വാദപ്രതിവാദങ്ങളോടെ കെ-റെയിൽ സംവാദത്തിനു തുടക്കം

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തിരുവന്തപുരത്തു ഹോട്ടല്‍ താജ് വിവാന്തയില്‍ ഇന്ന് നടക്കുകയുണ്ടായി. കേരളത്തിന്റെ വികസനം, ഗതാഗത സൗകര്യങ്ങളിലെ ആധുനിക ആവശ്യങ്ങൾ, സാമ്പത്തിക സ്ഥിതി, പരിസ്ഥിതി ആഘാതം തുടങ്ങി ആശങ്കകള്‍ ഉയര്‍ത്തിയ മേഖലകളെല്ലാം പരിഗണിച്ചാണ് സില്‍വര്‍ലൈന്‍ ചര്‍ച്ച നടന്നത്. റിട്ട സിപിഒയും, നാഷണൽ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേ സീനിയര്‍ പ്രഫസറും എച്ച്ഒഡിയുമായ മോഹന്‍ എ മേനോന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍- (ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് […]

Update: 2022-04-28 23:01 GMT

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തിരുവന്തപുരത്തു ഹോട്ടല്‍ താജ് വിവാന്തയില്‍ ഇന്ന് നടക്കുകയുണ്ടായി. കേരളത്തിന്റെ വികസനം, ഗതാഗത സൗകര്യങ്ങളിലെ ആധുനിക ആവശ്യങ്ങൾ, സാമ്പത്തിക സ്ഥിതി, പരിസ്ഥിതി ആഘാതം തുടങ്ങി ആശങ്കകള്‍ ഉയര്‍ത്തിയ മേഖലകളെല്ലാം പരിഗണിച്ചാണ് സില്‍വര്‍ലൈന്‍ ചര്‍ച്ച നടന്നത്.

റിട്ട സിപിഒയും, നാഷണൽ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേ സീനിയര്‍ പ്രഫസറും എച്ച്ഒഡിയുമായ മോഹന്‍ എ മേനോന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍- (ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ്) ഡോ കുഞ്ചെറിയ പി ഐസക് (കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍), സുബോധ് കുമാര്‍ ജെയിന്‍ (റിട്ട. റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (എഞ്ചിനീയറിംഗ്), ഡോ ആര്‍ വി ജി മേനോന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍-കണ്ണൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് മുന്‍ പ്രിന്‍സിപ്പല്‍) എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍.

ഡോ. കുഞ്ചെറിയ പി ഐസക്

കേരളത്തിന്റെ ഗതാഗത വികസനത്തിന്റെ ഭാഗമാണ് കെ-റെയിൽ പദ്ധതിയെന്നും, മികച്ച വേഗത്തില്‍ യാത്ര കേരളത്തില്‍ സാധ്യമാകണമെന്നും ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് ഡോ. കുഞ്ചെറിയ പി ഐസക് പറഞ്ഞു. കേരളത്തിലെ ദേശീയ- സംസ്ഥാന പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വേഗത 40 കിലോമീറ്ററാണ്.
റെയില്‍വേ കണക്കാക്കിയാല്‍ ജനശദാബ്ദിയോ രാജധാനിയോ പോലും 60 കിലോമീറ്ററാണ് വേഗത. എന്നാല്‍ ആളുകള്‍ കുറഞ്ഞ സമയത്തില്‍ എത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. കേരളത്തില്‍ റോഡ് അപകടം കൂടുന്നതിന്റെ കാര്യവും ഇതാണ്. മികച്ച പൊതു ഗതാഗത സൗകര്യങ്ങള്‍ മികച്ചതാക്കി ഇതിന് പരിഹാരം കണ്ടെത്തണമെന്നും ഐസക് വാദിച്ചു.

12 ജില്ലയിലും ബന്ധിപ്പിക്കുന്ന ഹൈവേ 2002 ല്‍ പ്ലാന്‍ ചെയ്തപ്പോള്‍ 6400 കോടി രൂപയായിരുന്നു ചെലവ്. യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് അഞ്ച് മണിക്കൂര്‍ ആയി കുറയ്ക്കാനുള്ളതായിരുന്നു ഈ പദ്ധതി. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കേരളത്തില്‍ നാഷണല്‍ ഹൈവേ 66 വന്നു.

കേരളത്തിന് ആവശ്യം തെക്ക് വടക്ക് ബന്ധിപ്പിച്ചുള്ള അലയ്ന്‍മെന്റും ഒപ്പം ഇടവിട്ട് കിഴക്ക്-പടിഞ്ഞാറന്‍ ഹൈവേയുമാണ്. വേഗത കൂടിയ യാത്രകള്‍ ഇന്നത്തെ കാലത്ത് ആവശ്യമാണ്. ഹൈസ്പീഡ് ഗതാഗതം നമ്മള്‍ കാര്യമായി എടുക്കണം.

ജലഗതാഗതവും നമുക്ക് ആവശ്യമാണ്. ഇന്റ് മോഡ് ട്രാന്‍സ്ഫര്‍ സുഗമമമാകണം. കെ-റെയിലില്‍ ലഭിക്കുന്നത് മികച്ച സൗകര്യമാണ് മൈട്രോയ്ക്ക് ഇല്ലാതെ പോയതും ഈ കാര്യമാണ്. ബസ് ടെര്‍മിനല്‍, റെഗുലര്‍ റെയില്‍, സ്വകാര്യ പാര്‍ക്കിംഗ് എല്ലാം പദ്ധതിയിൽ ലഭ്യമാകണം.

1950-കളില്‍ ഹൈവേകള്‍ അമേരിക്കയില്‍ തുടങ്ങി. സൗകര്യങ്ങള്‍ വന്നതിന് ശേഷം മാത്രം സാമ്പത്തിക ലാഭം പ്രതീക്ഷിക്കുക. മികച്ചതും സുരക്ഷയുള്ളതും സൗകര്യപ്രദവുമായ ഗതാഗതം വേണം ഇതിന്. ടൂറിസം ഇതിനൊപ്പം വളരും. ഓരോ ഘട്ടത്തിലും കേരള സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും. നമ്മുടെ എഞ്ചിനീയര്‍മാര്‍ അതിന് പ്രാപ്തരാണ്.

എസ് എന്‍ രഘുചന്ദ്രന്‍ നായര്‍

96 ലക്ഷം ഏക്കര്‍ ആണ് കേരളത്തിന്റെ ഭൂവിസ്തൃതി. എല്ലാ ഗതാഗതമാര്‍ഗങ്ങളും കായലും, പുഴയും എല്ലാം കഴിഞ്ഞ് വെറും 15 ലക്ഷം ഏക്കര്‍ മാത്രമേ വികസനത്തിനായി ഉള്ളു എന്ന് പറഞ്ഞാണ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ ചര്‍ച്ചയിലേക്ക് കടന്നത്. കേരളത്തില്‍ 1000 പേര്‍ക്ക് 5 കിലോമീറ്റര്‍ റോഡ് എന്നതരത്തിലാണ് ഉള്ളത്.

2013 ല്‍ സംസ്ഥാനത്തു 1000 പേര്‍ക്ക് 425 വാഹനമുണ്ട്. എന്നാല്‍ ദേശീയ ശരാശരി 18 ശതമാനമേ ഉള്ളു. നമ്മുടെ വെഹിക്കിള്‍ ഡെന്‍സിറ്റി കൂടുതലാണ്. ഇതാണ് കെ-റെയിലിലെ പിന്തുണയ്ക്കാന്‍ എസ് എന്‍ രഘു ചന്ദ്രന്‍ നായര്‍ ഊന്നിപ്പറഞ്ഞ കാരണം. സര്‍ക്കാരുമായുള്ള ഏത് ഇടപാടിലും ജനതയ്ക്ക വിശ്വാസക്കുറവുണ്ട്; അത് മാറണം.

കേരളം വളരെ പെട്ടെന്ന് സീനിയര്‍ സിറ്റിസണ്‍ സംസ്ഥാനമാകും. ചെറുപ്പക്കാര്‍ രാജ്യം വിടുകയാണ്. എന്തു എതിർപ്പുണ്ടെങ്കിലും 25 കൊല്ലം കഴിഞ്ഞാല്‍ കേരളത്തില്‍ ആവശ്യങ്ങൾ പതിന്മടങ്ങായി ഉയരും. പഴയ പദ്ധതിയേക്കാള്‍ വന്‍ തുകയാണ് പിന്നീട് വേണ്ടി വരിക. റെയില്‍വേ പാളം ഇരട്ടിപ്പ് നടക്കുന്നില്ല. 3000 കോടിരുപ മാത്രമാണ് റെയില്‍വേ കേരളത്തിന് വേണ്ടി ഈ വര്ഷം മുടക്കിയിട്ടുള്ളത്.

റോഡപകടങ്ങൾ മൂലമുള്ള മരണങ്ങള്‍ കൂടുകയാണ്; ഇതിനുള്ള നഷ്ടപരിഹാരം തന്നെ മതിയാകും മികച്ച ഗതാഗാത സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാന്‍. ഇന്ധനവില കൂടുന്നതും പ്രധാന ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രെയില്‍ ഗതാഗതത്തിലെ പോരായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രെയ്‌നിന് സ്റ്റോപ്പ് കൂടുന്നത് യാത്രാ സ്പീഡ് കുറയ്ക്കും. നമുക്ക് സ്പീഡ് ട്രാവല്‍ വേണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ സില്‍വര്‍ ലൈന്‍ വരികയാണെങ്കില്‍ ബിസിനസുകളും വര്‍ധിക്കും.

കെ-റെയിലില്‍ ട്രക്ക് കേറുന്ന പദ്ധതിയുണ്ട്. വൈകുന്നേരങ്ങളിലാണ് കൂടുതല്‍ ചരക്കു ഗതാഗതം ലക്ഷ്യമിടുന്നത്. ഇതെല്ലാം കൂടുതല്‍ വ്യാവസായി വളര്‍ച്ചയ്ക്ക് ലക്ഷ്യമിടും. ടൂറിസം കണക്റ്റിവിറ്റി കൂടും. രാഷ്ട്രീയപരമായി കാര്യങ്ങളെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3000 വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള കെ-റെയില്‍ സൗകര്യത്തെ എസ് എന്‍ രഘുചന്ദ്രന്‍ നായരും എടുത്ത് പറഞ്ഞു. സിമെന്റ്, കമ്പി തുടങ്ങി എല്ലാം വില വര്‍ധിച്ചതിനാല്‍ നിര്‍മാണത്തിന് കൂടുതല്‍ പണം ആവശ്യമാണ് . 20,000 കോടി ഹൈവേയ്ക്ക് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. ആറ് വരി പാതയാണ് ആവശ്യം. വാഹനങ്ങള്‍ അത്ര വര്‍ധിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ കണക്റ്റിവിറ്റി നടത്താം. ഫീസിബില്‍ ആക്കാം. 200 കിലോ ആണ് ആവറേജ് കിലോമീറ്റര്‍ യാത്ര.

ഡയമണ്ട് ക്വാഡ്രിലാറ്ററലിൽ കേരളം ഭാഗമല്ല. അതൊരു പ്രധാന പോരായ്മയാണ്. രാജ്യം മൊത്തം കണക്ടിവിറ്റിയാണ് ഇത് മൂന്നോട്ട് വയ്ക്കുന്നത്. തിരിച്ചടവ് കഴിവ് നോക്കി മാത്രമാണ് ഏത് ഏജന്‍സിയും പണം നല്‍കുന്നത്. അതിനാല്‍ ഫണ്ടിംഗില്‍ ടെന്‍ഷന്‍ വേണ്ടെന്നാണ് രഘുചന്ദ്രന്‍ നായർ അഭിപ്രായപ്പെട്ടത്.

വീടിനകത്ത് കല്ലിടുന്ന സംഭവങ്ങളൊക്കെ ഒഴിവാക്കണം. ആളുകളുടെ വിശ്വാസം നേടി മനസിലാക്കി വേണം സര്‍വേ നടത്താന്‍. ബഫര്‍ സോണിലും സംശയങ്ങളുണ്ട്. ഇന്ത്യ റെയില്‍ 30 മീറ്ററാണ് ബഫര്‍ സോണ്‍ കണക്കാക്കിയിരിക്കുന്നത്; അതെ സമയം കെ റെയില്‍ 10 മീറ്റര്‍ മാത്രമാണ് ബഫര്‍ സോണ്‍ പിടിച്ചിട്ടുള്ളത്. ബഫര്‍ സോണില്‍ ലോണ്‍ കിട്ടുന്നുണ്ട്. ഭൂമി വില്‍ക്കാം. എന്‍ഒസി വാങ്ങണം എന്നുമാത്രം. കെറെയിലും ഇത് ആവശ്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരണം.

സ്പീഡ് റെയിലുകള്‍ക്ക് രണ്ട് സൈഡിലും വേലി കെട്ടണം. ക്രോസിംഗ് സൗകര്യം നല്‍കണം. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തു വേണം പദ്ധതി നടപ്പിലാക്കാന്‍ എന്നു പറഞ്ഞ രഘു ചന്ദ്രന്‍ സില്‍വര്‍ ലൈന്‍ 100 ശതമാനം മികച്ചതാണെന്ന് അഭിപ്രായമില്ലെന്നും എന്നാല്‍ ഇതൊരു മികച്ച തുടക്കമാണെന്നും വ്യക്തമാക്കി.

ആര്‍ വി ജി മേനോന്‍

വിഷയം കേരളത്തിലെ ഗതാഗതമാണ് ആവശ്യമെന്ന കുഞ്ചറിയയുടെ അഭിപ്രായത്തോട് യോജിച്ചാണ് ആര്‍ വി ജി മേനോന്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. വിപണിയ്ക്ക് വിട്ടാല്‍ ഹ്രസ്വകാല ലാഭം ഉണ്ടാക്കാനാകും ശ്രമം. ഇത് വികസനത്തെ തിരിച്ചു വിടുമെന്നും ലോബികള്‍ ആയിരിക്കും പിന്നീട് കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്നും അദ്ദേഹം വിമര്‍ശിച്ചു. പാനലിലെ ഒരേയൊരു കെ-റെയില്‍ എതിര്‍ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.

ഗതാഗത ആവശ്യങ്ങള്‍ വ്യക്തഗത ഗതാഗതത്തിലൂടെ സാധ്യമാകില്ല. പൊതു ഗതാഗതം ആവശ്യമാണ്. കഴിവുകേടുകൊണ്ടാണ് കേരളത്തിലെ വികസന പദ്ദതികള്‍ പലതും നടക്കാതെ പോകുന്നത്.

പാത ഇരട്ടിപ്പിക്കല്‍ പ്രാവര്‍ത്തികമാക്കിയാല്‍ കെ-റെയില്‍ ആവശ്യമില്ലെന്ന് ആര്‍ വി ജി മേനോന്‍ വ്യക്തമാക്കി. നാട്ടുകാരെയാണ് എപ്പോഴും കുറ്റം പറയുന്ന ശീലമാണ് അധികൃതര്‍ക്കുള്ളത്.

ഷൊര്‍ണൂരിന് വടക്കോട്ട് പാത വികസനം ഇല്ല. കേരളത്തോട് റെയില്‍വേയ്ക്ക് അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാന്‍ഡേഡ് ഗേജിൽ ആണ് കേ റെയില്‍ നിർമാണം; ഇതാരാണ് തീരുമാനിച്ചതെന്നും അദ്ദേഹം ശബ്ദമുയര്‍ത്തി. കെ റെയിലിന് ഇന്‍ര്‍ ഓപ്പറബിലിറ്റി ഇല്ല. പല സില്‍വര്‍ലൈന്‍ സ്റ്റേഷനുകളും നഗര ഭാഗങ്ങളിലല്ല ഉള്ളത്. എറണാകുളത്തേത് കാക്കനാടും കൊല്ലത്തിലേത്ത് മുഖത്തലയില്‍ വെള്ളക്കെട്ടിലുമാണുള്ളത്. നിരവധി പാരിസ്ഥിത പ്രശ്‌നങ്ങളുണ്ട്. തോട് മാറ്റാനാണ് പല സില്‍വര്‍ലൈന്‍ പഠനങ്ങളും മുന്നോട്ട് വയ്ക്കുന്ന പരിഹാരമെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിലവിലെ കേരളത്തിലെ റെയില്‍ പാതകളിലൂടെ അതിവേഗ ട്രെയില്‍ ഓടിക്കാന്‍ പറ്റില്ല. 626 വളവുകള്‍ കേരളത്തിലുണ്ട്. വളവുകള്‍ നിര്‍ത്തിയാലെ സ്പീഡ് കൂട്ടാന്‍ പറ്റു. കൂടാതെ അതിവേഗ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍ കുറയച്ച് കൊടുക്കണം. മൂന്നും നാലും പാതകള്‍ കേരളത്തില്‍ ഇടുന്നതിനെ പഠിക്കണം. ഇതുമായാണ് കെ-റെയിലിനെ താരതമ്യം ചെയ്യേണണ്ടത്.

സിഗ്നൽ സ്റ്റിസം ആധുനികവത്കരിച്ചാല്‍ തന്നെ മിനിറ്റുകള്‍ ഇടവിട്ട് ട്രെയിൻ ഓടിക്കാം. അധിക ചെലവ് കേരള സര്‍ക്കാര്‍ പങ്ക് വഹിച്ച് കേന്ദ്രത്തിനൊപ്പം എടുക്കണം. കടം വാങ്ങി കൃത്യമായി തിരച്ചടയ്ക്കണം. സ്ഥലം എടുക്കേണ്ടിവരും. മാന്യമായ നഷ്ട പരിഹാരം നല്‍കുക. വഴിമാറി ചിന്തിക്കണം. ഈ ചര്‍ച്ച 4 വര്‍ഷം മുന്‍പ് വേണ്ടതായിരുന്നു. പ്രോജക്റ്റിന്റെ ആശയങ്ങള്‍ വ്യാപകമായി ചര്‍ച്ച നടത്തണം. പല അഭിപ്രായങ്ങളും കേട്ട് വേണം ചെയ്യാന്‍. ഇപ്പോഴെങ്കിലും പുറമേയുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ടതിന് നന്ദിയുണ്ടെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു. എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന കാഴ്ചപ്പാടാണ് കെ റെയില്‍ കാര്യത്തില്‍ വച്ച് പുലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുബോധ് കുമാര്‍ ജെയിന്‍

ഭാവിയെ കുറിച്ച് ചിന്തിച്ചുള്ള വികസനമാണ് ആവശ്യമെന്ന ആശയമാണ് സുബോധ് കുമാര്‍ ജെയിന്‍ പങ്കുവയ്ച്ചത്. രാഷ്ട്രീയമാണ് എല്ലാം തകിടം മറിക്കുന്നത്. പണം മുടക്കിയാല്‍ ഉടന്‍ വരുമാനം തിരിച്ച് കിട്ടണം എന്നതാണ് ചിന്ത. വികസനം സാധ്യമാകണം. പുറകെ പണം സാധ്യമാകും. മള്‍ട്ടി നാഷണല്‍ ഡെവലപ്‌മെന്റ് ബാങ്കുകളില്‍ നിന്നും കടമെടുക്കാവുന്നതാണ്.10 വര്‍ഷം മൊറട്ടോറിയമാണ് കെ റയിലിനുള്ളത്. 25 വര്‍ഷത്തെ വായ്പാ കാലവധിയുമുണ്ട്. ഇതെല്ലാം കാര്യക്ഷമായി ഉപയോഗപ്പെടുത്തിയാല്‍ കെ- റെയില്‍ നമുക്ക് നടപ്പില്‍ വരുത്താനാകുമെന്നാണ് സുബോധ് കുമാര്‍ ജെയിന്‍ പറഞ്ഞു വച്ചത്.

Tags:    

Similar News