ശ്രീലങ്കന്‍ പ്രതിസന്ധി, കേരഫെഡ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ യൂറോപ്പും
കൊച്ചി : ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തേയില ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ തേയിലയില്‍ മാത്രമല്ല വെളിച്ചെണ്ണ കയറ്റുമതിയിലും സമാനമായ പ്രതിഫലനം ഉണ്ടാകുകയാണെന്ന് വ്യക്തമാക്കുകയാണ് കേരഫെഡ് അധികൃതര്‍. യൂറോപ്പില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വെളിച്ചെണ്ണ കയറ്റുമതി സംബന്ധിച്ച് എന്‍ക്വയറികള്‍ വന്നുവെന്നും അധികൃതര്‍ അറിയിച്ചു. വേള്‍ഡ് ഇന്റഗ്രേറ്റഡ് ട്രേഡ് സൊലൂഷ്യന്‍സ് 2019 റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നാളികേര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ശ്രീലങ്ക. 2021ല്‍ […]
കൊച്ചി : ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തേയില ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ തേയിലയില്‍ മാത്രമല്ല വെളിച്ചെണ്ണ കയറ്റുമതിയിലും സമാനമായ പ്രതിഫലനം ഉണ്ടാകുകയാണെന്ന് വ്യക്തമാക്കുകയാണ് കേരഫെഡ് അധികൃതര്‍. യൂറോപ്പില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വെളിച്ചെണ്ണ കയറ്റുമതി സംബന്ധിച്ച് എന്‍ക്വയറികള്‍ വന്നുവെന്നും അധികൃതര്‍ അറിയിച്ചു. വേള്‍ഡ് ഇന്റഗ്രേറ്റഡ് ട്രേഡ് സൊലൂഷ്യന്‍സ് 2019 റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നാളികേര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ശ്രീലങ്ക.
2021ല്‍ മാത്രം രാജ്യത്തെ നാളികേര ഉത്പന്ന വിപണിയുടെ ആകെ മൂല്യം 836.1 മില്യണ്‍ ഡോളറായി ഉയര്‍ന്നു (ശ്രീലങ്കന്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം).മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് മികച്ച വളര്‍ച്ചയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ നാളികേര മേഖലയും ഞെരുക്കത്തിലായി. ഗതാഗത സംവിധാനം സ്തംഭിക്കുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തതോടെ ഭൂരിഭാഗം നാളികേര സംസ്‌കരണ കമ്പനികളും താഴിടേണ്ട അവസ്ഥയിലേക്ക് നീങ്ങി.
ഇതോടെ ശ്രീലങ്കയില്‍ നിന്നും വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള നാളികേര ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങള്‍ ഇന്ത്യന്‍ നാളികേര ഉത്പന്ന വിപണിയെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഈ നീക്കം കേരളത്തിലെ നാളികേര കര്‍ഷക സഹകരണ ഫെഡറേഷനായ കേരഫെഡിന്റെ വ്യാപരത്തിനും ഗുണകരമാകും.
ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത് കേരഫെഡാണ്. പ്രതിമാസം 1000 ടണ്‍ വെളിച്ചെണ്ണ വില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് കേരഫെഡ് അധികൃതര്‍ പറയുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണി കൂടി കണക്കാക്കിയാല്‍ 16,000 ടണ്‍ ഉത്പന്നങ്ങളാണ് പ്രതിവര്‍ഷം കേരഫെഡ് വില്‍ക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തണമെങ്കില്‍ ഉത്പാദനം ഇനിയും വര്‍ധിപ്പിക്കേണ്ടി വരും. ആഭ്യന്തര മാര്‍ക്കറ്റില്‍ തന്നെ വെളിച്ചെണ്ണയുടെ ആവശ്യകത ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ഉത്പാദനം വര്‍ധിപ്പിച്ചാലും അത് പര്യാപ്തമാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കരുനാഗപ്പള്ളിയിലുള്ള നിര്‍മ്മാണ യൂണിറ്റിലെ ഉത്പാദനം പ്രതിദിനം 90 ടണ്ണില്‍ നിന്നും 250 ടണ്ണായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കേരഫെഡ്. എന്നാല്‍ ഉത്പാദനം ഉയര്‍ത്തിയാലും ഉത്പന്നങ്ങളുടെ പായ്ക്കിംഗിന് ആവശ്യമായ പോളിമര്‍ കവറുകളുടെ വില വര്‍ധനവ് കേരഫെഡിന് പ്രതിസന്ധിയിലാക്കുന്നുണ്ട്.
വെളിച്ചെണ്ണ മാത്രം പോര
വെളിച്ചെണ്ണ ഉത്പാദനത്തിലാണ് കേരഫെഡ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആവശ്യമുണ്ടെന്ന് വിദേശ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചിരകിയ തേങ്ങ, തേങ്ങാ പാല്‍ പൊടി എന്നിവ വേണമെന്ന് മലേഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക.
മാത്രമല്ല ബേബി കെയര്‍ ഓയില്‍, പായ്ക്ക് ചെയ്ത കരിക്കിന്‍ വെള്ളം, നാളികേരത്തില്‍ നിന്നുള്ള മധുര പലഹാരങ്ങള്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങളും ശ്രീലങ്ക കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും താരതമ്യേന കയറ്റുമതി കുറവാണ്. 2017 മുതലുള്ള നാലു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പ്രവര്‍ത്തന ലാഭം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം 13 കോടിയായെന്നും ആകെ വിറ്റുവരവ് 314 കോടിയായി ഉയര്‍ന്നെന്നും കേരഫെഡ് അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഇറക്കി അടുത്ത അഞ്ച് വര്‍ഷത്തിനകം 1000 കോടിയുടെ വിറ്റുവരവുണ്ടാക്കാനാണ് കേരഫെഡ് ലക്ഷ്യമിടുന്നത്. കൊപ്രയുടെ വില വര്‍ധനവിന് പിന്നാലെ 2016 മുതല്‍ ഗള്‍ഫിലേക്കുള്ള കയറ്റുമതി കേരഫെഡ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഉത്പാദനം വര്‍ധിപ്പിച്ച് കയറ്റുമതി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കേരഫെഡ്.
