അനുകൂല ഘടകങ്ങളേറെ; വിപണിയിലെ മുന്നേറ്റം തുടര്‍ന്നേക്കാം

മാര്‍ച്ചിലെ ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ഇന്ന് വിപണിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളും ഈ മുന്നേറ്റത്തിന് ശക്തിപകരാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വിപണിയുടെ മൂഡ് താരതമ്യേന ഉത്സാഹഭരിതമായിരുന്നു. കാരണം അമേരിക്കന്‍ ബോണ്ട് യീല്‍ഡുകളിലുണ്ടായ കുറവും, ഡബ്ല്യുടിഐ ക്രൂഡ് വിലയിലുണ്ടായ താഴ്ച്ചയും വിപണിക്ക് അനൂകൂലമായിരുന്നു. എന്നിരുന്നാലും, വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. നിഫ്റ്റിയിലെ ബുള്ളുകള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വരുമോയെന്ന ആകാംക്ഷയിലാണ്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പരിസമാപ്തിയും നിര്‍ണ്ണായകമാണ്. വരുന്ന ആഴ്ചയില്‍ പല ഐടി കമ്പനികളും […]

Update: 2022-03-30 21:32 GMT

മാര്‍ച്ചിലെ ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ഇന്ന് വിപണിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളും ഈ മുന്നേറ്റത്തിന് ശക്തിപകരാം.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വിപണിയുടെ മൂഡ് താരതമ്യേന ഉത്സാഹഭരിതമായിരുന്നു. കാരണം അമേരിക്കന്‍ ബോണ്ട് യീല്‍ഡുകളിലുണ്ടായ കുറവും, ഡബ്ല്യുടിഐ ക്രൂഡ് വിലയിലുണ്ടായ താഴ്ച്ചയും വിപണിക്ക് അനൂകൂലമായിരുന്നു. എന്നിരുന്നാലും, വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. നിഫ്റ്റിയിലെ ബുള്ളുകള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വരുമോയെന്ന ആകാംക്ഷയിലാണ്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പരിസമാപ്തിയും നിര്‍ണ്ണായകമാണ്.

വരുന്ന ആഴ്ചയില്‍ പല ഐടി കമ്പനികളും അവരുടെ നാലാം പാദ ഫലങ്ങള്‍ പുറത്തു വിട്ടേക്കാം. അതിനെത്തുടര്‍ന്ന് വിപണിയില്‍ മുന്നേറ്റം സംഭവിക്കാം.

നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത് 17670 എന്ന പ്രതിരോധ നിലയെ ചുറ്റിപ്പറ്റിയാണ്. വിപണിയുടെ ഹ്രസ്വകാല ഘടകങ്ങള്‍ ഏറെക്കുറേ പോസിറ്റീവാണ്. ഈ നിലയ്ക്ക് മുകളില്‍ പോയാല്‍ മാത്രമേ വിപണിയുടെ മുന്നേറ്റം ഉറപ്പായി എന്നുപറയാനാവുകയുള്ളു. ചില എന്‍ബിഎഫ്‌സി, എഫ്എംസിജി ഓഹരികളില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. എന്നാല്‍ കമോഡിറ്റീസ് ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് വിധേയമാണ്.

ബുധനാഴ്ച അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.19 ശതമാനം, എസ്ആന്‍ഡ്പി 500 0.63 ശതമാനം, നാസ്ഡാക്ക് 1.21 ശതമാനം ഇടിഞ്ഞു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നുരാവിലെ (7.40 am) 203 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,357.47 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 1,216 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം

കൊട്ടക്ക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "ബുള്ളുകള്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകള്‍ അവസാനിക്കുന്നതിന് മുന്നോടിയായി വിപണിയില്‍ തിരിച്ചെത്തി. ഇത് സെന്‍സെക്‌സിനെ നിര്‍ണ്ണായകമായ 58000 ന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു. ഇപ്പോള്‍ വിപണി സുപ്രധാന പ്രതിരോധ നിലയ്ക്ക് ചുറ്റുമായാണ് വ്യാപാരം നടത്തുന്നത്. കൂടാതെ, ഒരു ചെറിയ ഹാമ്മര്‍ കാന്‍ഡില്‍സ്റ്റിക്ക് ഫോര്‍മേഷന്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 17400 ന് മുകളിലേക്ക് പോയാല്‍, 17600-17645 വരെ ഒരു ബ്രേക്കൗട്ട് സാധ്യത നിലനില്‍ക്കുന്നു. മറിച്ചായാല്‍, 17400 നു താഴെ, സൂചിക 17350-17265 വരെ ചെന്നെത്താം."

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ലോംഗ് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍ - എസ്ആര്‍എഫ്, നവീന്‍ ഫ്‌ളൂറെയ്ന്‍ ഇന്റര്‍നാഷണല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍ - ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍, വിപ്രോ, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ലുപിന്‍.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,765 രൂപ (മാര്‍ച്ച് 30)
ഒരു ഡോളറിന് 75.66 രൂപ (മാര്‍ച്ച് 30)
ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളര്‍ (മാര്‍ച്ച് 31, 7.54 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 36,16,623 രൂപ (മാര്‍ച്ച് 31, 7.55 am, വസീര്‍എക്‌സ്)

Tags:    

Similar News