മഹാകുംഭമേള:തിക്കിലും തിരക്കിലും 15 മരണം

  • അമൃത് സ്‌നാനത്തിനായി എത്തിയത് ഏകദേശം 10 കോടി ഭക്തര്‍
  • പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നു
  • കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനായി കര്‍ശന നടപടികളുമായി അധികൃതര്‍

Update: 2025-01-29 06:47 GMT

മഹാകുംഭമേളയിലെ അതിവിശേഷമായ മൗനി അമാവാസി ദിനത്തില്‍ നടക്കുന്ന അമൃത് സ്‌നാനത്തിനിടെ പുലര്‍ച്ചെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൗനി അമാവാസിയോടനുബന്ധിച്ച് ഇന്ന് 100 ദശലക്ഷം തീര്‍ത്ഥാടകര്‍ സംഗമ ഘട്ടങ്ങളില്‍ ഒത്തുകൂടുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരക്കില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. സ്‌നാനത്തിനായി ജനങ്ങള്‍ മുന്നോട്ടുവന്നതോടെയാണ് അപകടമുണ്ടായത്. ഇതില്‍ ബാരിക്കേഡുകള്‍ തകരുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി സ്ഥിരീകരിച്ചു.

അപകടമുണ്ടായ സ്ഥലം ഒഴിവാക്കി സ്‌നാനം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിക്കുകയും സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി മോദി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയും ഇതുവരെ മൂന്ന് തവണ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു.

സാഹചര്യം കണക്കിലെടുത്ത് മൗനി അമാവാസിയായ അമൃത് സ്നാന്‍ വേണ്ടെന്ന് വയ്ക്കാന്‍ ദര്‍ശകര്‍ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു.

അപകടത്തില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവരെ സഹായിക്കാനും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാദവ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

തിരക്ക് അനിയന്ത്രിതമായതോടെ മറ്റിടങ്ങളില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. മൗനി അമാസിയിലെ അമൃത് സ്‌നാന്‍ മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 

Tags: