അടി തെറ്റിയാല്‍ ആമസോണും, ഇ- പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒഎന്‍ഡിസി പൂട്ട് വരുന്നു

കുടുംബശ്രീ അടുക്കളകളിലെ പലഹാരങ്ങള്‍ മുതല്‍ പെട്ടിക്കടകളിലെ ഉത്പന്നങ്ങളില്‍ വരെ ഓണ്‍ലൈന്‍ വില്‍പന നടത്തി ആധിപത്യം സ്ഥാപിച്ച ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമടക്കമുള്ള ഇ-കൊമേഴ്സ് വമ്പന്മാര്‍ക്ക് മൂക്കുകയറിടാനുള്ള സര്‍ക്കാര്‍ നീക്കം വൈകാതെ പൂര്‍ത്തിയാകും. വമ്പന്‍ വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വില്‍പനയില്‍ ആമസോണ്‍ പോലുള്ള കമ്പനികള്‍ മുന്‍ഗണന നല്‍കിയപ്പോള്‍ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് തഴയപ്പെട്ടത്. ഇന്‍ഫോസിസ് സ്ഥാപകനായ നന്ദന്‍ നിലേകനി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി തയാറാക്കിയ ഉപദേശക സമിതിയുടെ പിന്‍ബലത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് […]

Update: 2022-05-06 20:07 GMT

കുടുംബശ്രീ അടുക്കളകളിലെ പലഹാരങ്ങള്‍ മുതല്‍ പെട്ടിക്കടകളിലെ ഉത്പന്നങ്ങളില്‍ വരെ ഓണ്‍ലൈന്‍ വില്‍പന നടത്തി ആധിപത്യം സ്ഥാപിച്ച ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമടക്കമുള്ള ഇ-കൊമേഴ്സ് വമ്പന്മാര്‍ക്ക് മൂക്കുകയറിടാനുള്ള സര്‍ക്കാര്‍ നീക്കം വൈകാതെ പൂര്‍ത്തിയാകും. വമ്പന്‍ വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വില്‍പനയില്‍ ആമസോണ്‍ പോലുള്ള കമ്പനികള്‍ മുന്‍ഗണന നല്‍കിയപ്പോള്‍ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് തഴയപ്പെട്ടത്. ഇന്‍ഫോസിസ് സ്ഥാപകനായ നന്ദന്‍ നിലേകനി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി തയാറാക്കിയ ഉപദേശക സമിതിയുടെ പിന്‍ബലത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പക്ഷപാതത്തിന് വൈകാതെ കടിഞ്ഞാണിടും.

മാത്രമല്ല ഇ-കൊമേഴ്സ് രംഗത്ത് സ്ഥാനം കിട്ടാതെ പോയ ഒട്ടേറെ ചെറുകിട വ്യാപാരികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്കായി ഇനി മുതല്‍ 'ഇന്റര്‍നെറ്റില്‍' നിന്നും ഉപഭോക്താക്കളെ ലഭിക്കും. സ്റ്റോറില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യുന്ന രീതി വരുംനാളുകളില്‍ ഘട്ടം ഘട്ടമായി കുറയാമെന്നിരിക്കേ, കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സാധാരണക്കാരായ വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വില്‍പന സൗകര്യം ഒരുക്കും. ടാറ്റാ 'നിയു' ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സൂപ്പര്‍ ആപ്പുകള്‍ കൂടി ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് സജീവമാകുന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ പണം വിദേശത്തേക്ക് ഒഴുകുന്ന പ്രവണത കുറയുമെന്നതും ഇതിന്റെ അധിക നേട്ടമാണ്.

ജര്‍മ്മനിയിലെ മാര്‍ക്കറ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ ഡാറ്റാ റിസര്‍ച്ച് കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ 2021ലെ കണക്കുകള്‍ പ്രകാരം ആഗോള ഇ-കൊമേഴ്‌സ് മാര്‍ക്കറ്റില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. 2021ല്‍ മാത്രം 63 ബില്യണ്‍ യുഎസ് ഡോളറാണ് രാജ്യത്തെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ച വരുമാനം. ആഗോള ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിന്റെ വളര്‍ച്ചയുടെ 26 ശതമാനം സംഭാവനയും ഇന്ത്യയുടേതാണ്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നീ കമ്പനികളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ആദ്യ മൂന്നു സ്ഥാനത്തുള്ളത്.

ഒഎന്‍ഡിസി വരുമ്പോള്‍

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗം കയ്യടക്കിയിരിക്കുന്ന വിദേശ കോര്‍പ്പറേറ്റുകളെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് അഥവാ ഒഎന്‍ഡിസി. രാജ്യത്തെ മൂന്ന് കോടി വില്‍പനക്കാരെയും (ഓണ്‍ലൈനായി സാധനങ്ങള്‍ ആമസോണ്‍ അടക്കമുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നവര്‍) ഒരു കോടി വ്യാപാരികളേയും പദ്ധതി വഴി ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് എത്തിക്കാനാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ചെറുകിട വ്യാപാരികള്‍, ഗ്രാമീണ ഉപഭോക്താക്കള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഒഎന്‍ഡിസി എന്നാല്‍ എന്താണെന്നും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിതറിക്കിടക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ഒരു പൊതു ശൃംഖലയുടെ ഭാഗമാക്കാനുള്ള ശ്രമമാണിത്. ഉദാഹരണമായി, ഏത് പേയ്മെന്റ് ആപ്പുകള്‍ ആണെങ്കിലും യുപിഐ പേയ്മെന്റിലൂടെ പണിമടപാട് നടത്തുന്നതിന് തുല്യമായ പ്രവര്‍ത്തന രീതിയാണിത്. അതായത് ഏത് പ്ലാറ്റ്ഫോമില്‍ നിന്നും പര്‍ച്ചേസ് നടത്തിയാലും ഉത്പന്നങ്ങള്‍ വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും (സെല്ലേഴ്സ്) നേരിട്ട് ബന്ധിപ്പിക്കുന്ന കണ്ണിയായി ഒഎന്‍ഡിസി പ്രവര്‍ത്തിക്കും.

ഇതോടെ വലിയ തുക കമ്മീഷനായി വാങ്ങുന്ന ഇടനിലക്കാര്‍ ഉണ്ടാകില്ല. മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ചില പ്രത്യേക സെല്ലേഴ്സിന് മാത്രം മുന്‍ഗണന നല്‍കുന്നുവെന്ന പ്രശ്നവും അവസാനിക്കും. ഉത്പന്നത്തിന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ അവ വില്‍ക്കുന്ന സെല്ലേഴ്സിനെ ഉപഭോക്താവിന് കാണാന്‍ സാധിക്കുകയും എവിടെ നിന്നും ഉത്പന്നം പര്‍ച്ചേസ് ചെയ്യണമെന്ന് തീരുമാനിക്കാനും കഴിയും.

വ്യാപാര രംഗത്ത് എല്ലാ തട്ടിലുമുള്ള സെല്ലേഴ്സിനും അവസരം കൊടുത്ത് സുതാര്യത ഉറപ്പാക്കുന്നുവെന്ന് ചുരുക്കം. ഒഎന്‍ഡിസിയ്ക്കായി പ്രത്യേക ആപ്പ് ഉണ്ടാകില്ല. പകരം അതാത് പ്ലാറ്റ്ഫോമുകളിലാണ് ഇവ സജ്ജീകരിക്കുക. പ്ലാറ്റ്ഫോമില്‍ ഉത്പന്നം സെര്‍ച്ച് ചെയ്യുമ്പോള്‍ ഒഎന്‍ഡിസി മാനദണ്ഡപ്രകാരമുള്ള സെല്ലര്‍ സേവനങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെടും എന്നര്‍ത്ഥം. ഡെല്‍ഹി, ബെംഗളൂരു ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ പദ്ധതി ഉടന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

'ഓഫര്‍' പരിചയുമായി ആമസോണ്‍

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഒന്നാമനായ ആമസോണിന് ഇന്ത്യന്‍ മാര്‍ക്കറ്റ് ഒരു സ്വര്‍ഗം തന്നെയാണ്. സര്‍ക്കാര്‍ നീക്കങ്ങള്‍ കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്ന ഭയം വന്നതോടെ എംഎസ്എംഇകളെ ലക്ഷ്യമിട്ട് ഓഫറിന്റെ പെരുമഴ സൃഷ്ടിക്കുകയാണ് കമ്പനി. 2025 ആകുമ്പോള്‍ രാജ്യത്ത് നിന്നുള്ള എംഎസ്എംഇ ഉത്പന്നങ്ങളുടെ കയറ്റുമതി 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ആമസോണ്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. റീട്ടെയില്‍ വ്യാപാരത്തിലേക്ക് ചെറുകിടക്കാരെ കൂടുതലായി ഉള്‍പ്പെടുത്തി രാജ്യത്ത് വ്യാപ്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

ഒഎന്‍ഡിസി പോലുള്ള സേവനം വരുമ്പോള്‍ സെല്ലേഴ്സില്‍ നിന്നും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകുമെന്ന് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും പോലുള്ള കമ്പനികള്‍ ഭയക്കുന്നു. മിക്ക സെല്ലര്‍ കമ്പനികളെയും ചെറു ബ്രാന്‍ഡുകളേയും മോഹവില നല്‍കിയാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ രാജ്യത്ത് വേരുറപ്പിച്ചത്. എന്നാല്‍ ഇന്ത്യയുടെ ആന്റി ട്രസ്റ്റ് ബോഡി ആമസോണിന്റെയും ഫ്ളിപ്പ്കാര്‍ട്ടിന്റെയും സ്ഥാപനങ്ങളില്‍ അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഎന്‍ഡിസി വേഗം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കങ്ങളും നടക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ആപ്പുകള്‍ കൂടി ഇ-കൊഴേസ് മേഖലയില്‍ ചുവടുറപ്പിക്കുന്നതോടെ പണം വിദേശ കോര്‍പ്പറേറ്റുകളിലേക്ക് ഒഴുകുന്നത് നിലയ്ക്കും. ടാറ്റാ അടുത്തിടെ നിയു ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ആപ്പുകളടക്കം ഇ-കൊമേഴ്‌സ് സെഗ്മെന്റും തങ്ങളുടെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ഇത്തരത്തില്‍ വ്യാപാര മേഖലയെ വിദേശ കോര്‍പ്പറേറ്റുകളില്‍ നിന്നും ഇന്ത്യന്‍ സൂപ്പര്‍ ആപ്പുകള്‍ തിരിച്ച് പിടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News