ബിറ്റ്കോയിന്‍ 92,000-ഡോളറിന് താഴെ; ക്രിപ്റ്റോ വിപണിയില്‍ ആശങ്ക

റെക്കോര്‍ഡ് നിലയില്‍ നിന്ന് വിലയിടിവ് 26 ശതമാനത്തിലധികം ആയി വര്‍ധിച്ചു

Update: 2025-11-18 16:01 GMT

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ 92,000-ഡോളറിന് താഴെയെത്തി. 4 വര്‍ഷ സൈക്കിളിന്റെ' തകര്‍ച്ചയോയെന്ന ആശങ്കയില്‍ ക്രിപ്റ്റോ വിപണി.

ഒക്ടോബറില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലയില്‍ നിന്ന് വിലയിടിവ് 26 ശതമാനത്തിലധികം ആയി വര്‍ധിച്ചിരിക്കുകയാണ്. ഈ തകര്‍ച്ചയോടെ, ബിറ്റ്കോയിന്റെ ചരിത്രപരമായ 'നാല് വര്‍ഷ സൈക്കിള്‍' വീണ്ടും ആവര്‍ത്തിച്ച് ഒരു ദീര്‍ഘകാല തകര്‍ച്ചയിലേക്ക് പോകുകയാണോ, അതോ ഇതൊരു താല്‍ക്കാലിക തിരുത്തല്‍ മാത്രമാണോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

എന്നാല്‍, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ബേണ്‍സ്റ്റീനിലെ അനലിസ്റ്റുകള്‍ ഈ വീഴ്ചയെ ഒരു താല്‍ക്കാലിക തിരുത്തല്‍ മാത്രമായാണ് കാണുന്നത്. മുന്‍ സൈക്കിളുകളിലെ പോലെ 60-70% ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, ബിറ്റ്കോയിന്‍ ഒരു പുതിയ 'അടിത്തറ' ഉണ്ടാക്കുകയാണെന്നും അവര്‍ പറയുന്നു.

സിറ്റി ഗ്രൂപ്പ്, ബിറ്റ് കോയിനില്‍ ക്രിസ്മസ് റാലി ഉണ്ടാവുമെന്ന പ്രവചനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനകം വീണ്ടും ബിറ്റ്കോയിന്‍ 1 ലക്ഷം ഡോളര്‍ നിലവാരം കടക്കുമെന്നും വ്യക്തമാക്കി. 12 മാസങ്ങളില്‍ 181,000 ഡോളര്‍ നിലവാരമാണ് ഗ്രൂപ്പിന്റെ പ്രവചനം.

ഡിസംബറിലെ യു.എസ് ഫെഡ് പലിശ കുറയ്ക്കലിനുള്ള സാധ്യതകളാണ് ക്രിപ്റ്റോ ലോകത്തെ തകര്‍ച്ചയുടെ കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടിയത്.

എന്നാല്‍ സിറ്റി ഗ്രൂപ്പ് സ്ട്രാറ്റജിസ്റ്റ് ഡ്രിക് വില്‍മര്‍ പറയുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ പണലഭ്യത കുറവാണ് ഇതിന് കാരണമെന്നാണ്. വൈകാതെ ഈ പ്രശ്നം തീരും. അതോടെ ബിറ്റ്കോയിന്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരും. ഇത്തരത്തില്‍ ക്രിസ്മസ് റാലി പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News