ബോബ് വേള്‍ഡ് വഴി ഏജന്റുമാര്‍ തട്ടിയത് 22 ലക്ഷം; തട്ടിപ്പുകള്‍ വരുന്ന വഴികള്‍

  • 362 ഉപഭോക്താക്കളില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്.
  • ബാങ്ക് മാനേജര്‍മാരില്‍ നിന്നും ജീവനക്കാര്‍ക്ക് വ്യാജ രേഖകള്‍ ഉണ്ടാക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

Update: 2023-10-19 15:33 GMT

ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറച്ചു ദിവസമായി സജീവമാണ്. ബാങ്കിന്റെ ഏജന്റുമാര്‍ ബോബ് വേള്‍ഡ് ആപ്ലിക്കേഷനില്‍ ഉപഭോക്താക്കളുടെ ഫോണ്‍ മ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ഏജന്റുമാരുടെ ഫോണ്‍ നമ്പര്‍ നല്‍കി 362 ഉപഭോക്താക്കളില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ എന്നറിയപ്പെടുന്നവരാണ് ഈ ഏജന്റുമാര്‍

തട്ടിപ്പ് പുറത്തു വന്നതിനെത്തുടര്‍ന്ന് രാജ്യവായാപകമായി ഓഡിറ്റ് നടത്തുകയാണ് ബാങ്ക് ഓഫ് ബറോഡ. ഏകദേശം 42,2000 അക്കൗണ്ടുകളുടെ രേഖകള്‍ സംശയത്തിന്റെ പേരില്‍ പരിശോധിച്ചു. ഒക്ടോബര്‍ 10 നാണ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ബോബ് വേള്‍ഡില്‍ പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്നതിന് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയത്.

ഉപഭോക്താവിന്റേതിനു പകരം ഏജന്റുമാരുടെ നമ്പര്‍

ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ ബോബ് വേള്‍ഡ് ആപ്പുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ അപേക്ഷകളും ഫോണ്‍ നമ്പറുകളും തെരയാന്‍ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കു പകരം ഗ്രാമീണ മേഖലയിലെ ബാങ്കിന്റെ ഫ്രീലാന്‍സിംഗ് ഏജന്റുമാരുടേതോ, ബിസിനസ് കറസ്‌പോണ്ടന്റുമാരുടെയോ, അപരിചിതരുടെയോ വിവരങ്ങളാണ് ലഭിച്ചത്.

ചില അക്കൗണ്ടുകളില്‍ അനിധികൃത മൊബൈല്‍ നമ്പര്‍ നല്‍കുകയും പിന്നീടത് ബാക്കെന്‍ഡില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലതില്‍ അപേക്ഷ ഫോമില്‍ ഒരു നമ്പറും അക്കാൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് മറ്റൊരു നമ്പറുമാണെന്നും കണ്ടെത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡികള്‍ക്കായുള്ള പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.

ഇതിനിടയില്‍ തട്ടിപ്പ് മറച്ചുവെയക്കാന്‍ ബാങ്ക് മാനേജര്‍മാരില്‍ നിന്നും ജീവനക്കാര്‍ക്ക് വ്യാജ രേഖകള്‍ ഉണ്ടാക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ബോബ് വേള്‍ഡ് ആപ്പ് വിവാദവുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡ പതിനൊന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ (എജിഎം) ഉള്‍പ്പെടെ 60 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഡോദര റീജിയണില്‍ ഉള്‍പ്പെടുന്നവരാണ് സസ്‌പെന്‍ഡ് ചെയ്തവരില്‍ ഭൂരിഭാഗവും. സസ്‌പെന്‍ഡ് ചെയതവര്‍ക്ക് ശമ്പളത്തിന്റെ പകുതിയെ ലഭിക്കവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ബാബ് വേള്‍ഡ് ആപ്ലിക്കേഷനിലെ പിഴവുകള്‍ തിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആര്‍ബിഐക്ക് ബാങ്ക് സമര്‍പ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇന്റര്‍നെറ്റ്ബാങ്കിംഗ് തട്ടിപ്പ് തടയാന്‍ ബാങ്ക് ഓഫ് ബറോഡയുടെ ഉപദേശങ്ങള്‍

ബാങ്കുകളിലെ ഇടപാടുകള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് എല്ലാ ബാങ്കുകളും ലഭ്യമാക്കുന്നത്. എന്നാല്‍ ഇടപാടുകള്‍ ലളിതമാക്കുന്നതുപോലെ അത്ര ലളിതമല്ല ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ സൂക്ഷിക്കുക എന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഓരോ ദിവസവും പുതിയ പുതിയ രീതികളിലൂടെയാണ് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കുന്നത്. പ്രധാനപ്പെട്ട ബാങ്കിംഗ് തട്ടിപ്പുകള്‍ ഏതൊക്കെയാണെന്ന് ബാങ്ക് ബറോഡ അവരുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. അതിനൊപ്പം തട്ടിപ്പുകള്‍ക്കെതിരെ എങ്ങനെ ജാഗ്രത പുലര്‍ത്താമെന്നും വ്യക്തമാക്കുന്നുണ്ട്.

ഐഡന്റിറ്റി മോഷണം

ഉപഭോക്താക്കളുടെ യൂസര്‍ നെയിം, പാസ്‌വേര്‍ഡ് തുടങ്ങിയ സ്വാകര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതാണ് ഐഡന്റിറ്റി മോഷണം.

മോശം സോഫ്റ്റ് വേറുകള്‍

മലീഷ്യസ് സോഫ്റ്റ് വേറുകള്‍ അഥവാ മാല്‍വേറുകള്‍ എന്നറിയപ്പെടുന്ന ഇത്തരം സോഫ്റ്റ് വേറുകള്‍ ഫോണിലോ, കംപ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ കടന്നു കൂടുകയോ ചെയ്താല്‍ അവ ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ മോഷ്ടിക്കും.

ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വ്യക്തിഗത നേട്ടത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കുന്ന രീതിയാണിത്. ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവയൊക്കെ ഇങ്ങനെ മോഷ്ടിക്കപ്പെടാം.

വ്യാജ ഇമെയില്‍ - ഫിഷിംഗ്

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളുടെ വ്യാജ ഇ-മെയില്‍ അഡ്രസുകളില്‍ നിന്നും മെയിലുകള്‍ അയച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് ഫിഷിംഗ്. യൂസര്‍ നെയിം, പാസ് വേഡ് തുടങ്ങിയ വിവരങ്ങള്‍ ഇങ്ങനെ മോഷ്ടിക്കാറുണ്ട്.

ഇ-ട്രാന്‍സ്ഫര്‍ ഇന്റര്‍സെപ്ഷന്‍ തട്ടിപ്പ്

ഉപഭോക്താക്കള്‍ എന്തെങ്കിലും ഇന്റര്‍നെറ്റ് ട്രാന്‍സ്ഫറുകള്‍ നടത്തുമ്പോള്‍ തട്ടിപ്പ് നടത്തുന്നവര്‍ ഇടപാടിനെ അവരുടെ അക്കൗണ്ടിലേക്ക് വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. ഇതിനായി മാല്‍വേര്‍, സോഷ്യല്‍ എഞ്ചിനീയറിംഗ്, ഹാക്കിംഗ് തുടങ്ങിയ രീതികള്‍ ഉപയോഗിക്കാറുണ്ട്.

വിഷിംഗ്

ധനാകര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്ന വ്യാജേന ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് സ്വാകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്ന രീതിയാണിത്.

അക്കൗണ്ട് തുറക്കല്‍ (ആപ്ലിക്കേഷന്‍ തട്ടിപ്പ്)

തട്ടിപ്പ് നടത്തുന്നവര്‍ നേരത്തെ കൈക്കലാക്കിയ വ്യക്തിഗത വിവരങ്ങള്‍ ഉയോഗിച്ച് ഉപഭോക്താവിന്റെ പേരില്‍ അവരുടെ സമ്മതമില്ലാതെ അക്കൗണ്ട് തുറക്കുന്നു. ഇത്തരം അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍, മോഷ്ടിച്ച പണം കൈമാറ്റം എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

സിം സ്വാപ്

ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ അവരുടെ സിംലേക്ക് മാറ്റും. ഇത് ഉപഭോക്താവിന്റെ സിം സേവനദാതാവിനെ കബളിപ്പിച്ചാണ് സ്വന്തമാക്കുന്നത്. ഫോണ്‍ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ നടപടികള്‍ക്കായുള്ള ഒടിപി എന്നിവ തട്ടിപ്പ് നടത്തുന്നവരുടെ ഫോണിലേക്ക് എത്തും. അതുവഴി എളുപ്പത്തില്‍ പണം മോഷ്ടിക്കാം.

ഓട്ടോമാറ്റിക് ട്രാന്‍സ്ഫര്‍ സിസ്റ്റം

അതിവേഗം പരിഹരിച്ചില്ലെങ്കില്‍ കാലക്രമേണ സാമ്പത്തിക നഷ്ടം വര്‍ധിപ്പിക്കുന്ന ഗുരുതരമായ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പാണ് എടിഎസ്. ഇവിടെ, തട്ടിപ്പുകാര്‍ അക്കൗണ്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍ സ്ഥാപിക്കുന്നു. ഈ ഓട്ടോമാറ്റിക് കൈമാറ്റങ്ങള്‍ കൃത്യമായ ഇടവേളകളില്‍ യാന്ത്രികമായി സംഭവിക്കാം.

വ്യാജ അപ്ലിക്കേഷനുകള്‍

ഔദ്യോഗിക ബാങ്കിംഗ് ആപ്ലിക്കേഷനുകളെ അനുകരിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതു വഴി വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാരുടെ പക്കലെത്തുകയും അവര്‍ അക്കൗണ്ടില്‍ നിന്നും പണം മോഷ്ടക്കുകയും ചെയ്യും.

തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷ നേടാം

ലളിതമായ പാസ് വേഡുകള്‍ക്കു പകരം ശക്തമായ പാസ് വേഡുകള്‍ നല്‍കാം. ജനന തീയ്യതി, പേര് തുടങ്ങിയ ഊഹിച്ചെടുക്കാന്‍ പറ്റുന്ന പാസ് വേഡുകള്‍ നല്‍കാതിരിക്കാം.

ഒടിപി, വിരലടയാളം തുടങ്ങിയ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ നല്‍കി മാത്രം ഇടപാടുകള്‍ നടത്താം. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചുള്ള ഇമെയിലുകള്‍, ലിങ്കുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കുന്നതിനു മുമ്പ് അതത് ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമാണോയെന്ന് ഉറപ്പാക്കാം.

ആപ്ലിക്കേഷനുകള്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാം. ഇടയ്ക്കിടയ്ക്ക് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ മാറ്റാം. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്താതിരിക്കാം. കൃത്യമായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഇടപാടുകള്‍ നിരീക്ഷിക്കാം.

Tags:    

Similar News