ആഗോള സൂചനകള്‍ ദുര്‍ബലം; വിപണിയിലെ ഇടിവ് തുടര്‍ന്നേക്കും

ആഗോള തലത്തില്‍ ഇന്നലെ നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ഇന്നും വിപണികളില്‍ കാര്യമായ മുന്നേറ്റം കാണുന്നില്ല. ഏഷ്യന്‍ ഓഹരി വിപണികള്‍ രാവിലെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ഷാങ്ഹായ് കോമ്പസിറ്റ് സൂചികയും, ഷെന്‍സെന്‍ കമ്പോണന്റും ഒഴികെയുള്ള സൂചികകള്‍ നേരിയ ലാഭം കാണിക്കുന്നു. ഏഷ്യാ-യുഎസ് വിപണികള്‍ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.15 ന് 0.28 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തു നിന്നും 100 ബിപിഎസ് വരെ നിരക്കു വര്‍ധനയുണ്ടാകുമെന്ന ഭീതി ഇപ്പോഴും വിപണികളെ അലട്ടുന്നുണ്ട്. അമേരിക്കയിലെ ഉപഭോക്തൃ […]

Update: 2022-09-14 22:19 GMT

ആഗോള തലത്തില്‍ ഇന്നലെ നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ഇന്നും വിപണികളില്‍ കാര്യമായ മുന്നേറ്റം കാണുന്നില്ല. ഏഷ്യന്‍ ഓഹരി വിപണികള്‍ രാവിലെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ഷാങ്ഹായ് കോമ്പസിറ്റ് സൂചികയും, ഷെന്‍സെന്‍ കമ്പോണന്റും ഒഴികെയുള്ള സൂചികകള്‍ നേരിയ ലാഭം കാണിക്കുന്നു.

ഏഷ്യാ-യുഎസ് വിപണികള്‍

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.15 ന് 0.28 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തു നിന്നും 100 ബിപിഎസ് വരെ നിരക്കു വര്‍ധനയുണ്ടാകുമെന്ന ഭീതി ഇപ്പോഴും വിപണികളെ അലട്ടുന്നുണ്ട്. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പം ഉദ്ദേശിച്ച വേഗത്തില്‍ കുറയുന്നില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം. എങ്കിലും ഇന്ന് വെളുപ്പിനെ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണി ലാഭത്തിലായിരുന്നു. യൂറോപ്യന്‍ വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ബ്രിട്ടണിലെ ഉപഭോക്തൃ പണപ്പെരുപ്പം 9.9 ശതമാനമായി തുടരുന്നു. മുന്‍കാലയളവിനെ അപേക്ഷിച്ച് ഇത് നേരിയ കുറവു മാത്രമാണ്.

ആഭ്യന്തര വിപണി

ഓഹരി വിപണിയില്‍ ഇന്ന് നിര്‍ണ്ണായകമായേക്കാവുന്ന ഘടകം ഇന്ത്യയുടെ ഉയരുന്ന വ്യാപാരക്കമ്മിയാണ്. രൂപയുടെ മേല്‍ ഇത് വലിയ സമ്മര്‍ദ്ദം ചെലുത്തും. ഓഗസ്റ്റില്‍ കയറ്റുമതിയില്‍ നേരിയ ഉയര്‍ച്ചയുണ്ടായെങ്കിലും ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നു. ഇതിനാല്‍ കമ്മി ഇരട്ടിയായി. കൂടാതെ ഇന്നലെ പുറത്തുവന്ന മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഇരട്ടയക്കത്തില്‍ തുടരുകയാണ്. ഓഗസ്റ്റില്‍ ഇത് 12.41 ശതമാനമായി. ജൂലൈയെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമേയുള്ളു.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,398 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ആഗോള തലത്തില്‍ തുടര്‍ന്ന അനിശ്ചിതത്വവും, ദൗര്‍ബല്യവും അവരുടെ നിക്ഷേപ തിരുമാനങ്ങളെ ബാധിച്ചുവെന്നു വേണം കരുതാന്‍. ഫെഡ് നിരക്കു വര്‍ധന പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇത്തരം അനിശ്ചിതാവസ്ഥ സാധാരണയായി കണ്ടുവരാറുണ്ട്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും അത്ര മികച്ച രീതിയില്‍ ഓഹരികള്‍ വാങ്ങിയില്ല. 188 കോടി രൂപയുടെ ഓഹരികളില്‍ മാത്രമേ അറ്റ നിക്ഷേപം നടത്തിയിട്ടുള്ളു. എല്ലാവരും കൃത്യമായ ഒരു ദിശ കാത്തിരിക്കുകയാണ്. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവ് പരിഗണിച്ചാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 48,000 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് പോസിറ്റീവായ ഘടകമാണ്.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണികളില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. ഉപഭോഗത്തില്‍ ഉണ്ടായേക്കാവുന്ന കുറവാണ് ഈ വിലത്തകര്‍ച്ചയക്ക് പിന്നില്‍. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ ഓയിലിന് മേല്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍ വില ഉയരാനിടയുണ്ട്. 94 ഡോളറിനടുത്താണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. എണ്ണയുടെ നീക്കത്തിനുപയോഗിക്കുന്ന ടാങ്കറുകളുടെ ദൗര്‍ലഭ്യം ഒരു പരിധിവരെ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ശേഖരവും വില ഉയരാത്തതിന് മറ്റൊരു കാരണമാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,635 രൂപ (സെപ്റ്റംബര്‍ 15)
ഒരു ഡോളറിന് 79.60 രൂപ (സെപ്റ്റംബര്‍ 14)
ബ്രെന്റ് ക്രൂഡ് ബാരലിന് 94.10 ഡോളര്‍ (സെപ്റ്റംബര്‍ 15, 8.23 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,29,998 രൂപ (സെപ്റ്റംബര്‍ 15, 8.23 am, വസീര്‍എക്‌സ്)

Tags:    

Similar News