ചെലവ് കൂടി, കച്ചവടം കുറഞ്ഞു; ഫിന്‍ടെക്കുകളില്‍ 'ഫയറിംഗ്' തുടരും

  • യൂണിക്കോണ്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഫിന്‍ടെക്ക് കമ്പനികളും ഇത്തരത്തില്‍ പിരിച്ചുവിടല്‍ ശക്തമാക്കുന്നുവെന്നാണ് വിവരം.

Update: 2023-02-15 06:22 GMT

പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളായ ഫിന്‍ടെക്ക് കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചെലവ് വര്‍ധിച്ചതാണ് പിരിച്ചുവിടല്‍ ശക്തമാക്കുന്നതിനുള്ള കാരണം. ഇതില്‍ ഓണ്‍ലൈന്‍ വായ്പാ വിതരണ കമ്പനികളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യൂണിക്കോണ്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഫിന്‍ടെക്ക് കമ്പനികളും ഇത്തരത്തില്‍ പിരിച്ചുവിടല്‍ ശക്തമാക്കുന്നുവെന്നാണ് വിവരം. കോവിഡ് വ്യാപന സമയത്ത് ക്യാഷ്‌ലെസ് പേയ്‌മെന്റുകള്‍ വര്‍ധിച്ച അവസരത്തിലാണ് ഫിന്‍ടെക്ക് കമ്പനികള്‍ക്ക് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുവാന്‍ സാധിച്ചത്.

പിന്നാലെ ഒട്ടേറെ തുകയുടെ ഫണ്ടിംഗും ഫിന്‍ടെക്ക് കമ്പനികളിലേക്ക് എത്തി. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന അവസരത്തില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള ആഗോള പ്രതിസന്ധികള്‍ ഫിന്‍ടെക്ക് കമ്പനികള്‍ക്കുള്‍പ്പടെ തിരിച്ചടിയായി.

ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ മിക്ക ഫിന്‍ടെക്ക് കമ്പനികളും ഫയറിംഗ് നടപടികള്‍ ശക്തമാക്കി വരികയാണ്. ബ്ലെന്‍ഡ് ലാബ്‌സ്, പ്ലെയ്ഡ് ഇന്‍കോര്‍പ്പറേറ്റഡ്, പേപാല്‍, സ്ട്രിപ്പ്, കൈം ഉള്‍പ്പടെ ആഗോളതലത്തില്‍ ഖ്യാതി നേടിയ കമ്പനികളുള്‍പ്പടെ 12 മുതല്‍ 28 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ആഗോളതലത്തില്‍ മെറ്റ മുതല്‍ സൂം കോര്‍പ്പറേഷന്‍ വരെയുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്തിടെയാണ് ഇന്ത്യയില്‍ ബാക്കിയുണ്ടായിരുന്ന ജീവനക്കാരെ കൂടി പിരിച്ചുവിടുകയാണെന്ന് ബൈറ്റ്ഡാന്‍സിന് കീഴിലുള്ള പ്ലാറ്റ്‌ഫോമായ ബൈറ്റ്ഡാന്‍സ് അറിയിച്ചത്.

Tags:    

Similar News