ഡീപ് ഫേക്കിനെ നേരിടാന്‍ കരട് ചട്ടം രണ്ടാഴ്ചയ്ക്കുള്ളില്‍

  • ഡീപ് ഫേക്ക് ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്ര ഐടി മന്ത്രി
  • നാല് തലങ്ങളിലുള്ള കര്‍മ പദ്ധതിക്കാണ് രൂപം നല്‍കുന്നത്
  • കരട് ചട്ടങ്ങള്‍ പുറത്തിറക്കും മുമ്പ് ഡിസംബറില്‍ ഒരു യോഗം കൂടി നടക്കും

Update: 2023-11-23 09:38 GMT

ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഡിയോകളും ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം തയാറെടുക്കുന്നു. ഇതിനു മുന്നോടിയായി ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിന് ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ചകള്‍ക്ക് തുടക്കമായി. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികൾ, പ്രമുഖമായ എഐ കമ്പനികൾ, എഐ സാങ്കേതിക മേഖലയിലെ പ്രധാനപ്പെട്ട പ്രൊഫസർമാർ എന്നിവര്‍ പങ്കെടുത്തു. 

ഡീഫ് ഫേക്കിനെ നേരിടുന്നതിന് നാലു തലങ്ങളിലുള്ള കര്‍മ പദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡീപ് ഫേക്ക് ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് കണ്ടെത്തൽ, അവയുടെ വ്യാപനം തടയൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, പൊതു അവബോധം വളർത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങളുടെ കരടിന് അന്തിമരൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഡീപ്ഫേക്ക് ജനാധിപത്യത്തിന് എതിര്

ഡീപ് ഫേക്ക് ഉള്ളടക്കങ്ങള്‍ ഭയാനകമായ അളവില്‍ വർധിക്കുന്നതിനെ ചെറുക്കുന്നതിന് ഫലപ്രദമായ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുക എന്നതായിരുന്നു യോഗത്തിന്‍റെ പ്രാഥമിക ലക്ഷ്യം. കൃത്യമായ പരിശോധനകളില്ലാതെ സോഷ്യൽ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്ന ആഴത്തിലുള്ള വ്യാജ ഉള്ളടക്കങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും സമൂഹത്തിൽ വിശ്വാസം വളർത്താനും ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

" ഞങ്ങൾ ഗുണപരമായ ഒരു ചര്‍ച്ച നടത്തി. അടുത്ത 10 ദിവസത്തിനുള്ളിൽ, നാല് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തവും പ്രവർത്തനക്ഷമവുമായ ഒരു പദ്ധതി അവതരിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു," മന്ത്രി പ്രഖ്യാപിച്ചു. കരട് ചട്ടങ്ങളില്‍ ഉൾപ്പെടുത്തേണ്ട നിർദ്ദിഷ്ട വ്യവസ്ഥകള്‍ ചർച്ച ചെയ്യുന്നതിനും പരിഷ്‍കരിക്കുന്നതിനുമായി ഡിസംബർ ആദ്യവാരം മറ്റൊരു യോഗം വിളിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും

അടുത്തിടെ ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഒരു ഡീപ്ഫേക്ക് വ്യാജ വീഡിയോ ഉയർന്നുവന്നതോടെയാണ് ഇതിന്‍റെ അപകട സാധ്യതകള്‍ കൂടുതല്‍ ചര്‍ച്ചയായത്. പ്രതികരണമായി, അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളും ഈ വ്യാപകമായ സാങ്കേതികവിദ്യയെ ചെറുക്കാൻ നിയമപരമായ പരിഹാരങ്ങൾ ആവശ്യപ്പെട്ടു. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തെ അഭിസംബോധന ചെയ്യുകയും ഇതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഗര്‍ബ നൃത്തം കളിക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് വിഡിയോ അതിനിടെ പുറത്തുവന്നിരുന്നു.

ഡീപ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വിഡിയോ കോള്‍ നടത്തി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായും അപകീര്‍ത്തിപ്പെടുത്തുന്നതാായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 

Tags:    

Similar News