ഇന്ത്യന്‍ കയറ്റുമതിയിലെ വില്ലനാകുമോ കാര്‍ബണ്‍ നികുതി

  • സിബിഎഎമില്‍ രാജ്യത്തെ വിവിധ ബിസിനസുകാര്‍ക്ക് ആശങ്ക
  • 35 ശതമാനം വരെ കാര്‍ബണ്‍ നികുതി ചുമത്തിയേക്കും
  • ഇന്ത്യയുടെ പ്രധാന കയറ്റുമതിക്കാരാണ് യൂറോപ്യന്‍ യൂണിയന്‍

Update: 2024-02-23 12:26 GMT

യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് കാര്‍ബണ്‍ നികുതി വിഷയം കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. യൂറോപ്യന്‍ യൂണിയനില്‍ നടപ്പിലാക്കിയ കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (സിബിഎം) 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ബണ്‍ നികുതി ഇറക്കുമതിക്കുമേല്‍ ചുമത്തുന്ന തീരുവയാണ്. സ്റ്റീല്‍, സിമന്റ്, വളം, അലുമിനിയം, ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുതലുള്ള ഏഴ് മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഈ നികുതിയില്‍ ബാധകമാകും. 27 രാജ്യങ്ങളുടെ കൂട്ടായ്മയായില്‍ കാര്‍ബണ്‍ നികുതി വിഷയം ഗൗരവകരമായി ഇന്ത്യ അഭിസംബോധന ചെയ്യാനാണ് നീക്കം.

താരിഫ് ഇതര തടസ്സങ്ങളും കാര്‍ബണ്‍ നികുതി പോലുള്ള ഏകപക്ഷീയ നടപടികളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയങ്ങളാണ്. അതേസമയം അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ പ്രതികരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കം ഇന്ത്യക്ക് നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഈ വിഷയത്തില്‍ മികച്ച തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആര്‍ഐ) റിപ്പോര്‍ട്ട് അനുസരിച്ച്, 2026 ജനുവരി ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തിരഞ്ഞെടുത്ത ഇറക്കുമതികള്‍ക്ക് 20 മുതല്‍ 35 ശതമാനം കാര്‍ബണ്‍ നികുതി ചുമത്താനാണ് തീരുമാനം. രാജ്യത്തിന്റെ ഇരുമ്പയിര് പെറ്റല്‍സ്, ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ എന്നീ വിഭാഗങ്ങളുടെ കയറ്റുമതിയുടെ 26.6 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. ഈ വിഭാഗങ്ങളില്‍ നിന്ന് 2023ല്‍ 7.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.

കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം

കാര്‍ബണ്‍ തീവ്രത കുറക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയ നിയമ നിര്‍മ്മാണമാണ് കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം. ഇയു രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, സിമന്റ്, വൈദ്യുതി തുടങ്ങിയ കാര്‍ബണ്‍ തീവ്രമായ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന ഒരുതരം ഇറക്കുമതി തീരുവയാണ് കാര്‍ബണ്‍ താരിഫ്. 450 വോട്ടുകള്‍ക്കാണ് ഇത് യൂറോപ്യന്‍ യൂണിയനില്‍ പാസ്സായത്. 2023 മേയ് 17 ല്‍ നിയമം പ്രാബല്യത്തില്‍വന്നു. 2026 മുതലാണ് നടപ്പിലാക്കി തുടങ്ങുക.

Tags:    

Similar News