മൊത്തവില സൂചിക വീണ്ടും താഴേക്ക്
പുതിയ ഡാറ്റ സ്റ്റോക്ക് മാര്‍ക്കറ്റിനെയും കടപ്പത്ര വിപണിയെയും സ്വാധീനിച്ചേക്കാം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസമേകി ഒക്ടോബറില്‍, മൊത്തവില സൂചിക വീണ്ടും താഴേക്ക്. പുതിയ ഡാറ്റ സ്റ്റോക്ക് മാര്‍ക്കറ്റിനെയും കടപ്പത്ര വിപണിയെയും സ്വാധീനിക്കുമെന്ന് വിലയിരുത്തല്‍.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 0.13% എന്ന നിലയില്‍ നിന്ന് കുത്തനെ കുറഞ്ഞ് -1.21% എന്ന നെഗറ്റീവ് നിലയിലേക്ക് എത്തി.ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വലിയ കുറവാണ് ഇതിന് കാരണം. ഭക്ഷ്യവസ്തുക്കള്‍ വിലയില്‍ 8.31% കുറവുണ്ടായി. സവാള: 65.43% വിലയിടിവ് രേഖപ്പെടുത്തിയപ്പോള്‍ ഉരുളക്കിഴങ്ങ്: 39.88%, പയര്‍വര്‍ഗ്ഗങ്ങള്‍: 16.50% വും ഇടിഞ്ഞു. ജിഎസ്ടി പരിഷ്‌കരണവും ഈ നേട്ടത്തിന് പിന്നിലുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചത് വില കുറയ്ക്കാന്‍ സഹായിച്ചു. ചില്ലറവില സൂചികയും താഴ്ചയിലാണ്. അതിനാല്‍ റിസര്‍വ് ബാങ്ക് അടുത്ത ധനനയ യോഗത്തില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് വിപണി പ്രതീക്ഷ. ഡിസംബര്‍ 3 മുതല്‍ 5 വരെയാണ് അടുത്ത ധനനയ യോഗം.
പണപ്പെരുപ്പം കുറയുകയും പലിശ നിരക്ക് കുറയാനുള്ള സാധ്യതയുമുണ്ടാകുമ്പോള്‍ ഓഹരി വിപണിയില്‍ പൊതുവെ ഒരു പോസിറ്റീവ് വികാരമാണ് കാണാറ്. കാരണം ഉല്‍പ്പന്നങ്ങളുടെ മൊത്തവില കുറയുന്നത് അസംസ്‌കൃത വസ്തുക്കളുടെ വില കുറയ്ക്കാന്‍ സഹായിക്കും. ഇത് കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറച്ച് ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.നിര്‍മ്മാണം , സിമന്റ്, മെറ്റല്‍സ് മേഖലകളിലെ ഓഹരികളില്‍ ഇതിന്റെ സ്വാധീനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
