വിപണിയില്‍ തിരിച്ചു വരവിന് സാധ്യത

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്കുശേഷം വിപണി ഇന്ന് മുന്നേറ്റത്തിന് ശ്രമിച്ചേക്കും. എല്‍ഐസി ഐപിഒ വിജയകരമായി പൂര്‍ത്തിയായത് ആഭ്യന്തര വിപണിക്ക് ഇന്ന് ഉണര്‍വേകും. ഓഹരികള്‍ക്കായി മൂന്നിരട്ടി അപേക്ഷകളാണ് എല്‍ഐസിക്ക് ലഭിച്ചത്. അതില്‍ തന്നെ റീട്ടെയില്‍ നിക്ഷേപക വിഭാഗത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായ 73 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഈ വിഭാഗത്തിലെ ഉയര്‍ന്ന പങ്കാളിത്തം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. ഇന്ന് വിപണിയുടെ ശ്രദ്ധ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലേക്കായിരിക്കും. പ്രമുഖ കമ്പനികളായ സിപ്ല, അജന്ത ഫാര്‍മ എന്നിവയുടെ […]

Update: 2022-05-09 22:15 GMT

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്കുശേഷം വിപണി ഇന്ന് മുന്നേറ്റത്തിന് ശ്രമിച്ചേക്കും. എല്‍ഐസി ഐപിഒ വിജയകരമായി പൂര്‍ത്തിയായത് ആഭ്യന്തര വിപണിക്ക് ഇന്ന് ഉണര്‍വേകും.

ഓഹരികള്‍ക്കായി മൂന്നിരട്ടി അപേക്ഷകളാണ് എല്‍ഐസിക്ക് ലഭിച്ചത്. അതില്‍ തന്നെ റീട്ടെയില്‍ നിക്ഷേപക വിഭാഗത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായ 73 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഈ വിഭാഗത്തിലെ ഉയര്‍ന്ന പങ്കാളിത്തം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.

ഇന്ന് വിപണിയുടെ ശ്രദ്ധ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലേക്കായിരിക്കും. പ്രമുഖ കമ്പനികളായ സിപ്ല, അജന്ത ഫാര്‍മ എന്നിവയുടെ നാലാംപാദ ഫലം ഇന്നു പുറത്തുവരും. വിപണി പ്രതീക്ഷിക്കുന്ന മറ്റു പ്രധാന ഫലങ്ങള്‍ ഇവയാണ്്: വോഡഫോണ്‍ഐഡിയ, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടോറന്റ് പവര്‍, വെങ്കീസ്, വെല്‍സ്പണ്‍ ഇന്‍ഡസ്ട്രീസ്, എംആര്‍എഫ്, ഏഷ്യന്‍ പെയിന്റ്‌സ്, അവധ് ഷുഗര്‍ ആന്‍ഡ് എനര്‍ജി, ഓറിയന്റ് ഇലക്ട്രിക്ക്, സെറ.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 4,618 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇന്ത്യന്‍ ഓഹരികളിലെ വിദേശ പങ്കാളിത്തം എട്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി നിക്ഷേപങ്ങള്‍ ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപങ്ങളായാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. കാരണം ദീര്‍ഘകാലമായി ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡോയില്‍ വില ഇത്തരം സമ്പദ് വ്യവസ്ഥകളുടെയെല്ലാം നട്ടെല്ലൊടിക്കുകയാണ്. പണപ്പെരുപ്പം ശമനമില്ലാതെ തുടരുകയാണ്. ഇത് കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടാക്കും.

കൂടാതെ, രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 77.46 ലാണ് ഇന്നലെ അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഇത് 77.53 വരെ എത്തിയിരുന്നു. പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്, ക്രൂഡോയില്‍ വിലക്കയറ്റം ഇതേപടി തുടര്‍ന്നാല്‍ നിരക്ക് 78 വരെ എത്തിച്ചേരുമെന്നാണ്.

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയില്‍ ഇന്ന് രാവിലെ 8.10 ന് 98 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യയിലെ മറ്റ് സുപ്രധാന വിപണികളായ ടോക്കിയോയിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ഹോംകോംഗിലെ ഹാങ് സെങ്, കൊറിയയിലെ കോസ്പി എന്നിവയെല്ലാം നഷ്ടത്തിലാണ്. ഷാങ്ഹായ് സൂചിക മാത്രമാണ് ലാഭം കാണിക്കുന്നത്.

അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ടെക്‌നോളജി ഓഹരികള്‍ക്ക് മേല്‍ക്കൈയ്യുള്ള നാസ്ഡാക് 4.29 ശതമാനം നഷ്ടത്തിലവസാനിച്ചു. എസ് ആന്‍ഡ് പി 500 3.20 ശതമാനവും, ഡൗ ജോണ്‍സ് 1.99 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അമേരിക്കന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയില്‍ വിദഗ്ധരുടെ പ്രഭാഷണങ്ങള്‍ ഈ ആഴ്ച്ച നടക്കുകയാണ്. സാമ്പത്തിക വളര്‍ച്ച, നിരക്കുയര്‍ത്തല്‍, പണപ്പെരുപ്പം എന്നിവയെ സംബന്ധിച്ചുള്ള ഫെഡിന്റെ നിലപാട് രൂപീകരിക്കുന്നതില്‍ ഈ ചര്‍ച്ചകള്‍ക്ക് പ്രധാന്യമുണ്ട്. അതിനാല്‍ ഇതില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍ക്കായി വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അമേരിക്കയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തുവരും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള നടപടികള്‍ ഫെഡ് പ്രഖ്യാപിക്കുന്നത്. ലോകമാസകലമുള്ള വിപണികള്‍ക്ക് ഇത് നിര്‍ണായകമാണ്. യൂറോപ്യന്‍ വിപണികളെ സംബന്ധിച്ച് നിര്‍ണായകമായ ഇറ്റാലിയന്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ കണക്കുകളും, ജര്‍മന്‍ ഇക്കണോമിക് സെന്റിമെന്റ്‌സും ഇന്ന് പുറത്തു വരും. ചൈനയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ ഇടിവു വന്നിരിക്കുന്നു എന്ന വിവരം ആഗോള വളര്‍ച്ചയ്ക്ക് തിരിച്ചടിയാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,740 രൂപ (മേയ് 9)
ഒരു ഡോളറിന് 77.40 രൂപ (മേയ് 9)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.72 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 25,60,417 രൂപ (8.20 am)

Tags:    

Similar News