ക്രൂഡ് വില കുതിച്ചുയരുമ്പോഴും മാറ്റമില്ലാതെ രൂപയുടെ നില

  • വിദേശ ഫണ്ടുകളുടെ വരവ് രൂപയെ ശക്തിപ്പെടുത്തി
  • ബ്രെന്റ് ക്രൂഡ് ബാരലിന് 0.52 ശതമാനം ഉയര്‍ന്ന് 77.1 ഡോളർ
  • ഇന്നലെ വിദേശ ഫണ്ടുകള്‍ 3,570.07 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി

Update: 2023-12-15 05:41 GMT

ക്രൂഡ് ഓയില്‍ വില ഉയരുന്നതിനിടയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 15) വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ നില മാറ്റമില്ലാതെ തുടര്‍ന്നു. രാവിലെ രൂപയുടെ മൂല്യം 83.30 എന്ന നിലയിലായിരുന്നു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ വരവും, വിദേശ വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതും രൂപയെ ശക്തിപ്പെടുത്തി. എന്നാല്‍ ക്രൂഡ് വിലയിലുണ്ടായ മുന്നേറ്റം രൂപയുടെ മുന്നേറ്റത്തെ തടസപ്പെടുത്തി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.30 എന്ന നിലയിലാണു വ്യാപാരം ആരംഭിച്ചത്.

രാവിലെ നടന്ന ഇടപാടുകളില്‍ 83.32, 83.29 എന്നിങ്ങനെയാണ് രൂപ നീങ്ങിയത്.

യുഎസ് ഡോളര്‍ സൂചിക 0.02 ശതമാനം കുറഞ്ഞ് 101.94 ആയി.

2024-ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനയെ തുടര്‍ന്ന് 10 വര്‍ഷത്തെ യുഎസ് ട്രഷറി യീല്‍ഡ് ഡിസംബര്‍ 14ന് 4 ശതമാനത്തിനും താഴെയായി.

2023 ഒക്ടോബറില്‍ യുഎസ് ട്രഷറി യീല്‍ഡ് 5 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 2007 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നില കൂടിയായിരുന്നു ഒക്ടോബറിലേത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.52 ശതമാനം ഉയര്‍ന്ന് 77.1 ഡോളറിലെത്തി.

പ്രധാന സൂചികകള്‍ ഉയര്‍ന്ന ഇന്‍ഡ്രാ-ഡേ നിലവാരത്തില്‍ എത്തിയതോടെ ആഭ്യന്തര ഓഹരി വിപണികളും തുടക്ക വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.

രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് 215.60 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 70,729.80 ലെത്തി. നിഫ്റ്റി 79.55 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 21,259.25 ലെത്തി.

3,570.07 കോടി രൂപയുടെ ഓഹരികള്‍ വിദേശി ഫണ്ടുകള്‍ (എഫ്‌ഐഐ) ഡിസംബര്‍ 14ന് വാങ്ങി.

Tags:    

Similar News