വിപണിയിലെ ആശങ്കകൾ ഒഴിയുന്നില്ല

ഇന്ത്യന്‍ വിപണിയെ ഇന്ന് സ്വാധീനിക്കത്തക്ക നിര്‍ണായകമായ ആഭ്യന്തര സംഭവവികാസങ്ങളൊന്നുമില്ല. ആഗോള വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഇവിടേക്കും വ്യാപിച്ചേക്കാം. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.05 ന് 219 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് സുപ്രധാന ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ടോക്കിയോയിലെ നിക്കി, ചൈന എ50, തായ്‌വാനിലെ തയ്‌വാന്‍ വെയിറ്റഡ്, സിയോളിലെ കോസ്പി എന്നിവയെല്ലാം രാവിലെ നഷ്ടത്തിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.30 ശതമാനവും, എസ് ആന്‍ഡ് പി […]

Update: 2022-05-08 22:15 GMT

ഇന്ത്യന്‍ വിപണിയെ ഇന്ന് സ്വാധീനിക്കത്തക്ക നിര്‍ണായകമായ ആഭ്യന്തര സംഭവവികാസങ്ങളൊന്നുമില്ല. ആഗോള വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഇവിടേക്കും വ്യാപിച്ചേക്കാം.

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.05 ന് 219 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് സുപ്രധാന ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ടോക്കിയോയിലെ നിക്കി, ചൈന എ50, തായ്‌വാനിലെ തയ്‌വാന്‍ വെയിറ്റഡ്, സിയോളിലെ കോസ്പി എന്നിവയെല്ലാം രാവിലെ നഷ്ടത്തിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.30 ശതമാനവും, എസ് ആന്‍ഡ് പി 500 0.57 ശതമാനവും, നാസ്ഡാക് 1.40 ശതമാനവും ഇടിഞ്ഞു.

ആഗോള വിപണികളെയെല്ലാം ആശങ്കപ്പെടുത്തുന്ന പ്രധാന നീക്കങ്ങള്‍ കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണനയം തന്നെയാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി യുഎസ് ഫെഡ് ഇനിയും നിരക്കുയര്‍ത്തിയേക്കും എന്ന ഭീതി ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. അതിനാല്‍, വളരുന്ന സമ്പദ്ഘടനകളായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ കൂട്ടമായി പിന്മാറുകയാണ്. ഇന്ത്യന്‍ ഓഹരികളിലുള്ള വിദേശ ഫണ്ടുകളുടെ ഉടമസ്ഥാവകാശം 19.5 ശതമാനമായി ചുരുങ്ങി. ഇത് മാര്‍ച്ച് 2019 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

മാര്‍ച്ചിലെ കണക്കു പരിശോധിച്ചാല്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വിറ്റഴിക്കൽ ആറാംമാസവും തുടരുകയാണ്. ഉയരുന്ന പണപ്പെരുപ്പവും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവും കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഓഹരികളിൽ അറ്റ വില്‍പ്പനക്കാരായി മാറുകയാണ്. മാത്രമല്ല, ഉയര്‍ന്ന റിസ്‌കുള്ള ഏഷ്യന്‍ വിപണികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കരുത്താര്‍ജിക്കുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലേക്ക് തിരികെ പോകുകയാണ് വിദേശ ഫണ്ടുകളെ സംബന്ധിച്ച് സുരക്ഷിതമായ മാര്‍ഗം.

ആഭ്യന്തര വിപണിയില്‍ ഇന്ന് എല്‍ഐസി ഐപിഒ അവസാനിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഓഹരികള്‍ക്കായി 1.74 മടങ്ങ് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രതികരണമാണ് കാണിക്കുന്നത്. പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തില്‍ 4.8 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ചെറുകിട നിക്ഷേപകര്‍ക്കും, ജീവനക്കാര്‍ക്കുമായി മാറ്റിവെച്ച വിഭാഗത്തില്‍ യഥാക്രമം 1.53 മടങ്ങും, 3.7 മടങ്ങും അപേക്ഷകരുണ്ടായി. എന്നാല്‍, ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുടെ ഫലമായി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ അപേക്ഷകര്‍ കുറവാണ്.

ചെറുകിട നിക്ഷേപകരുടെ മികച്ച പ്രതികരണം ഈ മാസം വരാനിരിക്കുന്ന മറ്റ് ഐപിഒകളെയും പ്രതീക്ഷയുള്ളവരാക്കുന്നു. എല്ലാ പ്രതിസന്ധികളും നിലനില്‍ക്കെ വ്യാപാരികളും, നിക്ഷേപകരും മികച്ച ഓഹരികളില്‍ പണമിറക്കുവാന്‍ ഇപ്പോഴും തയ്യാറായി നില്‍ക്കുന്നത് പോസിറ്റീവായ ഘടകമാണ്.

ഇന്ന് വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളിലൊന്ന് കമ്പനികളുടെ നാലാംപാദ ഫലങ്ങളാണ്. ആര്‍തി ഡ്രഗ്‌സ്, സെന്‍ട്രല്‍ ബാങ്ക്, ഗോദ്‌റജ് അഗ്രോ, ഇന്‍ഫിബീം എന്നിവയുടെ ഫലം ഇന്നു പുറത്തു വരും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,735 രൂപ (മേയ് 6)
ഒരു ഡോളറിന് 76.55 രൂപ (മേയ് 6)
ബ്രെന്റ് ക്രൂഡ് ബാരലിന് 112.73 ഡോളര്‍ (8.54 am)
ഒരു ബിറ്റ് കോയിന്റെ വില 27,67,514 രൂപ (8.54 am)

Tags:    

Similar News