ഇന്ത്യൻ ഓഹരി വിപണിയിൽ മെയ്-18 ശനിയാഴ്ച പ്രത്യേക വ്യാപാരം

  • പ്രത്യേക ട്രേഡിംഗ് സെഷനിൽ പ്രാഥമിക സൈറ്റിൽ നിന്നും ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് ഇൻട്രാ-ഡേ വ്യാപാരം മാറും
  • ഡെറിവേറ്റീവുകൾ ഉൾപ്പെടെ എല്ലാ സെക്യൂരിറ്റികൾക്കും പരമാവധി 5 ശതമാനമായിരിക്കും പ്രൈസ് ബാൻഡ്

Update: 2024-05-08 09:53 GMT

അപ്രതീക്ഷിത ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി മെയ് 18 ശനിയാഴ്ച ഒരു പ്രത്യേക വ്യാപാര സെഷൻ നടത്തുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അറിയിച്ചു. 

പ്രത്യേക ട്രേഡിംഗ് സെഷനിൽ പ്രാഥമിക സൈറ്റിൽ നിന്നും ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് ഇൻട്രാ-ഡേ വ്യാപാരം മാറുമെന്ന് എൻഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. രണ്ടു സെഷനുകളിലായിരിക്കും വ്യാപാരം നടക്കുക. ആദ്യ സെഷൻ രാവിലെ 9:15 ന് ആരംഭിച്ച് 10 വരെയാണ്. ഈ സെഷനിലെ വ്യാപാരം പ്രാഥമിക സൈറ്റിൽ തന്നെയാണ്. രണ്ടാമത്തെ സെഷൻ നടക്കുക ഡിസാസ്റ്റർ റിക്കവറി സൈറ്റിലായിരിക്കും. ഇത് രാവിലെ 11:45 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.

പ്രത്യേക സെഷനിൽ, ഡെറിവേറ്റീവുകൾ ഉൾപ്പെടെ എല്ലാ സെക്യൂരിറ്റികൾക്കും പരമാവധി 5 ശതമാനമായിരിക്കും പ്രൈസ് ബാൻഡ്. നിലവിൽ 2 ശതമാനം പ്രൈസ് ബാൻഡുള്ള സെക്യൂരിറ്റികൾ അതിൽ തന്നെ തുടരും. ഈ അളവ് അമിതമായ ചാഞ്ചാട്ടം തടയുകയും പ്രത്യേക വ്യാപാര സമയത്ത് വിപണിയിൽ സ്ഥിരത നിലനിർത്തുകയും ചെയ്യും.

എല്ലാ ക്ലോസ് എൻഡ് മ്യൂച്വൽ ഫണ്ടുകളിലും അഞ്ചു ശതമാനം പ്രൈസ് ബാൻഡ് ബാധകമായിരിക്കും. എല്ലാ ഫ്യൂച്ചർ കരാറുകൾക്കും അഞ്ചു ശതമാനം പ്രതിദിന പ്രവർത്തന പരിധി ഉണ്ടായിരിക്കും. സെക്യൂരിറ്റികളുടെയോ ഫ്യൂച്ചർ കരാറുകളുടെയോ ഫ്ലെക്‌സിംഗ് ആ ദിവസം ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു.

എന്താണ് ഫ്ലെക്സിംഗ്?

സാധാരണഗതിയിൽ ഒരു ഓഹരിയുടെ വില ഉയർന്നതോ താഴ്ന്നതോ ആയ പരിധിയോട് അടുക്കുമ്പോൾ എക്സ്ചേഞ്ച് പരിധിയിൽ ഇളവ് വരുത്താനും വ്യാപാരം തുടരാനും തീരുമാനിച്ചേക്കാം. ഈ പ്രക്രിയയാണ് ഫ്ലെക്സിംഗ്. ഇത് മെയ് 18-ന് ഉണ്ടായിരിക്കില്ല.

Tags:    

Similar News