പത്ത് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആധാര്‍ പുതുക്കണം, നിയമം പരിഷ്‌കരിച്ചു

Update: 2022-11-11 06:48 GMT

aadhaar enrollment law 



ഡെല്‍ഹി: എന്റോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ആധാര്‍ ഉടമകള്‍ 'ഒരിക്കലെങ്കിലും' അനുബന്ധ രേഖകള്‍ പുതുക്കണമെന്ന് സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയില്‍ (സിഐഡിആര്‍) ആധാറുമായി ബന്ധപ്പെട്ട വിവരങ്ങളുടെ 'തുടര്‍ച്ചയായ കൃത്യത' ഉറപ്പാക്കാന്‍ തിരിച്ചറിയല്‍ രേഖകളുടെയും, വിലാസം തെളിയിക്കുന്ന രേഖകളുടെയും പുതുക്കല്‍ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. ആധാര്‍ (എന്റോള്‍മെന്റ്, അപ്‌ഡേറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതാണ് പുതിയ വിജ്ഞാപനം.

ആധാര്‍ നമ്പര്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കഴിഞ്ഞ മാസം, ആധാര്‍ ലഭിച്ചിട്ട് 10 വര്‍ഷത്തിലേറെയായിട്ടും, പുതുക്കിയിട്ടില്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകളും, വിലാസം തെളിയിക്കുന്ന രേഖകളും പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അതനുസരിച്ച്, ആധാര്‍ ഉടമകള്‍ക്ക് യുഐഡിഎഐയുടെ സൈറ്റില്‍ 'അപ്‌ഡേറ്റ് ഡോക്യുമെന്റ്' എന്ന പുതിയ ഫീച്ചറും വികസിപ്പിച്ചെടുത്തിരുന്നു. മൈ ആധാര്‍ ( myAadhaar) പോര്‍ട്ടല്‍ വഴി ഈ ഫീച്ചര്‍ ഓണ്‍ലൈനായി ലഭ്യമാകും. കൂടാതെ മൈ ആധാര്‍ ആപ്പ് അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലെ സൗകര്യവും പ്രയോജനപ്പെടുത്താം. ഇതുവരെ 134 കോടി പേര്‍ക്ക് ആധാര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വിവിധ തരത്തിലുള്ള 16 കോടിയോളം അപ്‌ഡേറ്റുകള്‍ നടന്നിരുന്നു. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തുവരോട് ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവനയില്‍ യുഐഡിഎഐ പറഞ്ഞിരുന്നു. ആയിരത്തിലധികം സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും, ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും, വ്യാജ അപേക്ഷകള്‍ കടന്നു കൂടില്ലെന്ന് ഉറപ്പാക്കുന്നതിനും ആധാറാണ് ഉപയോഗിക്കുന്നത്.


Tags:    

Similar News