2023ല്‍ തൊഴില്‍ രഹിതര്‍ പെരുകുമെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട്, ഷെയര്‍ചാറ്റും ആളെ കുറയ്ക്കും

  • നിലവില്‍ ജോലിയില്‍ തുടരുന്നവരുടെ വേതനത്തെ പണപ്പെരുപ്പം സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Update: 2023-01-17 07:40 GMT

2023ല്‍ ആഗോളതലത്തില്‍ തൊഴില്‍ മേഖലയിലെ വളര്‍ച്ച കുറയുമെന്ന് യൂണൈറ്റഡ് നേഷന്‍സിന് കീഴിലുള്ള ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. ഈ വര്‍ഷം ലോകത്ത് തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷം വര്‍ധിച്ച് 20.8 കോടിയായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് തൊഴില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുക.

നിലവില്‍ ജോലിയില്‍ തുടരുന്നവരുടെ വേതനത്തെ പണപ്പെരുപ്പം സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും മിക്ക രാജ്യങ്ങളും ഒരുവിധം കരകയറിവരികയാണെങ്കിലും പണപ്പെരുപ്പം പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നതിനെ ബാധിക്കും. ചൈനയില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ശക്തമാക്കുകയാണ്. മിക്ക രാജ്യങ്ങളിലും മാസ്‌ക് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം തൊഴില്‍ മേഖലയിലെ വളര്‍ച്ച ഒരു ശതമാനമായി കുറയുമെന്നാണ് ഐഎല്‍ഒയുടെ പ്രവചനം. ആദ്യം ഇത് 1.5 ശതമാനമായിരിക്കുമെന്നാണ് ഐഎല്‍ഒ അറിയിച്ചിരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ പുതിയ ജീവനക്കാരെ എടുക്കുന്നത് നിറുത്തിവെക്കുകയും, അധികമായുള്ള ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തതോടെയാണ് ഐഎല്‍ഒയും തൊഴില്‍ മേഖലയിലെ വളര്‍ച്ച ഇനിയും കുറയുമെന്ന നിഗമനത്തിലെത്തിയത്.

കൂട്ടപ്പിരിച്ചുവിടലിന് 'ഷെയര്‍ ചാറ്റും', തൊഴില്‍രഹിതര്‍ പെരുകും

കണ്‍സ്യുമന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ പെരുകുന്നുവെന്ന് ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബെംഗലൂരു ആസ്ഥാനമായ മൊഹല്ലാ ടെക്ക് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഷെയര്‍ചാറ്റില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. ബെംഗലൂരുവില്‍ തന്നെയുള്ള പഴം, പച്ചക്കറി എന്നിവയുള്‍പ്പടെ വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡന്‍സോയും 60 മുതല്‍ 80 ജീവനക്കാരെ വരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലൗഡ് കിച്ചണ്‍ സ്ഥാനമായ റിബല്‍ ഫുഡ്‌സും ആളെ കുറയ്ക്കുകയാണ്. 

Tags:    

Similar News