വെള്ളക്കരം അടച്ചില്ല, വസ്തു നികുതിയും; താജ്മഹലിനും നികുതി നോട്ടീസ്

കുടിശ്ശിക 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ എഎസ്‌ഐയോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി അടക്കാത്തപക്ഷം താജ്മഹല്‍ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്.

Update: 2022-12-20 07:49 GMT


സംരക്ഷിത സ്മാരകമായ താജ്മഹലിന് 1.9 കോടി രൂപ ജലനികുതിയും 1.5 ലക്ഷം രൂപ വസ്തുനികുതിയും അടക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. 2021 -22, 2022 -23 എന്നി സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ളതാണ് ബില്ല്. കുടിശ്ശിക 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ എഎസ്‌ഐയോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി അടക്കാത്തപക്ഷം താജ്മഹല്‍ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്.

എന്നാല്‍ സ്മാരകങ്ങള്‍ക്ക് വസ്തു നികുതി ബാധകമെല്ലെന്നും ജലത്തിന് വാണിജ്യ പരമായ ഉപയോഗങ്ങളില്ലാത്തതിനാല്‍ അതിന് നികുതി അടക്കാന്‍ ബാധ്യസ്ഥരല്ലെന്നും എഎസ്‌ഐ പ്രതികരിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിക്കുന്നതെന്നും, ഇത് അബദ്ധവശാല്‍ അയച്ചതാകാമെന്നും എഎസ്‌ഐ വ്യക്തമാക്കി.

നികുതി കണക്കാക്കുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തിയ ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ അറിയിപ്പുകള്‍ നല്‍കുന്നതെന്നും, തീര്‍പ്പു കല്‍പ്പിക്കാത്ത കുടിശ്ശികയുടെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് റിബേറ്റ് നല്‍കുന്നതെന്നും എഎസ്‌ഐയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി. നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് വരികയാണെന്ന് അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു.

Tags:    

Similar News