ആദായ നികുതി റിട്ടേണ്‍ രേഖകള്‍ സൂക്ഷിക്കാറുണ്ടോ?

  • ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 147 പ്രകാരം ആദായ നികുതി വകുപ്പിന് 10 വര്‍ഷം വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാന്‍ കഴിയും.

Update: 2023-01-17 11:57 GMT

കൃത്യമായി ആദായ നികുതി നല്‍കാറുണ്ടോ? അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാറുണ്ടോ? ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുകയും വേണം. ഓരോ വര്‍ഷവും നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു കഴിയുന്നതോടെ നടപടികളെല്ലാം പൂര്‍ത്തിയായിയെന്ന് കരുതരുത്. കാരണം, എപ്പോഴെങ്കിലും ആദായ നികുതി വകുപ്പ് എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ 2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരം എന്തെങ്കിലും നിയമ നടപടികള്‍ നേരിടേണ്ടി വന്നാല്‍ അവിടെയും സഹായത്തിന് ഈ രേഖകള്‍ വേണം.

എത്ര നാള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ സൂക്ഷിക്കണം എന്ന് ആദായ നികുതി നിയമത്തില്‍ വ്യക്തമാക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 147 പ്രകാരം ആദായ നികുതി വകുപ്പിന് 10 വര്‍ഷം വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാന്‍ കഴിയും. പണമിടപാടുകള്‍ മാത്രമല്ല ഭൂമി ഇടപാടുകള്‍, ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെല്ലാം ആദായ നികുതി വകുപ്പ് അറിയുന്നുണ്ടെന്ന് ഓര്‍ക്കണം. കാരണം പാന്‍, ആധാര്‍ വിവരങ്ങള്‍ വഴി എല്ലാക്കാര്യങ്ങളും ട്രാക്ക് ചെയ്യാന്‍ സാധിക്കും.

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ രണ്ട് മാസത്തിനുള്ളിലാണ് പ്രോസസ് ചെയ്തത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിച്ചാലും ആ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതല്‍ മൂന്നു മാസത്തിനുള്ളില്‍ വിശദ വിവരങ്ങള്‍ നല്‍കാന്‍ അറിയിപ്പ് ലഭിച്ചേക്കാം. അസെസ്മെന്റ് വര്‍ഷം കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചേക്കാം.

അമ്പത് ലക്ഷമോ അതില്‍ കൂടുതലോ ആദായ നികുതി റിട്ടേണിലെ വരുമാനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍, നികുതി സമര്‍പ്പിച്ചതിനുശേഷം 10 വര്‍ഷക്കാലയളവ് വരെ നോട്ടീസ് ലഭിച്ചേക്കാം. ഇതുകൊണ്ടൊക്കെയാണ് ആദായ നികുതി രേഖകള്‍ 10 വര്‍ഷമെങ്കിലും സൂക്ഷിച്ചുവെയ്ക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. നികുതിയിളവുകള്‍, മൊത്തം ലഭിച്ച വരുമാനം എന്നീ വിവരങ്ങളെല്ലാം സൂക്ഷിച്ചു വെയ്ക്കേണ്ടതുണ്ട്.

Tags:    

Similar News