വിലക്കയറ്റത്തില്‍ തളരാതിരിക്കാന്‍ സാമ്പത്തിക അച്ചടക്കം ശീലമാക്കാം
മഹാമാരി പിടിച്ചുലച്ച രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തെല്ലൊരു ആശ്വാസമായാണ് പുതിയ സാമ്പത്തിക വര്‍ഷം എത്തിയിരിക്കുന്നത്. വിപണി ഉണര്‍ന്നപ്പോഴേക്കും വിലക്കയറ്റം വില്ലനായി എത്തിയിരിക്കുകയാണ്. ആഗോള തലത്തില്‍ റഷ്യ - യുക്രെയ്ന്‍ പ്രതിസന്ധിയും പണപ്പെരുപ്പവും എല്ലാത്തിനുപരി ക്രൂഡ് ഓയില്‍ സെഞ്ച്വറിയടിച്ച് നോട്ടൗട്ട് ആവാതെ മുന്നോട്ട് പോകുമ്പോള്‍ ചോരുന്നത് നമ്മുടെ പോക്കറ്റാണ്. സര്‍വ്വ മേഖലയിലും വിലക്കയറ്റമാണ്. ഭക്ഷ്യ വസ്തുക്കള്‍, നിര്‍മ്മാണ മേഖല, ഓട്ടോമൊബൈല്‍, ഇന്ധനം, സര്‍വീസ് ചാര്‍ജ്ജുകള്‍ അങ്ങനെ മനുഷ്യരുടെ ദൈന്യംദിന ഇടപാടുകള്‍ക്ക്, കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ നിന്നു തന്നെ വേണം അധിക […]
മഹാമാരി പിടിച്ചുലച്ച രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തെല്ലൊരു ആശ്വാസമായാണ് പുതിയ സാമ്പത്തിക വര്‍ഷം എത്തിയിരിക്കുന്നത്. വിപണി ഉണര്‍ന്നപ്പോഴേക്കും വിലക്കയറ്റം വില്ലനായി എത്തിയിരിക്കുകയാണ്. ആഗോള തലത്തില്‍ റഷ്യ - യുക്രെയ്ന്‍ പ്രതിസന്ധിയും പണപ്പെരുപ്പവും എല്ലാത്തിനുപരി ക്രൂഡ് ഓയില്‍ സെഞ്ച്വറിയടിച്ച് നോട്ടൗട്ട് ആവാതെ മുന്നോട്ട് പോകുമ്പോള്‍ ചോരുന്നത് നമ്മുടെ പോക്കറ്റാണ്. സര്‍വ്വ മേഖലയിലും വിലക്കയറ്റമാണ്. ഭക്ഷ്യ വസ്തുക്കള്‍, നിര്‍മ്മാണ മേഖല, ഓട്ടോമൊബൈല്‍, ഇന്ധനം, സര്‍വീസ് ചാര്‍ജ്ജുകള്‍ അങ്ങനെ മനുഷ്യരുടെ ദൈന്യംദിന ഇടപാടുകള്‍ക്ക്, കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ നിന്നു തന്നെ വേണം അധിക ചിലവിനുള്ള തുക കണ്ടെത്താന്‍. അവശ്യ വസ്തുക്കളുടെ വിലയിലുണ്ടായ മാറ്റം മനസിലാക്കി ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ബജറ്റ് താളംതെറ്റും.
പിടി തരാതെ ഇന്ധനവില
ശരാശരി കുടുംബത്തിന് ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് ഇന്ധനവില വര്‍ധനവ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇനി അനാവശ്യമായ യാത്രകളും കുറയ്‌ക്കേണ്ടി വരും. യുക്രെയ്ന്‍ പ്രതിസന്ധി കാരണം ഒരു സമയത്ത് ക്രൂഡ് ഓയില്‍ വില 135 ഡോളര്‍ കടന്നിരുന്നു. ഇന്ന് 105 ഡോളറിലേക്കെത്തിയെങ്കിലും ക്രൂഡ് വില കുതിക്കുകയാണ്. പത്ത് ദിവസത്തിനിടെ 9 തവണ വില വര്‍ധനവുണ്ടായി. പെട്രോളിന് ഇതുവരെ 6.91 രൂപയും ഡീസലിന് 6.69 രൂപയും വര്‍ദ്ധിച്ചു.
ഇരുചക്ര വാഹനമുപയോഗിക്കുന്ന ഒരാളെ സംബന്ധിച്ച് ഇരട്ടിയാണ് ബജറ്റില്‍ നിന്ന് ഇന്ധത്തിനായി ചെലവാക്കേണ്ടത്. പൊതു ഗതാഗത നിരക്കുകളിലും മാറ്റം വന്നിരിക്കുകയാണ്. പുതുക്കിയ നിരക്കുസരിച്ച് ബസുകള്‍ക്ക് മിനിമം 10 രൂപയും ഓട്ടോയ്ക്ക് 30 രൂപയും നല്‍കണം. മുന്‍പത്തെ നിരക്കു പ്രകാരം ബസില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് ഫെയര്‍ ചാര്‍ജ്ജുള്‍പ്പെടെ 12.50 രൂപ നല്‍കണം. വിദ്യാര്‍ഥികള്‍ക്കും, ദിവസേനെ ചെറിയ വരുമാനത്തിനായി ജോലിയെടുക്കുന്നവര്‍ക്കും ഇത് ബാധ്യതയാവും.
അടുക്കളയില്‍ കണ്ണീര്‍ വീഴും
അടുക്കള ചെലവ് ഇനിയും കൂടും. പാചക വാതകത്തിന് മാത്രം അവസാനം 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു കുടുംബത്തിന്റെ ബജറ്റാണ് ഇതിലൂടെ താളം തെറ്റുന്നത്. യാത്രകള്‍ക്കായി വിമാനം തിരഞ്ഞെടുക്കുന്നതിന് മുന്‍പും ഒന്നാലോചിക്കേണ്ടി വരും. ഈ വര്‍ഷം മാത്രം 7 തവണയാണ് വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍(ATF) നിരക്ക് വര്‍ധിപ്പിച്ചത്.
ഏറ്റവുമൊടുവില്‍ 2 ശതമാനം വര്‍ധനവോടെ ഇന്ധനത്തിന് (കിലോ ലിറ്റര്‍) 2,258.54 രൂപയാണ് കൂടിയത്. പ്രവാസികളടക്കം വലിയൊരു വിഭാഗത്തിനാണ് ഇത് തിരിച്ചടിയാവുക. ഇന്നലെ പ്രകൃതി വാതകത്തിന്റെ അടിസ്ഥാന നിരക്കില്‍ ഇരട്ടിയോളമാണ് വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതോടെ സിഎന്‍ജിയും മെട്രോ നഗരങ്ങളിലെ പൈപ്പ്ഡ് ഗ്യാസിനും (പിഎന്‍ജി) വില കുത്തനെ ഉയരും. വൈദ്യുത ബില്ലിലും വളം നിര്‍മ്മാണത്തിനും ഇത് തിരിച്ചടിയാകുകയും ചെയ്യും.
വാഹനം ബാധ്യതയാകും
ഇന്ധന വിലയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് മുന്നിലാണ് പുതിയ വാഹന നികുതി പരിഷ്‌ക്കാരങ്ങള്‍ എത്തുന്നത്. പുതിയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ബാധകമാകുകയാണ്, ഒപ്പം പഴയ വാഹനങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന നികുതിയില്‍ വര്‍ധനവും ഉണ്ടാകും. പുതിയ വാഹനങ്ങള്‍ക്ക് 500 മുതല്‍ 2000 രൂപ വരെയാണ് നല്‍കേണ്ടി വരിക. റീ- രജിസ്‌ട്രേഷന്‍ ചാര്‍ജ്ജുകളും കുത്തനെ കൂട്ടി. ഇരുചക്ര വാഹനങ്ങള്‍ക്ക് 300 ല്‍ നിന്ന് 1000 രൂപയായും കാറിന് 600 ല്‍ നിന്ന് 5000 രൂപയായുമാണ് വര്‍ധന.
ഇറക്കുമതി ചെയ്തവയാണെങ്കില്‍ ഇത് യഥാക്രമം 10,000 രൂപയും 40,000 രൂപയുമായിരിക്കും. ഫിറ്റനസ് പരിശോധനയും കയ്യിലൊതുങ്ങില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് 400 ല്‍ നിന്ന് 1400 രൂപയും കാറിന് 600 ല്‍ നിന്ന് 8300 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ബസ് ഉടമകള്‍ക്കും വരെ കോവിഡ് കാലം ദുരിതമായിരുന്നു. നികുതിയിനത്തില്‍ സമ്പാദ്യമൊക്കെ അടച്ചു തീര്‍ത്തപ്പോഴേക്കും പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇരട്ട പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
ഭൂനികുതി മുതല്‍ കുടിവെള്ളം വരെ
വില്ലേജ് ഓഫീസുകളില്‍ നമ്മളടയ്ക്കുന്ന ഭൂനികുതിയില്‍ ഇരട്ടിയാണ് വര്‍ധനവ്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കും. ഭൂമിയുടെ ന്യായ വിലയില്‍ മാത്രം 10% ത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇത് കൂടാതെയാണ് ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലുള്ളവര്‍ക്കും നിരക്ക് വര്‍ധനവുണ്ടാകാന്‍ പോകുന്നത്. ഇനി എല്ലാ വര്‍ഷവും ഈ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി. ചുരുങ്ങിയത് 5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. സാധാരണക്കാരന്റെ ചെറിയ ബജറ്റില്‍ ഇതൊക്കെ വലിയ ആഘാതം സൃഷ്ടിക്കും.
ഹോട്ടല്‍ ഭക്ഷണം 'ദഹിക്കില്ല'
ഇന്ന് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്് 250 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ വില 2,253 രൂപയിലെത്തി. മാര്‍ച്ച് ഒന്നിന് വാണിജ്യ പാചക വാതക സിലിണ്ടറിന് 105 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇന്ധന വില കൂടിയപ്പോള്‍ ലോറി വാടകയിനത്തില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍പ് നല്‍കിയിരുന്നതിനെക്കാള്‍ 100 മുതല്‍ 160 രൂപ വരെ അധികം തല്‍സ്ഥിതിയില്‍ നല്‍കേണ്ട സ്ഥിതിയാണ്.
ഇത് ഹോട്ടല്‍ ബില്ലുകളിലും പ്രതിഫലിക്കും. മാസത്തില്‍ പുറത്ത് നിന്ന് കഴിക്കുന്നതിന്റെ ബില്‍ നാലിലൊന്നായി ചുരുക്കിയാല്‍ മാത്രമെ നമ്മുടെ പോക്കറ്റില്‍ കാശുണ്ടാകുകയുള്ളൂ. വിലക്കയറ്റം തടയാനാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാത്തത്. പലിശ നിരക്ക് ഇനിയും കുറച്ചാല്‍ വായ്പാ പണം വിപണിയിലെത്തി വീണ്ടും വിലക്കയറ്റം ഉണ്ടാകും. നിലവില്‍ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ മേഖലയിലെ വസ്തുക്കള്‍ക്കെല്ലാം 30-40% വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സേവന മേഖലകളിലും സ്ഥിതി സമാനമാണ്. എന്തായാലും പിടിച്ചു നില്‍ക്കാന്‍ നമ്മുടെ ചെലവുകള്‍ ചുരുക്കാം.
