പ്രചാരണച്ചൂടിനു പുറമേ ഉഷ്ണതരംഗങ്ങളും; മുന്‍കരുതലിന് നിര്‍ദ്ദേശം

  • ഉഷ്ണതരംഗങ്ങള്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക്
  • പ്രായമായവരും കുട്ടികളും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
  • ചൂടുകാലത്തിനുശേഷം പ്രതീക്ഷിക്കുന്നത് പതിവില്‍ക്കവിഞ്ഞ മഴ

Update: 2024-04-02 06:14 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് കാലാവസ്ഥ കൂടുതല്‍ തീഷ്ണമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കനത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാല്‍ വോട്ടെടുപ്പിനോടടുക്കുന്ന ദിവസങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗം മൂലം ഏത് സാഹചര്യവും നേരിടാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.

മധ്യ ഇന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും സാധാരണ താപനിലയില്‍ കൂടുതലായ താപനില നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പാവപ്പെട്ടവരായിരിക്കും ഉഷ്ണ തരംഗത്തിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരിക.

ഉഷ്ണതരംഗങ്ങളില്‍ ക്രമാതീതമായി ഉയരുന്ന താപനില പ്രത്യേകിച്ച് പ്രായമായവര്‍, കുട്ടികള്‍, മുന്‍കാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയ ദുര്‍ബലരായ ആളുകള്‍ക്ക് കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. പവര്‍ ഗ്രിഡുകള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രതിസന്ധി ഇടയാക്കാവുന്ന കടുത്ത ചൂട് നീണ്ടുനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ഐഎംഡി ആവശ്യപ്പെട്ടു. ''ഈ വെല്ലുവിളികളെ നേരിടാന്‍, അധികാരികള്‍ സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്,'' ഐഎംഡി പറഞ്ഞു.

ഈ കാലാവസ്ഥയെ മറികടക്കുന്നതിനായി വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നടപടികളും ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച് പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ വര്‍ഷം രാജ്യത്ത് അതിരൂക്ഷമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു, എല്ലാ പങ്കാളികളും മുന്‍കൂട്ടി തയ്യാറെടുക്കേണ്ടത് നിര്‍ണായകമാണ്.

'വരാനിരിക്കുന്ന രണ്ടര മാസത്തിനുള്ളില്‍ ഞങ്ങള്‍ തീവ്രമായ കാലാവസ്ഥ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം ഒരു ബില്യണ്‍ ആളുകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടൊപ്പമാണ് ഇത്,' കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കടുത്ത ചൂടുണ്ടാകുമെന്ന പ്രവചനത്തിനിടയില്‍ ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതായും റിജിജു പറഞ്ഞു.

അതോടൊപ്പം കനത്ത ചൂടുകാലം കഴിഞ്ഞെത്തുന്ന മണ്‍സൂണും വിനാശം വിതച്ചേക്കാം. കാരണം സാധാരണയില്‍ക്കവിഞ്ഞ മഴയാണ് ഇത്തവണ പ്രചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കാലാവസ്ഥ വീണ്ടും രൗദ്രഭാവം പുറത്തെടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള മാറ്റങ്ങള്‍ നാം നേരിട്ട് അറിയും. ഇത് കൃഷിയെ താറുമാറാക്കാനും സാധ്യതയേറെയാണ്.

Tags:    

Similar News