ആര്‍ബിഐ പണനയ സമിതി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്ക് 25 ബിപിഎസ് വര്‍ധിപ്പിച്ചേക്കും: റിപ്പോര്‍ട്ട്

  • 6.50 % ആണ് നിലവിലെ റിപ്പോ നിരക്ക്.

Update: 2023-04-03 03:04 GMT

ഡെല്‍ഹി: ആര്‍ബിഐയുടെ പണനയ സമിതി യോഗം ഇന്ന് മുതല്‍ തുടങ്ങുമെന്നിരിക്കേ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് പിടിച്ചു നിറുത്തുന്നതിനായി ആര്‍ബിഐയ്ക്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുവാന്‍ സമ്മര്‍ദ്ദമേറുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ മാസം 3,5,6 തീയതികളിലാണ് പണനയ സമിതി മീറ്റിംഗ് നടക്കുന്നത്. ആറിന് റിപ്പോ നിരക്ക് സംബന്ധിച്ച തീരുമാനം സമിതി പ്രഖ്യാപിക്കും. പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയസമിതി മീറ്റിംഗാണിത്.

ഫെബ്രുവരിയിലും രാജ്യത്തെ വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.16 ശതമാനമായി തുടര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനുവരി മാസത്തിലും സമാന നിരക്കിലായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.04 ശതമാനമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യ പണപ്പെരുപ്പം, ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത 5.69 ശതമാനത്തില്‍ നിന്നും 6.13 ശതമാനമായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 5.09 ശതമാനമായിരുന്നു.

രാജ്യത്തെ 88 വ്യാവസായികമായി കേന്ദ്രങ്ങളിലുള്ള 317 വിപണികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗമായ ലേബര്‍ ബ്യൂറോ, വ്യാവസായിക തൊഴിലാളികളുടെ സിപിഐ കണക്കാക്കുന്നത്.

Tags:    

Similar News