ഇന്ന് മുതല്‍ ഐപിഎല്‍: ശ്രദ്ധ നേടി ഈ ഓഹരികള്‍

  • പത്ത് വേദികളില്‍ ഐപിഎല്‍ മത്സരം അരങ്ങേറും
  • 2024 മാര്‍ച്ച് 22 മുതല്‍ 2024 മേയ് 26 വരെയാണ് മത്സരങ്ങള്‍
  • കഴിഞ്ഞ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ ഹോട്ടല്‍ സ്‌റ്റോക്കുകള്‍ മികച്ച വരുമാനം നല്‍കിയിട്ടുണ്ട്

Update: 2024-03-22 11:22 GMT

കായിക പ്രേമികള്‍ക്ക് ഇനി രണ്ട് മാസം ഉത്സവമൊരുക്കി ഐപിഎല്‍ ടൂര്‍ണമെന്റിന് ഇന്ന് കൊടിയേറുകയാണ്.

2024 മാര്‍ച്ച് 22 മുതല്‍ 2024 മേയ് 26 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. പത്ത് വേദികളില്‍ മത്സരം അരങ്ങേറും.

ചെന്നൈ, ചണ്ഡിഗണ്ഡ്, കൊല്‍ക്കത്ത, ജയ്പൂര്‍, അഹമ്മദാബാദ്, ബെംഗളുരു, ഹൈദരാബാദ്, ലക്‌നൗ, വിശാഖപട്ടണം, മുംബൈ എന്നിവയാണ് പത്ത് വേദികള്‍.

ഐപിഎല്‍ 2024 സീസണ്‍ ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഓഹരി വിപണിയെ കാര്യമായി സ്വാധീനിക്കാനുള്ള സാധ്യതയും നിലനിര്‍ത്തുന്നുണ്ട്.

ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള ചില ഓഹരികള്‍ ഇതാ;

ടിവി 18 ബ്രോഡ്കാസ്റ്റ്

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഐപിഎല്‍ സ്ട്രീമിംഗിന്റെ അവകാശം 205 ബില്യന്‍ രൂപയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ടിവി 19 ബ്രോഡ്കാസ്റ്റ്.

വാര്‍ത്തകള്‍, വിനോദം, ഇന്‍ഫോടെയ്ന്‍മെന്റ് വിഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാര്‍ന്ന പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നുണ്ട് ടിവി 19 ബ്രോഡ്കാസ്റ്റ്.

ഇതിനുപുറമെ, നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്റെ മോഷന്‍ പിക്ചര്‍ ബിസിനസിന്റെയും ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിന്റെയും മേല്‍നോട്ടം വഹിക്കുന്നുണ്ട്.

ഓഹരിയുടെ പ്രകടനത്തിന്റെ കാര്യമെടുത്താല്‍ ടിവി 18 ബ്രോഡ്കാസ്റ്റിന്റെ ഓഹരികള്‍ ഒന്നിടവിട്ട ഇടവേളകളില്‍ നല്‍കിയിരിക്കുന്ന റിട്ടേണ്‍ സമ്മിശ്രമാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ 9 ശതമാനത്തിന്റെ ചെറിയ റാലിയും ഈ ഓഹരി നടത്തി.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 64.90 ശതമാനത്തിലധികം റിട്ടേണും ഈ ഓഹരി നല്‍കി.

2024 ജനുവരി 1 മുതല്‍ ഇന്ന് വരെ (മാര്‍ച്ച് 22) ടിവി 18 ബ്രോഡ്കാസ്റ്റിന്റെ ഓഹരി 4.32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ന് (മാര്‍ച്ച് 22) വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി 3.33 ശതമാനം നേട്ടത്തോടെ 49.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍

വ്യോമയാന രംഗത്തെ പ്രധാനിയാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്റര്‍ഗ്ലോബിന്റെ ഉടമസ്ഥയിലുള്ളതാണ്. ഐപിഎല്ലില്‍ കളിക്കുന്ന കളിക്കാര്‍ക്കും, സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഭൂരിഭാഗം ഗതാഗത സൗകര്യവും ഒരുക്കുന്നത് ഇന്‍ഡിഗോയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്റര്‍ഗ്ലോബ് ഓഹരി 4.89 ശതമാനം റിട്ടേണ്‍ നല്‍കി. ഇതിലൂടെ ഓഹരി അതിന്റെ സ്ഥിരതയും വളര്‍ച്ചാ സാധ്യതയുമാണ് പ്രകടമാക്കിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ 37.94 ശതമാനം റിട്ടേണും നല്‍കി.

ഹോട്ടല്‍ ഓഹരികള്‍

ഇന്ത്യന്‍ ഹോട്ടല്‍സ്, ട്രിഡന്റ്, താജ് ജിവികെ ഹോട്ടല്‍സ് തുടങ്ങിയ ഹോട്ടല്‍ ഓഹരികളും വരും ദിവസങ്ങളില്‍ ശ്രദ്ധാ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാരണം, ഈ ഹോട്ടലുകളാണ് ഐപിഎല്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കമന്റേറ്റര്‍മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

കഴിഞ്ഞ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ ഹോട്ടല്‍ സ്‌റ്റോക്കുകള്‍ മികച്ച വരുമാനം നല്‍കിയിട്ടുണ്ടെന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകമാണ്.

Tags:    

Similar News