സൗദിയില്‍ ഇ-ഇന്‍വോയ്സ് രണ്ടാംഘട്ടം ജനുവരി മുതല്‍ പ്രാബല്യത്തില്‍

  • സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഇനി മന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്ന തരത്തിലാണ് പദ്ധതി

Update: 2022-12-07 13:06 GMT

സൗദി അറേബ്യയില്‍ നടപ്പാക്കിയ ഇലക്ട്രോണിക് ഇന്‍വോയ്സിന്റ രണ്ടാം ഘട്ടം വരുന്ന ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ഇതോടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലും സ്ഥാപനത്തിന്റെ വരവു ചിലവുകളും ടാക്സ് അതോറിറ്റിക്ക് നേരിട്ട് ലഭ്യമാകും.

നിലവില്‍ സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പേപ്പര്‍ ബില്ലുകള്‍ നിയമ വിരുദ്ധമാണ്. ഇ-ബില്ലുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്. ഇവ സകാത്ത് ടാക്സ്&കസ്റ്റംസ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക ഘട്ടമാണ് നിലവില്‍ വരുന്നത്. നികുതി വെട്ടിപ്പ് പോലുള്ള നിയമ ലംഘനങ്ങള്‍ തടയാന്‍ ഇതു വലിയ മുതല്‍കൂട്ടാകും. അതോറിറ്റിയുടെ 'ഫത്തൂറ' പ്ലാറ്റ്‌ഫോം വഴിയാണ് എല്ലാ ഇന്‍വോയ്‌സുകളും നോട്ടീസുകളും സ്ഥാപനങ്ങള്‍ അതോറിറ്റിക്ക് കൈമാറേണ്ടത്.

ഓരോ സ്ഥാപനത്തിനും'ഫത്തൂറ' പ്ലാറ്റ്‌ഫോമില്‍ പ്രത്യേകം അക്കൗണ്ടുകളുണ്ടാവും. ഇവ തീര്‍ത്തും സുരക്ഷിതമാണ്. ഷെയര്‍ ചെയ്യുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കും. മറ്റു സ്ഥാപനങ്ങള്‍ക്കൊന്നും ഇത് പരശോധിക്കാന്‍ അവസരമുണ്ടാവില്ല. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും. വാറ്റ് രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഇതോടുകൂടെ, എല്ലാ സ്ഥാപനങ്ങളും കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടിവരുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇല്ലെങ്കില്‍ പിഴയടക്കമുള്ള ശിക്ഷാ നടപടികളുണ്ടാകും. സ്ഥാപന ഉടമയുടെയും ഡയറക്ടര്‍മാരുടെയും പേരുവിവരങ്ങളും, ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പരും മെയില്‍ ഐഡിയും, വിശദമായ വിലാസം തുടങ്ങി സ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യേണ്ടി വരും.

Tags:    

Similar News