കൊവിഡ് ആഘാതത്തില്‍ നിന്ന് പറന്നുയര്‍ന്ന് സിയാല്‍, ലാഭം 37.68 കോടി

തിരുവനന്തപുരം: കോവിഡ്-19 വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍).

Update: 2022-08-30 00:52 GMT
തിരുവനന്തപുരം: കോവിഡ്-19 വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപയുടെ നഷ്ടം നേരിട്ടതിന് ശേഷം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 37.68 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 2022 സെപ്റ്റംബര്‍ 26ന് സിയാലിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നടത്താന്‍ തീരുമാനിച്ചു.
പ്രതിവര്‍ഷം 10 ദശലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാലിന് കോവിഡ് സമയത്ത് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ ഇടിവുണ്ടായി. കോവിഡ് കുറയാന്‍ തുടങ്ങിയതോടെ കണക്റ്റിവിറ്റിയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി മാനേജ്‌മെന്റ് പുതിയ പ്രവര്‍ത്തന തന്ത്രങ്ങളും സാമ്പത്തിക പുനഃക്രമീകരണവും നടപ്പാക്കി. തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 24.7 ലക്ഷത്തില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 47.59 ലക്ഷമായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 418.69 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി കമ്പനി അറിയിച്ചു. കമ്പനി 217.34 കോടി രൂപ പ്രവര്‍ത്തന ലാഭവും 26.13 കോടി രൂപയുടെ അറ്റാദായവും രേഖപ്പെടുത്തി.
കൂടാതെ സിയാലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡിന്റെ (സിഡിആര്‍എസ്എല്‍) വിറ്റുവരവ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 52.32 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 150.59 കോടി രൂപയായി ഉയര്‍ന്നും. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ഡയറക്ടര്‍മാരായ ഇ കെ ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എം എ യൂസഫലി, എന്‍ വി ജോര്‍ജ്, ഇ എം ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ്ജ് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
Tags:    

Similar News