സാധാരണ യുപിഐ ഇടപാടുകള്‍ക്കും ഫീസ് വന്നേക്കും, 0.3% ആയിരിക്കാമെന്ന് പഠനം
- നിലവില്‍ സാധാരണ യുപിഐ പേയ്‌മെന്റുകള്‍ക്ക് ഫീസ് ഈടാക്കുന്നില്ല.
മുംബൈ: യുപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ക്കകം പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് ബോംബേ ഐഐടി. എല്ലാ യുപിഐ ഇടപാടുകള്‍ക്കും 0.3 ശതമാനം നിര്‍വ്വഹണ ഫീസ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇതുവഴി യുപിഐയുമായ ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചറിന് ധനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുവഴി 2023-24 സാമ്പത്തികവര്‍ഷം 5,000 കോടി രൂപയുടെ വരുമാനം നേടാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.
പ്രീപേയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ഉപയോഗിച്ച് നടത്തുന്ന യുപിഐ ഇടപാടു തുകയുടെ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ചാര്‍ജ്ജായി അടയ്ക്കേണ്ടി വരുമെന്ന് ഏതാനും ദിവസം മുന്‍പ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത്തരത്തില്‍ ചാര്‍ജ്ജ് അടയ്ക്കേണ്ടി വരിക.
ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ മര്‍ച്ചെന്റ് ഇടപാടുകളിലാകും ഇത്തരത്തില്‍ ചാര്‍ജ്ജ് ഈടാക്കുക എന്ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറിലുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. വ്യാപാരികളുമായി നടത്തുന്ന പര്‍ച്ചേസ് ഇടപാടുകള്‍ക്കാകും ഇന്‍ര്‍ചേഞ്ച് ചാര്‍ജ്ജ് ബാധകമാവുക. തുക വ്യാപാരിയില്‍ നിന്നുമാകും ഈടാക്കുക. എന്നാല്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇടപാടിന് ിനിലവില്‍ ചാര്‍ജ്ജ് ഈടാക്കില്ല.
സ്മാര്‍ട്ട് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍ (ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ളവ) , സ്ട്രൈപ്പ് കാര്‍ഡുകള്‍, പേപ്പര്‍ വൗച്ചറുകള്‍ മുതലായവയൊക്കെ പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്.
2,000 രൂപയില്‍ കൂടുതല്‍ ഇടപാട് മൂല്യം ലോഡുചെയ്യുന്നതിന് പിപിഐ ഇഷ്യൂ ചെയ്യുന്ന കമ്പനി ഇടപാടു നടത്തുന്ന ബാങ്കിന് വാലറ്റ് ലോഡിംഗ് സേവന ചാര്‍ജായി 15 ബിപിഎസ് തുക നല്‍കേണ്ടിവരും.
