ആനയെ വാങ്ങുന്നതിന് മുന്‍പേ തോട്ടി തേടുന്നവര്‍
ഡിജിറ്റല്‍ ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന നിര്‍ദേശം പുതിയ ബജറ്റിലുണ്ട്. ഇത്തരത്തിലുള്ള ആസ്തികളുടെ കൈമാറ്റത്തിന്റെ തോത് അടുത്തകാലത്തായി വലിയ തോതില്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു . ഈ നിര്‍ദേശത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടിണ്ടെങ്കിലും പൊതുവെ ഇതിനെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങളാണ് കാണുന്നത്. എന്നാല്‍ സുപ്രധാനമായ ചില ചോദ്യങ്ങളും ഇവിടെ ഉയരുന്നുണ്ട്. ഡിജിറ്റല്‍ ആസ്തികള്‍ക്ക് അംഗീകാരം നല്‍കുന്ന വിധത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു […]
ഡിജിറ്റല്‍ ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന നിര്‍ദേശം പുതിയ ബജറ്റിലുണ്ട്. ഇത്തരത്തിലുള്ള ആസ്തികളുടെ കൈമാറ്റത്തിന്റെ തോത് അടുത്തകാലത്തായി വലിയ തോതില്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു . ഈ നിര്‍ദേശത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടിണ്ടെങ്കിലും പൊതുവെ ഇതിനെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങളാണ് കാണുന്നത്.
എന്നാല്‍ സുപ്രധാനമായ ചില ചോദ്യങ്ങളും ഇവിടെ ഉയരുന്നുണ്ട്. ഡിജിറ്റല്‍ ആസ്തികള്‍ക്ക് അംഗീകാരം നല്‍കുന്ന വിധത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു നിയമം ഇനിയും പാസാക്കിയിട്ടില്ല. ക്രിപ്‌റ്റോകറന്‍സി അടക്കമുള്ള കാര്യങ്ങളില്‍ ഒരു ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് ഇനിയും ഉണ്ടായിട്ടില്ല. ഡിജിറ്റല്‍ ആസ്തികളെ സംബന്ധിച്ച വ്യക്തമായ ഒരു നിയമം ഉണ്ടാകാതിരിക്കെ അതിന് നികുതി ചുമത്തുകയാണ് ചെയ്തിരിക്കുന്നത്. അതായത്, ആനയെ വാങ്ങുന്നതിന് മുന്‍പ് തോട്ടി വാങ്ങുന്ന തരത്തിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടാണ് ഇതില്‍ കാണാന്‍ കഴിയുക.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു നികുതിയും ചുമത്താന്‍ കഴിയില്ല എന്നിരിക്കെയാണ് ഇത്തരമൊരു നീക്കം. എന്നാല്‍ ഇതിന് പ്രത്യേക നിയമം ആവശ്യമില്ലെന്നും ഫിനാന്‍സ് ബില്‍ വഴി ആദായ നികുതി നിയമത്തില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരാന്‍ കഴിയുമെന്നുമാണ് ഒരു വിഭാഗം വിദഗ്ദര്‍ അവകാശപ്പെടുന്നത്. അപ്പോഴും ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ച നിയമം അനിവാര്യമായ ഒരു കാര്യമാണ്. നിയമം പാസാക്കുകയും തുടര്‍ന്ന് നികുതി വലയില്‍ കൊണ്ട് വരികയും ചെയ്യുക എന്ന ശരിയായ രീതിക്ക് പകരം എന്തുകൊണ്ട് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തി എന്ന ചോദ്യം പ്രസക്തമാവുകയാണ്. പാര്‍ലമെനിറ്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കെ, ജനാധിപത്യപരമായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട ശരിയായ നിലപാടും അത് തന്നെയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ച ബില്‍ അണിയറയില്‍ തയാറാകുന്ന സാഹചര്യത്തില്‍.
നിലവിലെ ആദായ നികുതി നിയമപ്രകാരം സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരമുണ്ടെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഈ ബജറ്റ് നിര്‍ദേശം നിരവധി പഴുതുകള്‍ക്ക് സാധ്യതയൊരുക്കുകയാണ്. ഡിജിറ്റല്‍ ആസ്തികള്‍ എന്ന് പറയുമ്പോള്‍ ആദ്യം വ്യക്തമാകേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നതാണ്. ഇപ്പോള്‍ പലതരത്തിലുള്ള വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ പ്രചരിക്കുന്നുണ്ട്. ഡിജിറ്റല്‍ സംഗീതം മുതല്‍ പെയിന്റിങ് വരെ ഇതില്‍പെടുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളാണ് ഇതില്‍ വരുന്നത് എന്നും അനുമാനിക്കുന്നവരുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വൈകാതെ വരുത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഏതായാലും ഇത്തരം കറന്‍സികള്‍ക്ക് നിയമപരമായ പ്രാബല്യം നല്‍കാതെ നികുതി പിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പരോക്ഷമായ അംഗീകാരം നല്‍കുകയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തിരിക്കുന്നത്. ഇത് ഒരു അംഗീകാരമായി കണ്ട് പണം നിക്ഷേപിക്കുന്നവര്‍ക്ക് എന്ത് ഉറപ്പാണ് നിയമം നല്‍കുന്നത് ?
അങ്ങനെ വരുമ്പോള്‍ നിക്ഷേപകര്‍ കബളിപ്പിക്കപ്പെടുന്നതിനുള്ള സാധ്യത ഏറുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് തന്നെ ഈയിടെ ഈ ആശങ്ക പങ്ക് വയ്ക്കുകയുണ്ടായി.
അതുകൊണ്ട് ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ച നിര്‍വചനം ഉണ്ടാകേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. അവിടെയാണ് ഇതിനായി പ്രത്യേക നിയമനിര്‍മാണം പ്രസ്‌കതമാകുന്നത് . വാതുവയ്പ്പിന് ചില രാജ്യങ്ങള്‍ നികുതി ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . അതുകൊണ്ട് എന്താണ് ഡിജിറ്റല്‍ ആസ്തികള്‍ എന്നതിന് കൃത്യമായ നിര്‍വചനവും അതിന്റെ പരിധികള്‍ എന്താണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തി ഉടന്‍ നിയമനിര്‍മാണം നടത്തണം. അതല്ലെങ്കില്‍ അവ്യക്തമായ ബജറ്റ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നതിന് സാധ്യതയുണ്ട്. നിയമകുരുക്കുകള്‍ക്കും ഇത് വഴി തുറന്നേക്കാം . വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ജി എസ് ടി ഒരു പാഠമായി നമുക്ക് മുന്നിലുണ്ട്.
