ചേർക്കുന്നത് ഡിറ്റർജൻ്റും വാഷിങ് സോഡയും വരെ; പനീർ 'വിഷം'

പനീർ നിർമാണത്തിനായി രാസവസ്തുക്കളും കൃത്രിമ പദാർത്ഥങ്ങളും. ശ്രദ്ധിക്കണം ചില പ്രധാന കാര്യങ്ങൾ

Update: 2025-10-14 03:07 GMT

ചേർക്കുന്നത് ഡിറ്റർജൻ്റും വാഷിങ് സോഡയും വരെ. വിപണിയിൽ വിലസുകയാണ് പനീറിലെ വ്യാജൻമാർ. ദീപാവലിക്ക് മുന്നോടിയായി നോയിഡയിൽ മാത്രം പിടിച്ചെടുത്തത് 500 കിലോഗ്രാം വ്യാജ പനീറാണ് . ഡൽഹി, എൻസിആർ മേഖലയിൽ വിറ്റഴിക്കാനായി തയ്യാറാക്കിയ ഒരു കമ്പനിയുടെ പനീർ ആണിതെന്ന് ഓർക്കണം.

ഹരിയാനയിലെ ജംഗി മിൽക്ക് പ്ലാന്റിലാണ് വ്യാജ പനീർ തയ്യാറാക്കിയത്. വിവിധ ഇടങ്ങളിൽ വിപണനത്തിനായി വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. വാഹനം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ തടഞ്ഞു. ദുർഗന്ധമുണ്ടായിരുന്ന പനീർ സാമ്പിൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചതോടെ റെയിഡ് നടത്തി കൂടുതൽ വ്യാജ ഉൽപ്പന്നം പിടിച്ചെടുത്തു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസ വസ്തുക്കൾ ഉപയോഗിച്ചുള്ള പനീർ നിർമാണം രാജ്യത്ത് വ്യാപകമാണ്.

വാഷിങ് സോഡയും ഡിറ്റർജൻ്റും?

സ്റ്റാർച്ചും വനസ്പതിയും പാം ഓയിലുമൊക്കെ, കൃതൃമമായി നിർമിക്കുന്ന പാൽക്കട്ടികളിൽ കൂട്ടിക്കലർത്തി നിർമിച്ചെടുക്കുന്ന പനീർ ആരോഗ്യത്തിന് ഹാനികരമാണ്. മാർദവത്തിനും മിനുസത്തിനുമൊക്കെയായി ഡിറ്റർജന്റും, വാഷിംഗ് സോഡയും പോലുള്ള മിശ്രിതങ്ങൾ പോലും കൃത്രിമ പനീർ നിർമ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

യഥാർത്ഥ പനീറിന്റെ നിറവും ഘടനയും കിട്ടാനും ക്രീമിയായി തോന്നിക്കാനുമൊക്കെയാണ് ഈ ചേരുവകൾ ഉപയോഗിക്കുന്നത്. പക്ഷേ പാലിന്റെ പോഷക ഗുണങ്ങൾ ഒന്നും ഇല്ലെന്നു മാത്രമല്ല ഇവചേർത്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ കാൻസർ സാധ്യത ഉൾപ്പെടെയുള്ള  ആരോഗ്യ പ്രശ്നങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും.

യഥാർത്ഥ പനീർ എങ്ങനെ തിരിച്ചറിയും?

പാൽ ഉൽപ്പന്നമായതിനാൽ പനീറിനും പാലിൻ്റെ നനുത്ത ഗന്ധമായിരിക്കും. രൂക്ഷ ഗന്ധമോ ദുർഗന്ധമോ ഉണ്ടാകില്ല. വെള്ള അല്ലെങ്കിൽ ഓഫ് വൈറ്റ് നിറത്തിലായിരിക്കും പനീർ. മഞ്ഞ നിറവും രൂക്ഷ ഗന്ധവുമൊക്കെയുള്ള പനീറാണെങ്കിൽ വ്യാജനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാനാകും.

യഥാർത്ഥ പനീർ മൃദുവായിരിക്കും. കയ്യിൽ ഒട്ടിപ്പിടിക്കില്ല. കയ്യിൽ ഒട്ടിപ്പിടിക്കുന്നതും കട്ടിയുള്ളതുമായ പനീർ വ്യാജനാകാം. അംഗീകൃത കമ്പനികളിൽ നിന്നും പാൽ നിർമാതാക്കളിൽ നിന്നുമൊക്കെ മാത്രം പനീർ ഉൽപ്പന്നങ്ങൾ വാങ്ങുകയാണ്  സുരക്ഷിതം. തെരുവുകളിൽ നിന്നുൾപ്പെടെ പനീർ വിഭവങ്ങൾ വാങ്ങി കഴിക്കുമ്പോൾ എപ്പോഴും ശ്രദ്ധ വേണം. 

Tags:    

Similar News