ആഗോള വ്യാവസായിക വളര്‍ച്ചയെ നയിക്കുന്നത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്
ആഗോള ഉല്‍പ്പാദനരംഗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ മുന്നേറ്റം
ആഗോള ഉല്‍പ്പാദനരംഗത്ത് മുന്നേറി ഏഷ്യന്‍ രാജ്യങ്ങള്‍. വ്യാവസായിക മേഖലയുടെ ശക്തി പ്രകടനത്തെ നയിച്ച് ഇന്ത്യ.
ആഗോള വ്യാവസായിക വളര്‍ച്ചയുടെ എഞ്ചിനായി ഇന്ത്യ സ്ഥാനം ഉറപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ആഗോള രാജ്യങ്ങളുടെ വ്യവസായിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒക്ടബോറില്‍ ഇന്ത്യയുടെ ഉല്‍പ്പാദന പിഎംഐ സെപ്റ്റംബറിലെ 57.7 ല്‍ നിന്ന് 59.2 ആയി ഉയര്‍ന്നു. ഇന്ത്യയ്ക്കൊപ്പം തായ്ലന്‍ഡും വിയറ്റ്നാമുമാണ് ഉല്‍പ്പാദന രംഗത്ത് തിളങ്ങിയത്. തായ്‌ലന്‍ഡിന്റെ പിഎംഐ 56.6 ആയി ഉയര്‍ന്നു, അതേസമയം വിയറ്റ്നാമിന്റേത് 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 54.5 ല്‍ എത്തി.
ഉത്സവ സീസണിലെ ഡിമാന്‍ഡ്, ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയാണ് രാജ്യത്തിന് കരുത്ത് പകര്‍ന്നത്. ഇത് ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വ്യാവസായിക മേഖലയുടെ ശക്തി കാണിക്കുന്നതാണ്. ഭാവി വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് സ്ഥിരമായ ഡിമാന്‍ഡും പരിഷ്‌കാരങ്ങളും രാജ്യത്തെ കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ബിസിനസ്സ് ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണെന്നും സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കി.
കയറ്റുമതി ആവശ്യകത ദുര്‍ബലമായതിനാല്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ പിന്നിലായി. ആഗോളതലത്തില്‍, യുഎസിലെയും യൂറോപ്പിലെയും ഉല്‍പ്പാദനം സ്ഥിരത കൈവരിച്ചെങ്കിലും ദുര്‍ബലമായി തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
