വിദേശ നിക്ഷേപകർ തിരിച്ചെത്തി; പച്ച കത്തി ഓഹരി വിപണി

ഐടി ഓഹരികൾ തിളങ്ങി; ഓഹരി വിപണിയിൽ മുന്നേറ്റം

Update: 2025-10-09 11:39 GMT

ഇന്നലെ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയിൽ മുന്നേറ്റം.വിദേശ ഫണ്ടുകൾ എത്തിയതും ഐടി സ്ഥാപനങ്ങളുടെയും ബ്ലൂ-ചിപ്പ് കമ്പനികളുടെയും  മുന്നേറ്റവും വിപണിയ്ക്ക് സഹായകരമായി.  ബിഎസ്ഇ സെൻസെക്സ് 398.44 പോയിന്റ് ഉയർന്ന് 82,172.10 എന്ന ലെവലിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടയിൽ 474.07 പോയിന്റ് പോയിൻ്റുകൾ ഉയർന്ന് 82,247.73 എന്ന ലെവലിൽ എത്തിയിരുന്നു. നിഫ്റ്റി 135.65 പോയിന്റ് ഉയർന്ന് 25,181.80 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു.

എച്ച്സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സിൽ ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, അൾട്രാടെക് സിമന്റ്, ഭാരത് ഇലക്ട്രോണിക്സ്, സൺ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ആക്സിസ് ബാങ്ക്, ടൈറ്റൻ, മാരുതി, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ നഷ്ടത്തിലായി.

ആഗോള വിപണികളുടെ പ്രകടനം എങ്ങനെ?

ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 81.28 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.വിദേശ ഫണ്ട് എത്തിയത് ഓഹരി വിപണിയ്ക്ക് ഉണർവ് നൽകി. ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചികയും ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും കുതിച്ചുയർന്നു. അതേസമയം ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക താഴ്ന്ന നിലയിലെത്തിയിരുന്നു. യൂറോപ്പ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിൽ യുഎസ് വിപണി ഉയർന്ന നിലയിലാണ്. 

Tags:    

Similar News