വിപണിയില്‍ ഇന്ന് ഏകീകരണം പ്രതീക്ഷിക്കാം

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏകീകരണ (Consolidation) നീക്കങ്ങള്‍ പ്രതീക്ഷിക്കാം. ആഗോള സൂചനകളും, കമ്പനി ഫലങ്ങളും, എല്‍ഐസി ഐപിഒയും, വാഹന വില്‍പ്പന കണക്കുകളും വിപണിയെ സ്വാധീനിച്ചേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ 17,000-17,400 റേഞ്ചില്‍ ഏകീകരണം നടന്നേക്കാം. എന്നാല്‍, 16,958 എന്ന നില തകര്‍ന്നാല്‍ സൂചിക 16,600 വരെ ചെന്നെത്താം. കഴിഞ്ഞ രണ്ടാഴ്ച്ചയായി സൂചിക വലിയ തോതില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ഇപ്പോഴും മുന്നോട്ടുള്ള ദിശ വ്യക്തമായിട്ടില്ല. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച കനത്ത വില്‍പ്പനയില്‍ കലാശിച്ചു. നാസ്ഡാക് 4.17 ശതമാനവും, എസ് ആന്‍ഡ് […]

Update: 2022-05-01 21:41 GMT

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏകീകരണ (Consolidation) നീക്കങ്ങള്‍ പ്രതീക്ഷിക്കാം. ആഗോള സൂചനകളും, കമ്പനി ഫലങ്ങളും, എല്‍ഐസി ഐപിഒയും, വാഹന വില്‍പ്പന കണക്കുകളും വിപണിയെ സ്വാധീനിച്ചേക്കാം.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ 17,000-17,400 റേഞ്ചില്‍ ഏകീകരണം നടന്നേക്കാം. എന്നാല്‍, 16,958 എന്ന നില തകര്‍ന്നാല്‍ സൂചിക 16,600 വരെ ചെന്നെത്താം.

കഴിഞ്ഞ രണ്ടാഴ്ച്ചയായി സൂചിക വലിയ തോതില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ഇപ്പോഴും മുന്നോട്ടുള്ള ദിശ വ്യക്തമായിട്ടില്ല. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച കനത്ത വില്‍പ്പനയില്‍ കലാശിച്ചു. നാസ്ഡാക് 4.17 ശതമാനവും, എസ് ആന്‍ഡ് പി 500 3.63 ശതമാനവും, ഡൗ ജോണ്‍സ് 2.77 ശതമാനവും ഇടിഞ്ഞു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 74 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുവാനും, തൊഴില്‍ കമ്പോളത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ശക്തിപ്പെടുത്തുവാനും ഇന്ത്യ അതിന്റെ തൊഴില്‍, വിദ്യാഭ്യാസ, ഭൂമി മേഖലകളില്‍ കൂടുതല്‍ നവീകരണം നടത്തേണ്ടതുണ്ടെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,648.30 കോടി രൂപ വിലയുള്ള ഓഹരികള്‍ വെള്ളിയാഴ്ച്ച വിറ്റഴിച്ചു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3,490.30 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.

സാങ്കേതിക വിശകലനം

മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "നിഫ്റ്റിയില്‍ വെള്ളിയാഴ്ച്ചത്തെ തുടക്കം ശുഭപ്രതീക്ഷയോടെ ആയിരുന്നെങ്കിലും ഡബ്ല്യുടിഐ ഓയില്‍ വിലയിലെ കുതിപ്പ് സൂചികയെ വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ താഴേക്ക് വലിച്ചു. റഷ്യന്‍ ഓയിലിന് യൂറോപ്യന്‍ യൂണിയനില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തോട് ജര്‍മനി യോജിച്ചതോടെയാണ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത്. പുതിയ എഫ് ആന്‍ഡ് ഒ മാര്‍ജിന്‍ നിയമത്തിന്റെ നടപ്പിലാക്കലും, യുഎസ് ഫെഡിന്റെ നിര്‍ണായകമായ മേയ് 3-4 ദിവസങ്ങളിലെ മീറ്റിംഗും വ്യാപാരികള്‍ ആശങ്കയോടെയാണ് കാണുന്നത്. വിപണിയുടെ കണക്കുകൂട്ടല്‍, 50-75 ബേസിസ് പോയിന്റ് വര്‍ദ്ധനവ് പലിശ നിരക്കില്‍ സംഭവിച്ചേക്കാമെന്നാണ്. സാങ്കേതികമായി, 16,807 ന് താഴേക്ക് നിഫ്റ്റി പോകാന്‍ സാധ്യതയില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ സൂചിക 16,597 വരെ വേഗത്തില്‍ ചെന്നെത്താം."

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ടോറെന്റ് ഫാര്‍മ, യുബിഎല്‍, അള്‍ട്രാടെക് സിമന്റ്, എസ്‌കോര്‍ട്‌സ്, ടാറ്റ കണ്‍സ്യൂമര്‍, സണ്‍ ഫാര്‍മ, പിവിആര്‍

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ആക്‌സിസ് ബാങ്ക്, വോള്‍ട്ടാസ്, കാന്‍ഫിന്‍ഹോം ഫിനാന്‍സ്, ടൈറ്റന്‍, വിപ്രോ

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,855 രൂപ (മേയ് 2)
ഒരു ഡോളറിന് 76.70 രൂപ (മേയ് 2)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.43 ഡോളര്‍ (7.25 am)
ഒരു ബിറ്റ് കോയിന്റെ വില 31,40,998 രൂപ (7.25 am)

Tags:    

Similar News