ഒരു മോശം അനുഭവം മതി; യുഎഇ ഉപഭോക്താക്കള്‍ ബ്രാന്‍ഡുകള്‍ക്ക് ഗുഡ്‌ബൈ പറയും

  • യുഎഇയിലെ 85 ശതമാനം ഉപഭോക്താക്കളും രണ്ട് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ബ്രാന്‍ഡുകളോട് വിശ്വസ്തത പുലര്‍ത്താത്തവര്‍
  • സര്‍വേയില്‍ പങ്കെടുത്തത് 13 രാജ്യങ്ങളിലെ 18,000 ഉപഭോക്താക്കള്‍
  • വന്‍തുക മുടക്കി ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ താത്പര്യമില്ലാത്ത യുഎഇ ഉപഭോക്താക്കള്‍

Update: 2024-05-09 10:53 GMT

യുഎഇ ഉപഭോക്താക്കള്‍ മോശം അനുഭവം ഉണ്ടായാല്‍ ഉടന്‍ ബ്രാന്‍ഡുകള്‍ മാറ്റും. ഒരു മോശം അനുഭവം മതി ബ്രാന്‍ഡുകള്‍ മാറാനെന്നാണ് ഡിജിറ്റല്‍ വര്‍ക്ക് ഫ്‌ളോ കമ്പനിയായ സര്‍വീസ് നൗവ് കണ്ടെത്തിയിരിക്കുന്നത്. യുഎഇയിലെ 85 ശതമാനം ഉപഭോക്താക്കളും രണ്ട് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ബ്രാന്‍ഡുകളോട് വിശ്വസ്തത പുലര്‍ത്താത്തവരാണ്. ആഗോള ശരാശരിയേക്കാള്‍ 11 ശതമാനം കൂടുതലാണിത്. 13 രാജ്യങ്ങളിലെ 18,000 ഉപഭോക്താക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ യുഎഇയില്‍ നിന്നുള്ള ആയിരം പേര്‍ ഉള്‍പ്പെടും.

യുഎഇ ഉപഭോക്താക്കള്‍ ഉപഭോക്തൃ സേവനത്തിന് അതിലും ഉയര്‍ന്ന പ്രീമിയം നല്‍കുന്നു. വന്‍തുക മുടക്കി ഉത്പന്നങ്ങള്‍ വാങ്ങുന്നതിലും യുഎഇ ഉപഭോക്താക്കള്‍ക്ക് താത്പര്യമില്ല. 40 ശതമാനം പേരും ബ്രാന്‍ഡുകളോട് വിശ്വസ്തത പുലര്‍ത്താറില്ല. വില കുറഞ്ഞ ഉത്പന്നങ്ങളോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം. 12 മാസം മുമ്പുള്ളതിനേക്കാള്‍ ഈ വര്‍ഷം കൂടുതല്‍ ചെലവഴിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും വ്യക്തമാക്കി.

പരിചയക്കാരുമായുള്ള ആശയവിനിമയത്തിലൂടെ ബ്രാന്‍ഡുകള്‍ കണ്ടെത്തുന്നവരാണ് യുഎഇ ഉപഭോക്താക്കളില്‍ അധികവും. ഏറ്റവും വില കുറഞ്ഞ ഉത്പന്നങ്ങള്‍ തേടി ഷോപ്പുകളില്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ബ്രാന്‍ഡില്‍ പോലും ചെറിയ ഒരു മോശം അനുഭവം ഉണ്ടായാല്‍ അവ ഉപേക്ഷിക്കുന്ന പ്രവണതയും കണ്ടുവരുന്നു. അസ്ഥിരതയാണ് യുഎഇ ഉപഭോക്താക്കളുടെ ഷോപ്പിങ്ങ് പ്രത്യേകത.

Tags:    

Similar News