ഇന്ത്യ-ന്യൂസിലാന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ചകള്‍ വിജയകരമെന്ന് ഗോയല്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ച പങ്കാളിത്തം ഉറപ്പാക്കും

Update: 2025-11-05 12:43 GMT

ഇന്ത്യയും ന്യസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ വിജയകരമെന്ന് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍.

ഇന്ത്യയും ന്യസിലന്‍ഡും തമ്മിലുള്ള നാലാം റൗണ്ട് ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ചരക്ക്- സേവനം, ഉത്ഭവ നിയമങ്ങളില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്. കരാര്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്നാണ് ന്യൂസിലന്‍ഡിലെത്തിയ പീയുഷ് ഗോയല്‍ പറഞ്ഞത്.

ന്യൂസിലന്‍ഡ് മന്ത്രി ടോഡ് മക്ലേയുമായാണ് അദ്ദേഹം കൂടികാഴ്ച നടത്തിയത്. വ്യോമയാന സഹകരണത്തിലെ പുരോഗതിയും ഇരുവരും എടുത്ത് പറഞ്ഞു. 2028 ഓടെ എയര്‍ ഇന്ത്യയും എയര്‍ ന്യൂസിലാന്‍ഡും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. കൃഷി, സമുദ്ര സഹകരണം, എയ്‌റോസ്‌പേസ്, പ്രതിരോധം മേഖലകളിലെ സഹകരണം ശക്തമാക്കുമെന്നും ഇരുവരും പറഞ്ഞു.

വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, മരുന്നുകള്‍, ശുദ്ധീകരിച്ച പെട്രോള്‍, ട്രാക്ടറുകള്‍, ജലസേചന ഉപകരണങ്ങള്‍ , ഓട്ടോമൊബൈലുകള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ചെമ്മീന്‍, വജ്രങ്ങള്‍, ബസുമതി അരി എന്നിവയാണ് ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് കയറ്റി അയക്കുന്നത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍, ആപ്പിള്‍, കിവിഫ്രൂട്ട്, മാംസ ഉല്‍പ്പന്നങ്ങള്‍, പാല്‍ ആല്‍ബുമിന്‍, കമ്പിളി, സ്‌ക്രാപ്പ് ലോഹങ്ങള്‍ എന്നിവ ന്യൂസിലന്റ് ഇന്ത്യയ്ക്ക് വില്‍ക്കുന്നു. 

Tags:    

Similar News