റെഗുലേറ്ററി കാര്യങ്ങളില്‍ ഉപദേശക സമിതിയുമായി പേടിഎം

    Update: 2024-02-10 06:00 GMT

    പ്രതിസന്ധി നേരിടുന്ന ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ പേടിഎം റെഗുലേറ്ററി കാര്യങ്ങള്‍ക്കായി ഉപദേശക സമിതി രൂപീകരിക്കുന്നു. മുന്‍ സെബി ചെയര്‍മാന്‍ എം ദാമോദരന്റെ നേതൃത്വത്തിലാകും സമിതിയെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു.

    ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്, നിയന്ത്രണ കാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്മ്മിറ്റി കമ്പനിയെ ഉപദേശിക്കും. ദാമോദരന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുന്‍ പ്രസിഡന്റ് എം എം ചിത്താലെ, ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

    'ഗ്രൂപ്പ് ഉപദേശക സമിതി ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ കമ്മിറ്റി അധിക അംഗങ്ങളെ ഉള്‍പ്പെടുത്തും,' ഫയലിംഗില്‍ പറയുന്നു.

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാമനിര്‍ദ്ദേശം ചെയ്ത ബാങ്കിംഗ് കോഡുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡിന്റെയും ഗവേണിംഗ് കൗണ്‍സില്‍ അംഗമായും ചിത്താലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ദാമോദരന്‍ കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉന്നതാധികാര സമിതികളുടെ അധ്യക്ഷനായിരുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്റെ (ഐഒഎസ്സിഒ) ഇഎംസി ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    പ്രധാനമായും പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മയുടെ ഉടമസ്ഥതയിലുള്ള പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് ആര്‍ബിഐയുടെ നിരീക്ഷണത്തിന് വിധേയമായ സമയത്താണ് സമിതിയുടെ രൂപീകരണം.

    ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നത് നിര്‍ത്താന്‍ ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേയ്മെന്റ് ബാങ്കിനോട് നിര്‍ദ്ദേശിച്ചു. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനം തുടര്‍ച്ചയായി പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആര്‍ബിഐ അറിയിച്ചു.

    Tags:    

    Similar News