ഡിസംബറില്‍ ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം 4500 കോടി രൂപയായി

ഹ്രസ്വകാലത്തേക്ക് വിദേശ നിക്ഷേപകര്‍ പ്രധാന വിഭാഗങ്ങളിലെ ഓഹരികളില്‍ കാര്യമായ നിക്ഷേപം നടത്താനുള്ള സാധ്യത കുറവാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

Update: 2022-12-12 06:37 GMT



ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപത്തിന് ശുഭകരമായ മുന്നേറ്റം. കഴിഞ്ഞ മാസം 36,200 കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ നടത്തിയത്. ഈ മാസവും അതിന്റെ തുടര്‍ച്ചയെന്നോണം ഇതുവരെ 4,500 കോടി രൂപയുടെ നിക്ഷേപമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡോളറിന്റെ മൂല്യ തകര്‍ച്ചയാണ് നിക്ഷേപം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. എങ്കിലും കഴിഞ്ഞ നാലു സെഷനില്‍, യുഎസ്‌ഫെഡ് നടത്താനിരിക്കുന്ന പണനയ യോഗത്തിന്റെ മുന്നോടിയായി 3,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

ഹ്രസ്വകാലത്തേക്ക് വിദേശ നിക്ഷേപകര്‍ പ്രധാന വിഭാഗങ്ങളിലെ ഓഹരികളില്‍ കാര്യമായ നിക്ഷേപം നടത്താനുള്ള സാധ്യത കുറവാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. മാത്രമല്ല ലാഭകരമായ ഓഹരികളില്‍ ലാഭമെടുപ്പ് നടത്തുന്നത് തുടര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂല്യം കുറയുന്ന കറന്‍സി എന്ന നിലയ്ക്ക് ചൈന, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുടെ വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപം മാറാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര വിപണിയിലേക്കുള്ള നിക്ഷേപം വര്‍ധിക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യം ഒരു തിരിച്ചടിയായേക്കാമെന്ന് അദ്ദേഹം പറയുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കാലയളവിലാണ് 4500 കോടി രൂപയുടെ നിക്ഷേപം നടന്നത്. ഡിസംബറിന്റെ ആദ്യ ദിവസങ്ങളില്‍ നിക്ഷേപം വര്‍ധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിറ്റഴിക്കുന്ന സാഹചര്യമാണുള്ളത്. ഡോളര്‍ 105 നു താഴേക്കു ഇടിഞ്ഞതാണ് നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായതെന്നും വിജയകുമാര്‍ പറഞ്ഞു.


യു എസ് ഫെഡ് നടത്താനിരിക്കുന്ന പണനയ യോഗത്തിനെ കുറിച്ചുള്ള ആശങ്കകളാണ് ഈയടുത്ത നടന്ന വിറ്റഴികളിലേക്ക് നയിച്ചതെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ റീസേര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. യു എസ്സിന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി ഈ മാസം 13 -14 നാണു നടത്തുക. യുഎസ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദുര്‍ബലമായ അവസ്ഥയാണ് നില നില്‍ക്കുന്നത്. യു എസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് കണക്കിലെടുത്ത് അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്.

ഈ ആശങ്കകള്‍ നിക്ഷേപകരെ നിക്ഷേപത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് വ്യപാരം ചെയ്തിരുന്നത്. ഇത് വിദേശ നിക്ഷേപകരെ ലാഭം ബുക്ക് ചെയ്യുന്നതിന് പ്രേരിപ്പിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ക്ക് പുറമെ ഈ കാലയളവില്‍ 2467 കോടി രൂപ ഡെബ്റ്റ് മാര്‍ക്കറ്റിലും നിക്ഷേപിച്ചിട്ടുണ്ട്.

Tags:    

Similar News