എന്‍ട്രി പ്ലാനുകള്‍ നിര്‍ത്തലാക്കി ജിയോ; ഇനി ചാര്‍ജിംഗ് 299 രൂപ മുതല്‍
ആറ് മാസത്തിനുള്ളില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് വര്‍ദ്ധനവ് പ്രഖ്യാപിക്കും
ടെലികോം ഭീമനായ റിലയന്‍സ് ജിയോ 22 ദിവസത്തേക്ക് 209 രൂപയ്ക്കും 28 ദിവസത്തേക്ക് 249 രൂപയ്ക്കും പ്രതിദിനം 1 ജിബി ഡാറ്റ നല്‍കുന്ന എന്‍ട്രി ലെവല്‍ പ്ലാന്‍ നിര്‍ത്തലാക്കി.
ജിയോ വരിക്കാര്‍ക്ക് ഇനി 299 രൂപയുടെ അടുത്ത പ്ലാനിലേക്ക് മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ പദ്ധതി 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബിയാണ് വാഗ്ദാനം ചെയ്യുന്നത്. നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇപ്പോള്‍ ഫിസിക്കല്‍ പോയിന്റുകളില്‍ മാത്രമേ ലഭ്യമാകൂ എന്നും അതിനായി ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ ചെയ്യാന്‍ കഴിയില്ലെന്നും റിലയന്‍സ് ജിയോ പറയുന്നു.
എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും അടിസ്ഥാന പ്രതിമാസ പ്ലാനുകള്‍ 299 രൂപയിലാണ് ആരംഭിക്കുന്നത്. പക്ഷേ പ്രതിദിനം 1 ജിബി മാത്രമേ നല്‍കുന്നുള്ളൂ. ഈ നീക്കത്തിന് ശേഷം, സ്വകാര്യ ടെലികോം മേഖലയുടെ പുതിയ അടിസ്ഥാന പ്ലാന്‍ 299 രൂപയാണ്.
അടുത്ത ആറ് മാസത്തിനുള്ളില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പുതിയ താരിഫ് വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്ന് കരുതുന്ന സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടായത്.
2025 ഒക്ടോബറിനും 2026 ജനുവരിക്കും ഇടയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വര്‍ധനവ് 2024 ല്‍ കണ്ട വര്‍ദ്ധനവിനേക്കാള്‍ കുറവായിരിക്കാനാണ് സാധ്യത.
2024 ലെ അവസാനത്തെ പ്രധാന നിരക്കുവര്‍ദ്ധനവില്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ ഏകദേശം 19-21% താരിഫ് വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ പറയുന്നു. ഇത് ചില ഉപയോക്താക്കളെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചിരുന്നു.
റിലയന്‍സ് ജിയോ അതിന്റെ അടുത്ത പരിഷ്‌കരണത്തിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുന്‍കാല വരുമാന പ്രഖ്യാപനങ്ങളില്‍, നിലവിലുള്ള 5ജി നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിന് താരിഫ് തിരുത്തലുകള്‍ ആവശ്യമാണെന്ന് കമ്പനി വാദിച്ചിരുന്നു.
