സ്വർണ നിക്ഷേപം എങ്ങനെ ലാഭകരമാക്കാം?

  • ഉയർന്ന പണിക്കൂലിയും ടാക്സുമെല്ലാം സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
  • സ്വർണ വില ഉയർന്നതോടെ സ്വര്‍ണ ഇടിഎഫുകൾക്ക് ഡിമാൻഡ് കൂടുകയാണ്

Update: 2025-04-21 10:11 GMT

പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ഉണ്ടാകുമ്പോൾ സ്വർണത്തിൻ്റെ മൂല്യം വർധിക്കുന്നു. ഓഹരികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് ആസ്തികളെ അപേക്ഷിച്ച് സ്വർണം കൂടുതൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ, നിക്ഷേപകരുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അതേസമയം, സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ട ഉയർന്ന പണിക്കൂലിയും ടാക്സുമെല്ലാം സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് ഗോൾഡ് ഇടിഎഫുകളും, ഗോൾഡ് ബോണ്ടുകളും, ഒക്കെ ജനങ്ങളുടെ നിക്ഷേപങ്ങളിൽ സ്ഥാനം പിടിച്ചത്. സ്വർണ വില ഉയർന്നതോടെ ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം വർധിക്കുകയാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 ൽ ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ബോണ്ട് ഉടമകൾക്ക് വലിയ ലാഭം നേടിക്കൊടുത്തു. എന്നാൽ സ്വർണ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും, നിക്ഷേപകർക്ക് നൽകിയ നികുതി ഇളവുകളും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആകർഷകമായ പദ്ധതിയായിരുന്നു സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. ഇതിലൂടെ സർക്കാർ സമാഹരിച്ചത് ഏകദേശം 72,000 കോടി രൂപയാണ്. എന്നാൽ, കഴിഞ്ഞ 9 വർഷത്തിനിടയിൽ സ്വർണ വിലയിൽ വലിയ വർദ്ധനവുണ്ടായി. ഈ സ്വർണ വില വർദ്ധനവ് സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയത്.

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 32,000 കോടി രൂപയുടെ നഷ്ടമാണ് സ്വർണ വിലയിലെ വർദ്ധനവ് മൂലം സർക്കാരിന് സംഭവിച്ചത്. കൂടാതെ, ബോണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേലുള്ള മൂലധന നേട്ട നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ, ബോണ്ട് ഉടമകൾക്ക് നൽകിയ പലിശയും ചേർത്താൽ, ഈ പദ്ധതി കാരണം സർക്കാരിനുണ്ടായ മൊത്തം സാമ്പത്തിക ബാധ്യത ഏകദേശം 38,700 കോടി രൂപയാണ്. 2024 ഫെബ്രുവരി മാസത്തിലാണ് അവസാനമായി സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. പിന്നീട് ഈ പദ്ധതി സർക്കാർ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സ്വർണ വില ഉയർന്നതോടെ സ്വര്‍ണ ഇടിഎഫുകൾക്ക് ഡിമാൻഡ് കൂടുകയാണ്. ഓഹരികൾ എങ്ങനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്നുവോ അതുപോലെ ഗോൾഡ് ഇടിഎഫുകളും വാങ്ങാനും വിൽക്കാനും സാധിക്കും. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് മറ്റ് അധിക ഫീസുകൾ ഈടാക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഫിസിക്കൽ സ്വർണം വാങ്ങാതെ തന്നെ സ്വർണ വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് ലാഭം നേടാനാകും. നിലവിൽ എസ്ബിഐ ഗോൾഡ് ഇടിഎഫ്, ആക്സിസ് ഗോൾഡ് ഇടിഎഫ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ഗോൾഡ് ഇടിഎഫ് തുടങ്ങി 17 ഓളം സ്വർണ ഇടിഎഫുകൾ നമ്മുടെ രാജ്യത്തുണ്ട്.

ഏകദേശം 75 രൂപ മുതൽ ഗോൾഡ് ഇ ടി എഫ് യൂണിറ്റുകൾ ലഭ്യമാണ്. ഓഹരികൾ പോലെ തന്നെ ഇവ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും. സ്വർണ വിലയിലെ വർദ്ധനവിൻ്റെ ഗുണം നേടാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഗോൾഡ് ഇടിഎഫുകൾ ഏകദേശം 29 ശതമാനം വരെ ശരാശരി നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.

സ്വർണം കേവലം ഒരു അലങ്കാര വസ്തു മാത്രമല്ല, രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെയും നിക്ഷേപകരുടെ ആശ്രയത്തിൻ്റെയും പ്രതീകം കൂടിയാണ് . സ്വർണ്ണ വിപണിയിൽ ഇന്ന് കാണുന്ന മാറ്റങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് എന്തൊക്കെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

Tags:    

Similar News