ആഗോള തകര്‍ച്ച വിപണിയെ ബാധിക്കും

ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ഓഹരി വിപണിയ്ക്ക് ഇന്ന് ആഗോള സൂചനകള്‍ അനുകൂലമല്ല. ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ വന്‍ തകര്‍ച്ചയിലാണ്. ജപ്പാനിലെ നിക്കിയും, ഹോങ്കോങിലെ ഹാങ്‌സെങ് സൂചികയും, തായ്‌വാന്‍ വെയ്റ്റഡും രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.18 ന് 1.73 ശതമാനം താഴ്ച്ചയിലാണ്. യുഎസ്-ഏഷ്യ വിപണികള്‍ ഏഷ്യയിലാകെ ഭീതി പരത്തിക്കൊണ്ട്, അമേരിക്ക ചൈനയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്ത റോയിറ്റേഴ്‌സ് പുറത്ത് വിട്ടു. ചൈനയുടെ തായ്‌വാന്‍ അധിനിവേശം തടയുന്നതിന്റെ ഭാഗമായാണ് ഈ […]

Update: 2022-09-13 22:14 GMT

ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ഓഹരി വിപണിയ്ക്ക് ഇന്ന് ആഗോള സൂചനകള്‍ അനുകൂലമല്ല. ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ വന്‍ തകര്‍ച്ചയിലാണ്. ജപ്പാനിലെ നിക്കിയും, ഹോങ്കോങിലെ ഹാങ്‌സെങ് സൂചികയും, തായ്‌വാന്‍ വെയ്റ്റഡും രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.18 ന് 1.73 ശതമാനം താഴ്ച്ചയിലാണ്.

യുഎസ്-ഏഷ്യ വിപണികള്‍

ഏഷ്യയിലാകെ ഭീതി പരത്തിക്കൊണ്ട്, അമേരിക്ക ചൈനയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്ത റോയിറ്റേഴ്‌സ് പുറത്ത് വിട്ടു. ചൈനയുടെ തായ്‌വാന്‍ അധിനിവേശം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യൂറോപ്യന്‍ യൂണിയനോടും ചൈനയുടെ മേൽ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് തായ്‌വാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് വിപണികളില്‍ വന്‍ തിരിച്ചടി സൃഷ്ടിച്ചു. കൂടാതെ, ഇന്നലെ പുറത്തുവന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും അത്ര അനുകൂലമല്ല. ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ല. ഓഗസ്റ്റില്‍ ഇത് 8.3 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.5 ശതമാനമായിരുന്നു. ഈ സാഹചര്യത്തില്‍ യുഎസ് ഫെഡ് കടുത്ത നിരക്കു വര്‍ധനയിലേയ്ക്ക് പോയേക്കാം. അമേരിക്കന്‍ വിപണിയ്ക്കും, ആഗോള വിപണികള്‍ക്കും ഒരുപോലെ തിരിച്ചടിയാവുന്ന നീക്കമാണിത്. ഇന്നലെ അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലനം ഇന്ന് ഏഷ്യന്‍ വിപണികളില്‍ കാണുന്നുണ്ട്.

വിദേശ നിക്ഷേപം

ഉയരുന്ന പണപ്പെരുപ്പവും, കുറയുന്ന വ്യവസായ ഉത്പാദനവും കണക്കിലെടുക്കാതെ ആഭ്യന്തര വിപണി ഇന്നലെ ആഗോള മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് ലാഭത്തിലേയ്ക്ക് കുതിയ്ക്കുകയായിരുന്നു. ഏപ്രില്‍ നാലിന് ശേഷം ആദ്യമായാണ് സെന്‍സെക്‌സ് 60,000 കടക്കുന്നത്. ബാങ്കിംഗ്-ധനകാര്യ ഓഹരികളിലെ മുന്നേറ്റവും വിപണിയെ സഹായിച്ചു. എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,957 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,268 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ തുടരുന്ന ഓഹരി വാങ്ങല്‍ വിപണിയെ ഏറെ സഹായിക്കും. എന്നാല്‍ ഇന്ന് സാഹചര്യം അത്ര അനുകൂലമാകാന്‍ ഇടയില്ല. രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ ഇന്ന് പുറത്ത് വരും.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. 93 ഡോളറിനടുത്താണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. റഷ്യ എണ്ണവില കുറയ്ക്കുന്നതും, അമേരിക്കന്‍ ശേഖരം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നതും വില വര്‍ധനവിന് തടസമാണ്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം യുഎസ് സ്ട്രാറ്റജിക് റിസര്‍വില്‍ നിന്നും വിപണിയിലേയ്ക്ക് വന്‍ തോതില്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കിയത് ആഗോള ഡിമാന്റ് കുറയ്ക്കാന്‍ ഇടയാക്കി. ഈ വില നിലവാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും അനുകൂലമാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,675 രൂപ (സെപ്റ്റംബര്‍ 14)
ഒരു ഡോളറിന് 79.36 രൂപ (സെപ്റ്റംബര്‍ 14)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.11 ഡോളര്‍ (സെപ്റ്റംബര്‍ 14, 8.09 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,48,990 രൂപ (സെപ്റ്റംബര്‍ 14, 8.09 am, വസീര്‍എക്‌സ്)

Tags:    

Similar News