വമ്പൻ കമ്പനി ഫലങ്ങൾ ഈ ആഴ്‌ച വിപണിയെ നയിക്കും

ഡെൽഹി: ത്രൈമാസ വരുമാന സീസണും ആഗോള ഘടകങ്ങളും ഈയാഴ്ച ഓഹരി വിപണിയെ നയിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൂടാതെ, രൂപയുടെ വിനിമയ നിരക്കിലെ ചലനങ്ങളും അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന്റെ വിലയും വ്യാപാരത്തെ സ്വാധീനിക്കാൻ ഇടയുണ്ട്. "രണ്ടാം പാദ വരുമാനത്തിൽ നിന്നും ആഗോള സൂചകങ്ങളിൽ നിന്നും മാർക്കറ്റ് ദിശ തേടും. ഈ ആഴ്ച നിരവധി സാമ്പത്തിക-സിമന്റ് കമ്പനികൾ അവരുടെ ഫലങ്ങൾ പുറത്തുവിടുന്നുണ്ട്. ആഗോള വിപണികൾ തികച്ചും അസ്ഥിരമാണ്, ഇത് നമ്മുടെ വിപണിയിലും ചാഞ്ചാട്ടത്തിന് കാരണമാകും", സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ […]

Update: 2022-10-16 08:12 GMT

ഡെൽഹി: ത്രൈമാസ വരുമാന സീസണും ആഗോള ഘടകങ്ങളും ഈയാഴ്ച ഓഹരി വിപണിയെ നയിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

കൂടാതെ, രൂപയുടെ വിനിമയ നിരക്കിലെ ചലനങ്ങളും അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന്റെ വിലയും വ്യാപാരത്തെ സ്വാധീനിക്കാൻ ഇടയുണ്ട്.

"രണ്ടാം പാദ വരുമാനത്തിൽ നിന്നും ആഗോള സൂചകങ്ങളിൽ നിന്നും മാർക്കറ്റ് ദിശ തേടും. ഈ ആഴ്ച നിരവധി സാമ്പത്തിക-സിമന്റ് കമ്പനികൾ അവരുടെ ഫലങ്ങൾ പുറത്തുവിടുന്നുണ്ട്. ആഗോള വിപണികൾ തികച്ചും അസ്ഥിരമാണ്, ഇത് നമ്മുടെ വിപണിയിലും ചാഞ്ചാട്ടത്തിന് കാരണമാകും", സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.

ആഗോള ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, യുഎസിൽ നിന്നും ചൈനയിൽ നിന്നുമുള്ള മാക്രോ നമ്പറുകൾ പ്രധാനമാണ്, മീണ തുടർന്നു.

യുഎസ് ബോണ്ട് വരുമാനം, ഡോളർ സൂചിക, ക്രൂഡ് ഓയിൽ എന്നിവയുടെ ചലനം ശ്രദ്ധിക്കേണ്ട മറ്റ് ആഗോള ഘടകങ്ങളായിരിക്കും, മീണ കൂട്ടിച്ചേർത്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പന നിലവാരവും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒക്ടോബർ 3-14 കാലയളവിൽ എഫ്പിഐകൾ ഓഹരികളിൽ നിന്ന് പിൻവലിച്ചത് 7,458 കോടി രൂപയാണ്; ഡെറ്റ് മാർക്കറ്റിൽ നിന്നാകട്ടെ 2,079 കോടി രൂപ പിൻവലിച്ചിട്ടുണ്ട്.

"കമ്പനി ഫലങ്ങളും ആഗോള സൂചകങ്ങളും ഈ ആഴ്‌ചയിലെ പ്രവണത നിർണ്ണയിക്കും. തിങ്കളാഴ്ച ആദ്യഘട്ട വ്യാപാരത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ലാഭക്കണക്കിനോടാവും നിക്ഷേപകരുടെ പ്രതികരണം", റെലിഗെർ ബ്രോക്കിങ് വൈസ് പ്രസിഡന്റ അജിത് മിശ്ര പറഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച അതിന്റെ ഏകീകൃത അറ്റാദായത്തിൽ 22.30 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

എസിസി, അൾട്രാടെക് സിമൻറ്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങി പ്രമുഖ കമ്പനികളുടെ ഫലങ്ങൾ ഈയാഴ്ച്ച പുറത്തു വരുന്നുണ്ട്.

സാംകോ സെക്യൂരിറ്റീസ് മാർക്കറ്റ് പെർസ്പെക്റ്റീവ് മേധാവി അപൂർവ ഷെത്തിന്റെ അഭിപ്രായത്തിൽ "കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ ഈയാഴ്ച ഒരു പ്രധാന ഘടകമാണ്. ഭാവിയിലെ വരുമാന വളർച്ചാ പാതയെക്കുറിച്ചുള്ള മാനേജ്മെന്റ് കമന്ററി കേൾക്കാൻ ഡി-സ്ട്രീറ്റിന് താൽപ്പര്യമുണ്ടാകും."

സ്വസ്തിക ഇൻവെസ്റ്റ്മാർട്ടിലെ മീണയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യൻ ഇക്വിറ്റി വിപണികൾ ഒരു പരിധിയിൽ തുടരുകയാണ്.

കഴിഞ്ഞയാഴ്ച സെൻസെക്‌സ് 271.32 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 128.95 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞു.

വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ നേട്ടം കൈവരിച്ചപ്പോൾ അമേരിക്കൻ മാർക്കറ്റ് താഴ്ചയിലാണ് അവസാനിച്ചത്. അതുപോലെ, സിങ്കപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി മാത്രം നേരിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ ബാക്കി എല്ലാ ഏഷ്യൻ വിപണികളും ചുവപ്പിൽ തന്നെ നിന്നു.

Tags:    

Similar News