5 ദിവസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 400 രൂപയിലധികം; കിടിലനാണ് ഈ കമ്പനി

  • ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തിലധികം നേട്ടം
  • ഏറ്റവും പഴക്കമേറിയതും വലുതുമായ എയ്‌റോസ്‌പേസ് ഡിഫന്‍സ് നിര്‍മ്മാതാക്കളില്‍ ഒന്ന്
  • 2023 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 9.37 ശതമാനം വർധന

Update: 2023-06-07 09:00 GMT

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വിപണിയില്‍ മിന്നും നേട്ടം സമ്മാനിച്ച് ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്‌സ് ലിമിറ്റഡ്. അഞ്ച് ദിവസത്തിനിടെ ഓഹരിവില 14 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതായത് 420 രൂപയിലധികം. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.20 ശതമാനം മാത്രം ഉയര്‍ന്നപ്പോഴാണ് ഈ കമ്പനി വലിയ നേട്ടം സമ്മാനിച്ചത്. ഇന്ന് 3500 രൂപയ്ക്ക് മുകളിലാണ് എയ്‌റോസ്‌പേസ് ഡിഫന്‍സ് കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.

ഒരു വര്‍ഷത്തില്‍ നിക്ഷേപം ഇരട്ടിയായി

ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തിലധികം നേട്ടമാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2022 ജുലൈ 14ന് 1720 രൂപയായിരുന്നു ഓഹരിവിലയെങ്കില്‍ ഇന്ന് വ്യാപാരം നടത്തുന്നത് 3500 രൂപയ്ക്ക് മുകളിലാണ്. ഒരു മാസത്തിനിടെ 19 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 28 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

1940 ഡിസംബര്‍ 23ന് സ്ഥാപിതമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ എയ്‌റോസ്‌പേസ് ഡിഫന്‍സ് നിര്‍മ്മാതാക്കളില്‍ ഒന്നാണ്.

മികച്ച ഓര്‍ഡര്‍ ബുക്ക്

ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്‌സ് ലിമിറ്റഡിന് മികച്ച ഓര്‍ഡര്‍ ബുക്കുള്ളതിനാല്‍ നേരത്തെ തന്നെ വിവിധ സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ ഓഹരിവാങ്ങുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞമാസം 3000 രൂപയ്ക്കടുത്ത്  വ്യാപാരം നടത്തുമ്പോള്‍ 3385 രൂപയായിരുന്നു ലക്ഷ്യവിലയായി ഐസിഐസി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്.

2023 മാര്‍ച്ച് അവസാനത്തോടെ ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്‌സ് ലിമിറ്റഡിന്റെ ഓര്‍ഡര്‍ ബുക്ക് 82,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 70 HTT -40, 6 Do-228 എയര്‍ക്രാഫ്റ്റുകള്‍, PSL V വിക്ഷേപണ വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ കരാറുകള്‍ ഉള്‍പ്പെടെ ഏകദേശം 26,000 കോടി രൂപയുടെ പുതിയ കരാറുകളും ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. കൂടാതെ, മെയ്ക്ക് ഇന്‍ ഇന്ത്യ നയം, കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ സംഭരണത്തിനുള്ള നിര്‍ബന്ധിത ഓഫ്‌സെറ്റ് നയം എന്നിവയ്‌ക്കൊപ്പം സ്വദേശിവല്‍ക്കരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും കമ്പനിക്ക് ഗുണകരമാണ്.

പാദഫലം

2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ അറ്റ വില്‍പ്പനയില്‍ 8.10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2,844.64 രൂപയാണ് ഇക്കാലയളവില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 3,103.99 കോടി രൂപയായിരുന്നു. 8.36 ശതമാനം കുറവാണിത്.

2022 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 9.37 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Tags:    

Similar News