ആഗോള നിക്ഷേപക സംഗമം: റോഡ്‌ഷോയുമായി തമിഴ്‌നാട്

  • അടുത്തവര്‍ഷം ജനുവരി 7-8 തീയതികളിലാണ് നിക്ഷേപക സംഗമം
  • ഒരുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പ്

Update: 2023-09-23 10:13 GMT

ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി ഡെല്‍ഹിയില്‍ റോഡ്‌ഷോയുമായി തമിഴ്‌നാട്. നിക്ഷേപക സംഗമത്തെക്കുറിച്ച് വ്യാവസായിക മേഖലയിലെ ഓഹരി ഉടമകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി ആണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. അടുത്തവര്‍ഷം ജനുവരിയില്‍ 7-8 തിയതികളില്‍ ചെന്നൈയിലാണ് സംഗമം. 2030ഓടെ ഒരുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ ആകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

'ഏറ്റവും വൈദഗ്ധ്യമുള്ള തൊഴിലാളികള്‍,മികച്ച നയ ചട്ടക്കൂട്, സ്ഥിരതയാര്‍ന്ന പോര്‍ട്ട്‌ഫോളിയോ എന്നിവയുള്ള മികച്ച വ്യാവസായിക അന്തരീക്ഷം തമിഴ്‌നാടിനുണ്ട്. താല്‍പ്പര്യമുള്ള ഏതൊരു നിക്ഷേപകനും ആദ്യം എത്താവുന്ന സ്ഥലമാണ് സംസ്ഥാനം', റോഡ്‌ഷോയെ അഭിസംബോധന ചെയ്ത് സംസ്ഥാന വ്യവസായ മന്ത്രി ടി ആര്‍ ബി രാജ പറഞ്ഞു. മറ്റ് നഗരങ്ങളിലും സമാനമായ റോഡ് ഷോകള്‍ ഉണ്ടാകും.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന മൂലധന-ഇന്റന്‍സീവ് നിക്ഷേപ പദ്ധതികളും തൊഴില്‍പദ്ധതികളും ആകര്‍ഷിക്കുന്ന ബഹുമുഖ സമീപനമാണ് തമിഴ്നാട് സ്വീകരിക്കുന്നത്. സംസ്ഥാനത്തേക്ക് നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ആകര്‍ഷിക്കുന്നതിനായി ഈ വര്‍ഷം ആദ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജപ്പാനിലും സിംഗപ്പൂരിലും യുഎഇയിലും സമാനമായ റോഡ് ഷോകള്‍ നടത്തിയിരുന്നു.

മിത്സുബിഷി ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ കസുഹിക്കോ തമുറ, സിഐഐ തമിഴ്‌നാട് സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും എബിടി ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശങ്കര്‍ വാനവരയാര്‍ എന്നിവരുള്‍പ്പെടെ ആഭ്യന്തര-വിദേശ മേഖലകളിലെ പ്രമുഖ വ്യവസായ പങ്കാളികള്‍ ഡല്‍ഹി പരിപാടിയില്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന അനുകൂല നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഭാവി സാധ്യതകളെക്കുറിച്ചും അവര്‍ ഉള്‍ക്കാഴ്ചകള്‍ പങ്കുവച്ചു.

ആഗോള നിക്ഷേപക സംഗമം 2024 സംഘടിപ്പിക്കുന്നത് ആഗോള, ആഭ്യന്തര നിക്ഷേപകര്‍ക്ക് വിവിധ മേഖലകളിലെ അവസരങ്ങള്‍ പരിശോധിക്കാനും പര്യവേക്ഷണം ചെയ്യാനും ഒരു പൊതു പ്ലാറ്റ്‌ഫോം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.

Tags:    

Similar News