ഹോം ടെക്‌സ്‌റ്റൈല്‍; രണ്ട് ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ അനിശ്ചിതത്വത്തില്‍
- വ്യാപാരയുദ്ധവും താരിഫും ഹോം ടെക്‌സ്‌റ്റൈല്‍ മേഖലക്ക് വെല്ലുവിളി
- ഹോം ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ 60 ശതമാനവും യുഎസിലേക്ക്
ഇന്ത്യയില്‍നിന്നുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ ഹോം ടെക്‌സ്‌റ്റൈല്‍ ഓര്‍ഡറുകള്‍ വ്യാപാര യുദ്ധം കാരണം അനിശ്ചിതത്വത്തിലായതായി റിപ്പോര്‍ട്ട്. ഹോം ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. വീടുകളുടെ ഫര്‍ണിഷിങ്ങിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന ഹോം ടെക്‌സ്‌റ്റൈല്‍സും മേഡ്-അപ്പുകളും ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിടുന്ന വിഭാഗമാണ്.
ബെഡ് ലിനന്‍, ടവലുകള്‍, ടേബിള്‍ മാറ്റുകള്‍, ഏപ്രണുകള്‍, നാപ്കിനുകള്‍, കര്‍ട്ടനുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. 10 ബില്യണ്‍ ഡോളറിന്റെ ഗാര്‍ഹിക തുണിത്തരങ്ങളും മേഡ്-അപ്പുകളുമാണ് രാജ്യം കയറ്റുമതി ചെയ്യുന്നത്. അതില്‍ കുറഞ്ഞത് 60 ശതമാനമെങ്കിലും (6 ബില്യണ്‍) അമേരിക്കയിലേക്കാണ് പോകുന്നതെന്നതിനാല്‍ ഗാര്‍ഹിക തുണിത്തരങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്.
മറുവശത്ത്, വസ്ത്ര വിഭാഗമാകട്ടെ ഏകദേശം 28 ശതമാനവും (4 ബില്യണ്‍) യുഎസിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, ചര്‍ച്ചകള്‍ക്കിടയിലും താരിഫുകള്‍ ഇന്ത്യയെ എതിരാളികളേക്കാള്‍ മികച്ച സ്ഥാനത്ത് നിര്‍ത്തുന്നുവെന്ന് നിരവധി ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ ഉപദേഷ്ടാവായ ഗുരുദാസ് അരസ് പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്ക് ഈ അവസരം മുതലെടുക്കാന്‍ കഴിയുമോ എന്നതാണ് തര്‍ക്കവിഷയമായ ചോദ്യം.
2030 ആകുമ്പോഴേക്കും ഇന്ത്യയുടെ തുണി വ്യവസായം 350 ബില്യണ്‍ ഡോളറായി വളരുമെന്നും ഇത് 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതിനാല്‍ താരതമ്യേന ഉയര്‍ന്ന സാധ്യത ഇന്ത്യക്കുതന്നെയാണ്. വിയറ്റ്‌നാം 46 ശതമാനവും ബംഗ്ലാദേശ് 37 ശതമാനവും കംബോഡിയ 49 ശതമാനവും പാകിസ്ഥാന്‍ 29 ശതമാനവും താരിഫ് നേരിടുന്നു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈനയുടെ മേലുള്ള താരിഫ് ടെക്‌സ്‌റ്റൈല്‍ വിഭാഗത്തില്‍ 54 ശതമാനം മുതല്‍ 245 ശതമാനം വരെയാകാം.
താരിഫ് പ്രതിസന്ധി മൂലം കയറ്റുമതിക്കാര്‍ മറ്റുവിപണികള്‍ തേടിയുള്ള യാത്രയിലുമാണ്. വിപണി വൈവിധ്യവല്‍ക്കരിക്കേണ്ട ആവശ്യം അവര്‍ തിരിച്ചറിഞ്ഞു. റഷ്യയിലേക്കും മറ്റും ഇന്ത്യന്‍ തുണിത്തരങ്ങള്‍ ഇപ്പോള്‍ വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്.
