായ ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണോ? പദ്ധതിയുടെ നിർവഹണം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ?
ദാരിദ്ര നിർമ്മാർജനം എന്നത് ഏതൊരു ഗവൺമെൻറിൻറെയും ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കപ്പുറം കേരളം ഇനിയും ഇക്കാര്യത്തിൽ ഒട്ടേറെ ദൂരം മുമ്പോട്ട് പോകാനുണ്ട്. ഫണ്ട് വിനിയോഗത്തിലെ സുതാര്യത, അതിദാരിദ്ര്യത്തിൻ്റെ മാനദണ്ഡങ്ങൾ, മറ്റ് ക്ഷേമ പദ്ധതികളുമായുള്ള ഏകോപനം എന്നിവയിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുകയും സുതാര്യത വരികയും വേണം.
പദ്ധതി വെറും 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' ആണോ അതോ ചരിത്രപരമായ ഒരു സാമൂഹിക മുന്നേറ്റം ആയി മാറുമോ എന്നത് ഇനി വരുന്ന മാസങ്ങളിലെ സർക്കാരിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. അതിദരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഒരു ഒറ്റത്തവണ പ്രഖ്യാപനമല്ല, മറിച്ച് കുടുംബങ്ങൾക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന നിരന്തരമായ പ്രക്രിയയായി മാറണം.
എന്താണ് 'അതിദരിദ്ര്യമില്ലാത്ത കേരളം' പദ്ധതി?
കേരളത്തിൽ അതി ദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി, അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം, ഭക്ഷണം, ആരോഗ്യം, പാർപ്പിടം എന്നിവ ഉറപ്പാക്കി, 2025-ഓടെ സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഈ ലക്ഷ്യം നേടിയതിലൂടെ, കേരളം 'അതിദാരിദ്ര്യമില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറി എന്നാണ് സർക്കാരിൻ്റെ വാദം. അതിദാരിദ്ര്യം നിർണയിക്കാൻ സർക്കാർ മാനദണ്ഡമാക്കിയത് നാല് ഘടകങ്ങളാണ്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങൾ.
ഇവയിൽ ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങൾ തീരെ ഇല്ലാത്തവരെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കൃത്യമായി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സംസ്ഥാനവ്യാപകമായി സർവേകൾ നടത്തി. ഇങ്ങനെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് 64,000-ൽ അധികം കുടുംബങ്ങളെ കണ്ടെത്തിയത്.
അതിദാര്യദ്ര്യ മാനദണ്ഡങ്ങൾ സുതാര്യമാണോ?
എന്നാൽ അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ ഈ സർവേയുടെ വിശ്വാസ്യത പ്രതിപക്ഷം ഉൾപ്പെടെ ചോദ്യം ചെയ്യുമ്പോൾ ചില വസ്തുതകൾ കാണാതാകാനാകില്ല.. സർക്കാർ കണ്ടെത്തിയ 64,000 കുടുംബങ്ങളേക്കാൾ കൂടുതൽ അതിദരിദ്രർ കേരളത്തിലുണ്ട് എന്ന പ്രതിപക്ഷം ആരോപണം നിരസിക്കാൻ സർക്കാരിനാകുമോ?. 'അതിദാരിദ്ര്യ' മാനദണ്ഡങ്ങൾ (ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം) ഇവയുടെ അളവുകോൽ ശാസ്ത്രീയമാണോ? യഥാർത്ഥത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗത്തെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ഈ മാനദണ്ഡങ്ങൾക്ക് നിശ്ചയിച്ചിരുന്ന അളവുകോൽ കാരണമായോ?. അതിദരിദ്രരെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട, പദ്ധതിക്കായി സർക്കാർ വകയിരുത്തുന്ന ഫണ്ടും ചർച്ചയാകുന്നുണ്ട്.. ഈ തുക കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനോ വീട് വെച്ച് നൽകാനോ കഴിയില്ലെന്നതാണ് മറ്റൊരു വിമർശനം.
അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയായിരിക്കെ, പ്രധാനമായും കുടുംബശ്രീയെ മാത്രം ഇതിനായി ആശ്രയിക്കുന്നത് പദ്ധതിയുടെ സമഗ്രതയെ ബാധിക്കുമെന്ന നിരീക്ഷണങ്ങളും തള്ളിക്കളയാനാകില്ലല്ലോ? പദ്ധതിയുടെ ലക്ഷ്യത്തെ പൊതുവായി എതിർക്കുന്നതിന് പകരം, അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിൻ്റെ കണക്കുകളിലും, നടപ്പാക്കലിലെ സുതാര്യതയിലും, സാമ്പത്തിക കാര്യക്ഷമതയിലും ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു.
