വില്‍പ്പനയിലെ ഉത്സവകാല പോരാട്ടം; ഒരുങ്ങി ആമസോണും ഫ്‌ലിപ്കാര്‍ട്ടും

വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന പ്രതീക്ഷിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍

Update: 2025-09-22 05:27 GMT

വാര്‍ഷിക ഉത്സവ വില്‍പ്പന പോരാട്ടത്തിന് ഒരുങ്ങി ആമസോണും ഫ്‌ലിപ്കാര്‍ട്ടും. ഇരു കമ്പനികളും തത്സമയം വില്‍പ്പന പ്രകടനം തന്ത്രങ്ങള്‍ മെനയുന്നതിനും നിരീക്ഷിക്കുന്നതിനുമായി വാര്‍ റൂമുകള്‍ വിന്യസിച്ചുകഴിഞ്ഞു. വില്‍പ്പന കാലയളവിലുടനീളം ജീവനക്കാരെ സജീവമാക്കാനും സഹകരണത്തോടെ നിലനിര്‍ത്താനും കമ്പനികള്‍ ഭക്ഷണം, ലഘുഭക്ഷണങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ബീന്‍ ബാഗുകള്‍ എന്നിവ വരെ സജ്ജീകരിച്ചിട്ടുണ്ട്.

ഈ ഉത്സവ സീസണില്‍ രാജ്യത്ത് ഇ-കൊമേഴ്‌സ് കമ്പനികള്‍ 12 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.7 ബില്യണ്‍ ഡോളറായിരുന്നു. അതായത് വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.

വെബ്സൈറ്റ് ട്രാഫിക്, വില്‍പ്പന പ്രകടനം, ഉപഭോക്തൃ വികാരം, സിസ്റ്റം ഹെല്‍ത്ത് എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകള്‍ കമ്പനികള്‍ ട്രാക്കുചെയ്യും. ഇതിനായി ആമസോണ്‍ ഇരുപതിലധികം വാര്‍റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 10 ആയിരുന്നു.

ജീവനക്കാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്‌ലിപ്കാര്‍ട്ടിന്റെ വാര്‍ റൂമില്‍ തത്സമയ സംഗീത പരിപാടികള്‍,ഗെയിമുകള്‍, വെല്‍നസ് സെഷനുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം ആമസോണിന്റെ ജീവനക്കാര്‍ക്ക് ഫോട്ടോ ബൂത്തുകളും വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും ആസ്വദിക്കാനാകും.

ഉപഭോക്തൃ അനുഭവവും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ച് വിപണിയുടെ നല്ലൊരു ഭാഗം നേടാനാണ് ആമസോണും ഫ്‌ലിപ്കാര്‍ട്ടും തയ്യാറെടുക്കുന്നത്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രൈം അംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 22 അര്‍ദ്ധരാത്രി ആരംഭിക്കും. ജനറല്‍ സെയില്‍ സെപ്റ്റംബര്‍ 23 നും തുടങ്ങും. ഫ്‌ലിപ്കാര്‍ട്ടും ഇതേസമയം തന്നെ ഉത്സവ വില്‍പ്പന ആരംഭിക്കും. മീഷോയില്‍ വില്‍പ്പന ആരംഭിച്ചു. 28വരെ നീണ്ടുനില്‍ക്കും. 

Tags:    

Similar News