വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 81 ശതമാനം

ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും

Update: 2024-04-22 06:51 GMT

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു.

ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും.

പോലീസ്, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച വിവരം സ്ഥാനാർത്ഥികളെയോ, സ്ഥാനാർത്ഥികളുടെ പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത മെറ്റൽ ബോക്സുകളിൽ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ രഹസ്യ സ്വഭാവം പൂർണമായി നിലനിർത്തിക്കൊണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തിവരുന്നത്.

വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എൻ.ഐ.സി തയ്യാറാക്കിയിട്ടുള്ള അവകാശം പോർട്ടലിലൂടെ അപ്പപ്പോൾ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും. 


Tags:    

Similar News