നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഫയല്‍ ചെയ്തത് 6.85 കോടി ആദായ നികുതി റിട്ടേണ്‍

ഡിസംബര്‍ 31 ആകുന്നതോടെ ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ വര്‍ഷം ജൂലൈ 31 ആയിരുന്നു.

Update: 2022-11-17 04:52 GMT

income tax department tax return

ഡെല്‍ഹി: 2021-22 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം 6.85 കോടിയായി. ഡിസംബര്‍ 31 ആകുന്നതോടെ ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ വര്‍ഷം ജൂലൈ 31 ആയിരുന്നു.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പിഴയോടു കൂടി ഡിസംബര്‍ 31 നുള്ളില്‍ നികുതി സമര്‍പ്പിക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2021-22 അസെസ്മെന്റ് വര്‍ഷം) 7.14 കോടി ആദായ നികുതി റിട്ടേണാണ് സമര്‍പ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ രണ്ട് ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കി.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റ് മേഖലയില്‍ നിന്നും, വ്യക്തികളില്‍ നിന്നുമുള്ള നികുതി ശേഖരണം 31 ശതമാനം ഉയര്‍ന്ന് 10.54 ലക്ഷം കോടി രൂപയായതായി നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. റീഫണ്ടിനുശേഷം, ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 8.71 ലക്ഷം കോടി രൂപയാണ്.

ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 61.31 ശതമാനത്തോളം വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. 2021-22 വര്‍ഷത്തിലെ 14.10 ലക്ഷം കോടി രൂപയില്‍ നിന്നും 2023 സാമ്പത്തിക വര്‍ഷത്തില്‍ 14.20 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി പിരിച്ചെടുക്കുമെന്നാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ 1.83 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലുള്ളതിനേക്കാള്‍ 61 ശതമാനം കൂടുതലാണിത്. റീഫണ്ടുകള്‍ക്കു ശേഷമുള്ള അറ്റ പ്രത്യക്ഷ നികുതി പിരിവ് 8.71 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 25.71 ശതമാനം കൂടുതലാണ്.

Tags:    

Similar News