സമ്പദ് ഘടനയെ മുന്നോട്ടു നയിക്കാൻ സ്വതന്ത്ര വ്യാപാര കരാറുകൾ

കോവിഡാനന്തര സാമ്പത്തിക രംഗത്ത് ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തികൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യ ബഹുരാജ്യ വ്യാപാര കരാറുകളിലും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിലും പ്രാധാന്യം നല്‍കുമെന്ന കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയിലന്റെ പ്രസ്താവനയിലൂടെ സ്വതന്ത്ര വ്യാപാര കരാറുകളെ (എഫ് ടി എ) കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഒരു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണ്. ഇത് രാജ്യത്തിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കും. ഇരു രാജ്യങ്ങളുമായോ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ വഴിയോ നടത്തുന്ന […]

Update: 2022-07-10 02:16 GMT

കോവിഡാനന്തര സാമ്പത്തിക രംഗത്ത് ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തികൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യ ബഹുരാജ്യ വ്യാപാര കരാറുകളിലും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിലും പ്രാധാന്യം നല്‍കുമെന്ന കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയിലന്റെ പ്രസ്താവനയിലൂടെ സ്വതന്ത്ര വ്യാപാര കരാറുകളെ (എഫ് ടി എ) കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്.

ഒരു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണ്. ഇത് രാജ്യത്തിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കും. ഇരു രാജ്യങ്ങളുമായോ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ വഴിയോ നടത്തുന്ന വ്യാപാര കരാറുകള്‍ കയറ്റുമതിയും ഇറക്കുമതിയും കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നവയാണ്. മാത്രമല്ല, ഇതിലൂടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്ഥാനം നേടിയെടുക്കാനും സാധിക്കും.

രാജ്യത്തിന്റെ, അഥവാ സംസ്ഥാനങ്ങളുടെ തനത് ഉത്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കാനും താഴേക്കിടയിലുള്ള കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ വരുമാനം നേടിയെടുക്കാനും ഇത് സഹായകമാവും. ഇത്തരം എഫ് ടി എ-കളിലൂടെ വിദേശ ഉത്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ മികച്ച അവസരങ്ങള്‍ തുറന്നു കിട്ടുന്നു.

നികുതിയില്‍ കുടുങ്ങാതെ

ഒരു സ്വതന്ത്ര വ്യാപാര കരാര്‍ അല്ലെങ്കില്‍ ഉടമ്പടി എന്നത് രാജ്യങ്ങള്‍ക്കിടയില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള ഒരു കരാറാണ്. രണ്ട് തരത്തിലുള്ള വ്യാപാര കരാറുകളുണ്ട് - ഉഭയകക്ഷി വ്യാപാരവും, മള്‍ട്ടിലാറ്ററല്‍ കരാറും (ബഹുരാജ്യ വ്യാപാര കരാര്‍). ഇത്തരം സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ വഴി കയറ്റുമതി-ഇറക്കുമതി എന്നിവ നികുതി രഹിതമാകുന്നു. ഇതുവഴി കൂടുതല്‍ കാര്യക്ഷമായ കൈമാറ്റങ്ങള്‍ക്കും വിപണി തുറന്നു കിട്ടലുകള്‍ക്കും അവസരം ലഭിക്കുന്നു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങള്‍ ഒഴിവാക്കി സുഗമമായ വ്യാപാരം നടക്കുമ്പോഴാണ് ഉഭയകക്ഷി വ്യാപാര കരാറുകള്‍ ഉണ്ടാകുന്നത്. സാധാരണയായി ഈ കരാറിലൂടെ ബിസിനസ്സ് അവസരങ്ങള്‍ വികസിക്കുന്നു. ബഹുരാജ്യ കരാറുകള്‍ മൂന്നോ അതിലധികമോ രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളാണ്. ഏറെ സങ്കീര്‍ണ്ണമായ ഇവ ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും ഏറ്റവും പ്രയാസമുള്ളവയാണ്.

ചര്‍ച്ചകള്‍ക്ക് കീഴിലുള്ള മിക്ക സ്വതന്ത്ര വ്യാപാര കരാറുകളും സമഗ്രവും, ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഐപിആര്‍ മുതലായവ പൂര്‍ണ്ണമായും ഉള്‍പ്പെടുകയും ചെയ്യുന്നതുമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. താരിഫ് ഇതര നടപടികള്‍, നിയന്ത്രണ നടപടിക്രമങ്ങള്‍, വ്യാപാരം സുഗമമാക്കല്‍ എന്നിവ ഇത്തരം ചര്‍ച്ചകളുടെ ഭാഗമാണ്.

ഇന്ത്യയും പങ്കാളികളും

കയറ്റുമതി അധിഷ്ഠിത ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി രാജ്യങ്ങളുമായും പ്രാദേശിക തലത്തിലും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ ഇന്ത്യ 13 എഫ് ടി എ-കളിൽ ഒപ്പുവച്ചിട്ടുണ്ട്.

ഇന്ത്യ-മൗറീഷ്യസ് കോംപ്രിഹെന്‍സീവ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (സിഇസിപിഎ), ഇന്ത്യ-യുഎഇ സമഗ്ര പങ്കാളിത്ത കരാര്‍ (സിഇപിഎ), ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാര്‍ (IndAus ECTA) എന്നിങ്ങനെ മൂന്ന് പ്രധാന കരാറുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒപ്പുവെച്ചു.

2023 ഓടെ 500 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉപഭോക്താവ്. ബ്രിട്ടണ്‍, റഷ്യ, കാനഡ, ഇസ്രായേല്‍, സതേണ്‍ ആഫ്രിക്കന്‍ കസ്റ്റംസ് യൂണിയനില്‍ പെടുന്ന ബോട്‌സ്വാന, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഏസ്വതനി (സ്വാസിലാന്‍ഡ്), ജിസിസി രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

യുഎഇ ഒഴികെയുള്ള ജിസിസിയുടെ ഭാഗമായ രാജ്യങ്ങളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ $108 ബില്യണ്‍ അഥവാ 26% ത്തോളം സംഭാവന ചെയ്തിരിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും-യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന് സമാന്തരമായി നിക്ഷേപങ്ങളിലും ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷനുകളിലും ഉടമ്പടികള്‍ രൂപപ്പെടുത്താനുള്‌ല ലക്ഷ്യത്തിലാണ് ഇരു രാജ്യങ്ങളും.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വാര്‍ഷിക നിക്ഷേപം ഏകദേശം 500 ദശലക്ഷം യൂറോയില്‍ നിന്ന് ഇരട്ടിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിക്ഷേപ ബാങ്കായ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) പദ്ധതിയിടുന്നുണ്ട്. വാഹന മേഖലയെ ഉള്‍ക്കൊള്ളുന്ന താരിഫ് നിയമങ്ങളെക്കുറിച്ചും പ്രൊഫഷണലുകള്‍ക്കുള്ള സ്വതന്ത്ര സഞ്ചാര അവകാശങ്ങളെക്കുറിച്ചും ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ഇരുപക്ഷവും മുന്‍പ് പിന്‍വലിച്ചത്.

2024 ല്‍ ഇന്ത്യ പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. അതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്വതന്ത്ര വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം. വ്യാപാരം, കാലാവസ്ഥ, ക്ലീന്‍ എനര്‍ജി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ കൂടുതല്‍ സഹകരണം ഇരുപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍ പോലുള്ള മേഖലകളില്‍ സാധ്യമായ സഹകരണവും കരാറില്‍ ഉള്‍പ്പെട്ടേക്കാം.

വരാനിരിക്കുന്ന കരാറുകൾ

2019 ല്‍ ഇന്ത്യയും ബ്രിട്ടണു തമ്മില്‍ 23 ബില്യണ്‍ പൗണ്ടിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപം ഇതിനകം ബ്രിട്ടണിലുടനീളം 95,000 തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇരു രാജ്യങ്ങളിലുമായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. നിലവില്‍ പുതിയ കരാര്‍ പ്രകാരം ചരക്കുകളുടെ 65 ശതമാനം കവറേജും സേവനങ്ങള്‍ക്ക് 40 ശതമാനം കവറേജും നേടാനാണ് ബ്രിട്ടണുമായുള്ള ഇടക്കാല ലക്ഷ്യമിടുന്നതെന്ന് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവെച്ചത് എഫ് ടി എ ചർച്ചകളെ എത്രത്തോളം ബാധിക്കുമെന്നതിൽ എല്ലാവർക്കും ആശങ്കയുണ്ട്.

ആസിയാന്‍ ഗ്രൂപ്പിന്റെ താരിഫ് ഇതര തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങള്‍ കാര്‍ഷിക, വാഹന മേഖലകളിലെ വിപണി നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്നും അതോടൊപ്പം സ്വന്തം സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഇളവുകള്‍ നല്‍കണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. 2019 നവംബറില്‍ റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (ആര്‍സിഇപി) നിന്ന് ഇന്ത്യ പിന്മാറിയതിന്റെ കാരണവും ഈ ആശങ്കകളാണ്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനും (എഫ്ഐഇഒ) സര്‍ക്കാര്‍ സംരംഭങ്ങള്‍ കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ രാജ്യത്തെ സഹായിക്കുന്നുണ്ടെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

വലിയ തോതിലുള്ള വ്യാപാര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി ആസിയാന്‍ ഗ്രൂപ്പ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പങ്കാളികളുമായിനിലവിലുള്ള സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ പുനഃപരിശോധിക്കുകയാണ് ഇന്ത്യ. 2006 നും 2011 നും ഇടയില്‍ പ്രാബല്യത്തില്‍ വന്ന ആറ് പ്രമുഖ സ്വതന്ത്ര വ്യാപാര കരാറുകളില്‍ അഞ്ചെണ്ണം രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയെ വഷളാക്കിയതിനാല്‍ ഫെബ്രുവരിയില്‍ യുഎഇയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഒരു ദശാബ്ദത്തോളം ഇന്ത്യ ജാഗ്രത പാലിച്ചു. ആസിയാന്‍ ഗ്രൂപ്പ്, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകളാണിത്. 1993 ലെ മുന്‍ഗണനാ വ്യാപാര ഉടമ്പടിക്ക് പകരം വന്ന സൗത്ത് ഏഷ്യ ഫ്രീ ട്രേഡ് ഏരിയ കരാര്‍ മാത്രമാണ് ഇന്ത്യയ്ക്ക് വ്യക്തമായ വിജയം നേടിത്തന്നത്.

ഫെബ്രുവരിയില്‍, ഇന്ത്യ യുഎഇയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു. ഒരു ദശാബ്ദത്തിലേറെയായി സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ നടത്തിയ ആദ്യ കരാറാണിത്. തുടര്‍ന്ന് ഏപ്രിലില്‍ ഓസ്ട്രേലിയയുമായി ഒരു ഇടക്കാല വ്യാപാര കരാര്‍ നടത്തി. ഇതിലൂടെ സ്വതന്ത്ര വ്യാപര കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇരുപക്ഷവും ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയും കാനഡയും ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വയ്ക്കും.

സമ്പദ് ഘടനയുടെ ശക്തമായ വളർച്ചക്ക് ലോക രാജ്യങ്ങളുമായി സൗഹൃദപൂർണമായ ബന്ധങ്ങൾ വളർത്തിയെടുത്തേ മതിയാവു. എഫ് ടി എ-കൾ അതിലേക്കുള്ള സുപ്രധാന ചുവടുവെയ്പുകളാണ്. അതിനായുള്ള പരിശ്രമങ്ങൾ നടക്കുന്നു എന്നത് തികച്ചും ആശാവഹമാണ്.

Tags:    

Similar News